ധാക്ക: ‘നമുക്ക് വേണ്ടത് സമാധാനമാണ്. പ്രശ്‌നങ്ങളുള്ളിടങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കുന്നത്’ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു നിര്‍ത്തിയപ്പോള്‍. മ്യാന്മര്‍ ഭരണകൂട ഭീകരതയില്‍ നാടു വിട്ടു ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ ജനതയുടെ മനവും നിറഞ്ഞു. ഒപ്പം മിഴിമുനയില്‍ മിന്നി മാഞ്ഞത് പ്രതീക്ഷയുടെ വെളിച്ചം. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് റോഹിന്‍ഗ്യന്‍ കുടിയേറ്റക്കാരെ കാണാനായി മാര്‍പാപ്പ സമയം കണ്ടെത്തിയത്.

അഭയാര്‍ത്ഥികളുടെ കദനകഥകള്‍ക്ക് ക്ഷമയോടെയാണ് മാര്‍പാപ്പ ചെവികൊടുത്തത്. റോഹിന്‍ഗ്യന്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ റോഹിന്‍ഗ്യ എന്ന വാക്ക് ഉപയോഗിക്കാതിരുന്നതിന് വിമര്‍ശനങ്ങളുയര്‍ന്നതിനു പിന്നാലെയാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ഒപ്പം ചേര്‍ത്തു നിര്‍ത്തി മാര്‍പ്പാപ്പ ഇങ്ങനെ പറഞ്ഞത്. ദൈവത്തിന്റെ സാന്നിധ്യത്തെ ഇപ്പോള്‍ വിളിക്കാവുന്ന പേരാണ് റോഹിന്‍ഗ്യ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരുമായി സെന്റ് മേരി കത്തീഡ്രലില്‍വച്ച് സംസാരിച്ചതിനു ശേഷമാണ് വികാരാധീനനായി മാര്‍പാപ്പ റോഹിംഗ്യകള്‍ക്കു വേണ്ടി സംസാരിച്ചത്.

തങ്ങളുടെ ദയനീയാവസ്ഥ ലോകത്തെ അങ്ങ് അറിയിക്കണമെന്ന് അഭയാര്‍ത്ഥികളിലൊരാള്‍ മാര്‍പാപ്പയോട് അപേക്ഷിച്ചു. മ്യാന്‍മര്‍ സൈന്യം തങ്ങളുടെ കുടുംബാംഗങ്ങളെയും അയല്‍വാസികളുയെ കൊന്നൊടുക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തതിന്റെ നടുക്കുന്ന ഓര്‍മകള്‍ കുടിയേറ്റക്കാര്‍ മാര്‍പ്പാപ്പയുമായി പങ്കുവച്ചു. മ്യാന്‍മറിലേക്ക് തിരിച്ചുപോവാന്‍ ഒരുക്കമാണെന്നും എന്നാല്‍ അവിടെ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുതരണമെന്നും അഭയാര്‍ത്ഥികള്‍ അപേക്ഷിച്ചു.

മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധമതാനുയായികളുടെയും ആക്രമണത്തെ തുടര്‍ന്ന് ആറ് ലക്ഷത്തിലേറെ റോഹിന്‍ഗ്യക്കാരാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലും മറ്റുമായി കഴിയുന്നത്. കഴിഞ്ഞ ദിവസം മ്യാന്‍മര്‍ സന്ദര്‍ശിച്ച മാര്‍പാപ്പ റോഹിന്‍ഗ്യ എന്ന പദം ഉപയോഗിക്കാതിരുന്നത് മനുഷ്യാവകാശ സംഘടനകള്‍ക്കിടയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.