ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മിതാലി രാജിന് സ്വന്തം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയയാണ് ഇന്ത്യന്‍ നായിക മിതാലി രാജ് ഈ ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ട് താരം ഷാര്‍ലെറ്റ് എഡ്വേര്‍ഡ് കുറിച്ച 5992 റണ്‍സിന്റെ റെക്കോര്‍ഡാണ് മിതാലി ഇന്ന് തിരുത്തിയത്.

191 മത്സരങ്ങളില്‍ നിന്നായിരുന്നു ഷാര്‍ലറ്റിന്റെ നേട്ടമെങ്കില്‍ 183 മത്സരങ്ങളിലെ 164 ഇന്നിംഗ്‌സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് ചരിത്രനേട്ടത്തിലെത്താന്‍ 34 റണ്‍സായിരുന്നു മിതാലിക്ക് വേണ്ടിയിരുന്നത്. മത്സരത്തില്‍ 69 റണ്‍സെടുത്ത മിതാലി വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. നേരത്തെ തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികള്‍ നേടി മിതാലി റെക്കോര്‍ഡിട്ടിരുന്നു.

വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും(49 അര്‍ധസെഞ്ചുറികള്‍) 34കാരിയായ മിതാലിയുടെ പേരിലാണ്. 16ാം വയസില്‍ 1999ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചാണ് മിതാലി വരവറയിച്ചത്. എന്നാല്‍ പുരുഷ ക്രിക്കറ്റര്‍മാരുമായുള്ള താരതമ്യം ഒരിക്കലും മിതാലി അംഗീകരിച്ചുതരില്ലെന്ന് മാത്രം.