Connect with us

Article

ഇഷ്ടദാനവും കോടതിവിധിയും പരിഹാരവും

സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

കോടതിവിധി വന്നതോടെ കേരളത്തിലെ കുടുംബങ്ങളില്‍, വിശേഷിച്ചും മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ അങ്കലാപ്പും അനിശ്ചിതത്വവും പ്രകടമായി. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മാതാവും പിതാവും മൂന്ന് മൈനര്‍ (18 വയസ്സിന് താഴെയുള്ള) കുട്ടികളും അടങ്ങുന്ന കുടുംബത്തിന് പരമാവധി കൈവശം വെക്കാവുന്ന ഭൂമി 20 സ്റ്റാന്‍ഡേര്‍ഡ് ഏക്കറായിരുന്നു. ബാക്കി വരുന്ന ഭൂമി സര്‍ക്കാരിന് നല്‍കണം. അതോടെ 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നഷ്ടപ്പെട്ടു. ഓരോ ഉള്‍ക്കുടുംബങ്ങള്‍ക്കും പ്രത്യേകം ഭൂപരിധി നിശ്ചയിക്കുന്ന രീതിയാണ് അവിഭക്ത ഹൈന്ദവ കുടുംബങ്ങളില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ഇത് ഹൈന്ദവ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക പിന്തുടര്‍ച്ചാനിയമങ്ങള്‍ പിന്തുടരുന്ന മുസ്‌ലിം-ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് പിതാവ് ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്ക് അവകാശം ലഭിക്കില്ല എന്ന അവസ്ഥ പരിഗണിച്ച് മുസ്‌ലിം കുടുംബനാഥന്മാര്‍ നല്‍കിയ ഇഷ്ടദാനം 1974 ലെ ഹൈക്കോടതി വിധിയിലൂടെ അസാധുവായി.

അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക്കൂടി ലഭ്യമാകുന്ന ഭേദഗതി അതോടെ അനിവാര്യമായി. തദനുസൃതമായ ഇഷ്ടദാന ബില്‍ കൊണ്ടുവരാന്‍ ഐക്യമുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തു. തീരുമാനമെടുത്തത് മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരും റവന്യു മന്ത്രി ബേബി ജോണിന്റെയും നേതൃത്വത്തിലായിരുന്നു.

പി.കെ.വി സര്‍ക്കാര്‍ ഇഷ്ടദാനബില്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി 1970 മുതല്‍ 1974 വരെയുള്ള ഇഷ്ടദാനങ്ങള്‍ക്ക് നിയമ പ്രാബല്യം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ മുന്നില്‍ നില്‍ക്കേണ്ട മുഖ്യമന്ത്രി പി.കെ.വിക്ക് അപ്പോഴാണ് ചാഞ്ചാട്ടമുണ്ടാകുന്നത്. അക്കാലമത്രയും നിയമസഭയില്‍ ഇഷ്ടദാനത്തിന് വേണ്ടി ഘോരഘോരം പ്രസംഗിച്ച പി.കെ.വി പെടുന്നനെ ഇഷ്ടദാന ബില്‍ ‘ശരിയല്ല’ എന്ന വാദമുന്നയിച്ച് ഐക്യമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1979 ഒക്ടോബര്‍ 8 നു ഇഷ്ടദാനബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ അതേദിവസം തന്നെ മുഖ്യമന്ത്രിപദം രാജിവെക്കാന്‍ പി.കെ.വി തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റുകാരിലെ ന്യൂനപക്ഷ വിരുദ്ധമായ ‘വരേണ്യവീര്യം’ പ്രകടമായ സംഭവമായിരുന്നു അത്. ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇഷ്ടദാന ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്നത് നയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഷ്ടദാന ബില്ലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മുസ്‌ലിംലീഗും പ്രഖ്യാപിച്ചു.

പി.കെ.വി രാജിവെച്ചതോടെ ഐക്യമുന്നണി സര്‍ക്കാര്‍ തകരുമെന്നാണ് കമ്യൂണിസ്റ്റുകാര്‍ സ്വപ്‌നം കണ്ടത്. അതുവഴി ഇഷ്ടദാനത്തെ ഇല്ലാതാക്കാനും കമ്യൂണിസ്റ്റ് ഐക്യം സാക്ഷാത്കരിക്കാനും കഴിയുമെന്നവര്‍ കരുതി. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കൈകോര്‍ത്തുപിടിച്ചു. സര്‍ക്കാരിനെ തള്ളിയിട്ട് ഇഷ്ടദാനത്തെ ഇല്ലാതാക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. ഇഷ്ടദാന നിയമത്തിന്റെ അഭാവം ഏറെ കഷ്ടപ്പെടുത്തിയിരുന്ന ക്രിസ്ത്യന്‍ സമൂഹവും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ യത്‌നിച്ചു. പ്രതിഭാധനനും സര്‍വസ്വീകാര്യനും തന്ത്രശാലിയുമായ സി.എച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരിക മാത്രമാണ് പരിഹാരമെന്ന് അവരും തിരിച്ചറിഞ്ഞു. സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് മാത്യൂവിന് കത്ത് കൈമാറി. അതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് (യു), എന്‍.ഡി. പി, പി.എസ്.പി, ജനതാപാര്‍ട്ടി എന്നീ രാഷ്ട്രീയകക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. അതോടെ സി.എച്ച് മുഹമ്മദ്‌കോയയെ മുഖ്യമന്ത്രിയായി ഐക്യമുന്നണി പ്രഖ്യാപിച്ചു. സി.എച്ച് മന്ത്രിസഭ വരാതിരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പല അടവുകളും പയറ്റിനോക്കി. പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം സി.എച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1979 ഒക്ടോബര്‍ 22 ന് നിയമസഭ ചേര്‍ന്നു. 24ാം തീയതി തന്നെ ഇഷ്ടദാനവുമായി ബന്ധപ്പെട്ട ഭൂ പരിഷ്‌കരണ നിയമ ഭേദഗതി സി.എച്ച് അവതരിപ്പിച്ചു. പി.കെ.വിയും ഇ.എം.എസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷം അതിനെതിരെ ശക്തമായ വാദങ്ങളുയര്‍ത്തി. ഭേദഗതി കര്‍ഷക വിരുദ്ധമാണെന്നും 1969 ല്‍ കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ബില്‍ അതേപടി നിലനിര്‍ത്തണമെന്നും ഇ.എം.എസ് പറഞ്ഞപ്പോള്‍ ആ ബില്ലില്‍ ‘സ്‌നേഹ വാത്സല്യങ്ങളുടെ’ പേരില്‍ ഇഷ്ടദാനം ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന കാര്യം എ.കെ ആന്റണി ഓര്‍മ്മിപ്പിച്ചു. ഗൗരിയമ്മയുടെ ബില്‍ അങ്ങനെ തന്നെ നിലനിര്‍ത്തുകയാണോ വേണ്ടതെന്ന ആന്റണിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. വാത്സല്യത്തിന്റെ പേരില്‍ ഇഷ്ടദാനം നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ പിന്തുണക്കുന്ന ഇ.എം.എസ് ആണോ അതോ അത് റദ്ദ് ചെയ്ത കോടതിയാണോ കര്‍ഷകരുടെ ബന്ധു എന്ന് സി.എച്ച് പരിഹസിച്ചു. കര്‍ഷക വാത്സല്യത്തിന്റെ പേരിലല്ല സ്‌നേഹവാത്സല്യം എന്ന് കമ്യൂണിസ്റ്റുകാര്‍ ബില്ലില്‍ ചേര്‍ത്തത് എന്ന് അദ്ദേഹം ഇ.എം.എസിനെ ഓര്‍മിപ്പിച്ചു. സ്‌നേഹവാത്സല്യത്തിന്റെ പേരില്‍ ആര്‍ക്കും വാരിക്കോരി കൊടുക്കാമായിരുന്ന മാര്‍ക്‌സിസ്റ്റുകള്‍ പാസാക്കിയ ഇഷ്ടദാനത്തെ 1972 ല്‍ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ മക്കള്‍ക്കും പേരമക്കള്‍ക്കും മാത്രമാക്കി ചുരുക്കുകയാണ് ചെയ്തത് എന്നും അതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തത് എന്നും അതിനുള്ള പരിഹാരമാണ് പുതിയ ബില്‍ എന്നും സി.എച്ച് സഭയെ ബോധ്യപ്പെടുത്തി.

1957 ലെയും 1960 ലെയും കാര്‍ഷിക പരിഷ്‌കാര ബില്ലിലും 1964 ലെയും 1969 ലെയും ഭൂ പരിഷ്‌കരണ ബില്ലിലും ഇഷ്ടദാനം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം സഭയില്‍ തെളിവുകള്‍ നിരത്തി സംസാരിച്ചു. മാത്രവുമല്ല, ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ആശങ്ക അകറ്റണമെന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ലെന്നും 1972 ജൂലൈ 23 നു രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ‘വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ ബാധകമായിട്ടുള്ള പ്രായപൂര്‍ത്തിയായ സന്താനങ്ങള്‍ക്ക് ഇതുമൂലം വിവേചനം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്’ എന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.

സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു. മൂന്നുദിവസത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇ.എം.എസും പി.കെ.വിയും ടി.കെ രാമകൃഷ്ണനുമെല്ലാം ഉയര്‍ത്തിയ മറുവാദങ്ങള്‍ക്ക് വളരെ കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, കേരള പഞ്ചായത്ത് ഭേദഗതി ബില്‍, കേരള അഭിഭാഷക ക്ഷേമനിധി ബില്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബില്‍ എന്നിവ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ സി.എച്ച് അവതരിപ്പിച്ച് പാസാക്കിയെടുത്ത ബില്ലുകളാണ്.

ഇഷ്ടദാന ബില്‍ പാസായതിന് ശേഷം പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ കേരള കോണ്‍ഗ്രസ് (എം) പിന്തുണ പിന്‍വലിച്ചു. ശേഷം കോണ്‍ഗ്രസ് (യു) കൂടി പിന്തുണ പിന്‍വലിച്ചതോടെ സി.എച്ച് മുഖ്യമന്ത്രി പദം രാജിവെച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാളുകളായിരുന്നു സി.എച്ചിന്റെ ഭരണകാലം.
(അവസാനിച്ചു)

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending