കല്‍പ്പറ്റ: കാടിറങ്ങിയ ജനവാസ കേന്ദ്രത്തില്‍ എത്തിയ കരടിയെ നാട്ടുകാര്‍ കളപ്പുരയില്‍ പൂട്ടി. വന്യജീവി സങ്കേതത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സുല്‍ത്താന്‍ ബത്തേരിയിലെ ചെട്ട്യാലത്തുര്‍ ഗ്രാമത്തിലാണ് കരടിയിറങ്ങിയത്. ജനവാസ കേന്ദ്രത്തില്‍ എത്തിയ കരടി ആളുകളെ അക്രമിക്കാന്‍ ശ്രമിച്ചങ്കിലും നാട്ടുകാര്‍ കളപ്പുരയിലിട്ട് പൂട്ടുകയായിരുന്നു.

കാപ്പിത്തോട്ടത്തിലെ കളപ്പുരയിലേക്ക് കയറിയ കരടിയെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് പൂട്ടിയിടുകയായിരുന്ന്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയെ വനത്തില്‍ വിടാനായി മയക്കുവെടിവച്ചു പിടികൂടി.

രാവിലെ വനത്തോട് ചേര്‍ന്ന് കിടക്കുന്ന തടയണയ്ക്കടുത്ത് തൊഴിലുറപ്പിനു പോയവരാണ് ആദ്യം കരടികളെ കണ്ടത്.
നാട്ടിലിറങ്ങിയ കരടികള്‍ തൊഴിലാളികളെ ഓടിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് കരടികള്‍ കാട്ടിലേക്ക് കയറുകയും ചെയ്തു.

എന്നാല്‍ ഒരു കരടി തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍ക്കു നേരെ ഓടി വരുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടെ സമീപത്തെ കാപ്പിത്തോട്ടത്തിലെ കളപ്പുരത്തേക്ക് കരടി ഓടിക്കയറി. കളപ്പുരയുടെ ഗേറ്റ് പുറത്തു നിന്ന് തൊഴിലാളികള്‍ പൂട്ടിയതോടെ കരടി കുടുങ്ങുകയായിരുന്നു.