ലണ്ടന്‍: പുതുവര്‍ഷത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിയും ഞെട്ടലില്‍. മുന്‍നിരക്കാരന്‍ റുമേലു ലുക്കാക്കു മാസങ്ങള്‍ക്ക്് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ചെല്‍സി ക്യാമ്പില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. ഇന്റര്‍ മിലാനിലേക്ക് മടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് ഈ അഭിമുഖത്തില്‍ ലുക്കാകു പറയുന്നത്. അവസാന സീസണില്‍ അദ്ദേഹം ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബിലായിരുന്നു. അവിടെ നിന്നാണ് തന്റെ പഴയ ക്ലബിലേക്ക് അദ്ദേഹം ഈ സീസണില്‍ എത്തിയത്. എന്നാല്‍ ലുക്കാക്കുവിന്റെ അഭിമുഖത്തില്‍ കാര്യമില്ലെന്നും വലിയ പ്രതികരണത്തിന് താനില്ലെന്നുമാണ് ചെല്‍സി മുഖ്യ പരിശീലകന്‍ തോമസ് തുഷേല്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുളള ഒരു ബഹളത്തിന് എനിക്ക് താല്‍പ്പര്യമില്ല. ഇപ്പോള്‍ അതിനുള്ള സമയവുമല്ല. മല്‍സരങ്ങളുടെ തിരക്കിലാണ് ടീമിപ്പോള്‍.
അതിനാല്‍ അനാവശ്യ സമ്മര്‍ദ്ദം ആരിലും അടിച്ചേല്‍പ്പിക്കാന്‍ പരിശീലകന്‍ എന്ന നിലയില്‍ ആഗ്രഹിക്കുന്നില്ല. ലുക്കാക്കു ഇവിടെ സന്തോഷവാനാണ്. ഇന്നലെ പോലും അദ്ദേഹവുമായി സംസാരിച്ചതാണ്. അവന്‍ പ്രശ്‌നങ്ങളിലൊന്നുമില്ല. എന്നും അവന്‍ പരിശീലനത്തില്‍ സജീവമാണ്. എല്ലാവരുമായി നന്നായി ഇടപഴകുന്നു. ആര്‍ക്കെതിരെയും പരാതി പറഞ്ഞിട്ടുമില്ല- തുഷേല്‍ പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെല്‍സിയില്‍ തുടരുന്നതിലെ അസംതൃപ്തി ലുക്കാക്കു വിശദീകരിച്ചത്. കാര്യങ്ങളില്‍ ഞാന്‍ സന്തോഷവാനല്ല. പക്ഷേ ഒരു ജോലിക്കാരനായതിനാല്‍ ഇവിടെ തുടരുന്നു. അടുത്ത സീസണില്‍ ഇന്ററിലേക്ക് മടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്-ഇതായിരുന്നു ബെല്‍ജിയന്‍ താരത്തിന്റെ കമന്റ്.