മോസ്‌കോ: വന്‍ ടീമുകള്‍ക്ക് അടി പതറുന്ന റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാതെ ബ്രസീലും വീണു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിനെ വീഴ്ത്തി ബെല്‍ജിയം സെമി ഫൈനലിന് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കന്‍ ടീമുകളെല്ലാം നേരത്തെ പുറത്തായതോടെ റഷ്യന്‍ ലോകകപ്പ് പൂര്‍ണമായും യൂറോപ്പിലേക്ക് ചുരുങ്ങി. ഏറെ പ്രതീക്ഷ കല്‍പ്പിച്ചിരുന്ന അര്‍ജന്റീന പ്രിക്വാര്‍ട്ടറിലും ഉറുഗ്വേ ക്വാര്‍ട്ടറിലും ഫ്രാന്‍സിനോട് തോറ്റ് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു തവണ ലോക കിരീടം ചൂടിയ ബ്രസീലും ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പടിയിറങ്ങിയത്. 13ാം മിനുട്ടില്‍ ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫ് ഗോളിലാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍ക്ക് ആദ്യ മങ്ങലേറ്റത്. 31ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രെയിനിന്റെ ലോങ് റേഞ്ച് ഷോട്ടിലൂടെ ബെല്‍ജിയം രണ്ടാം തവണയും വല ചലിപ്പിച്ചു. അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ബെല്‍ജിയം ഡിഫന്‍സും ഗോള്‍കീപ്പര്‍ ക്വാര്‍ട്ടോയിസും തീര്‍ത്ത ഉരുക്കുകോര്‍ട്ട തകര്‍ക്കാന്‍ ബ്രസീലിന് കഴിഞ്ഞില്ല. 76ാം മിനുട്ടില്‍ റനാറ്റോ അഗസ്റ്റോയിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ കണ്ടെത്തിയതോടെ മഞ്ഞപ്പടക്ക് പ്രതീക്ഷ തളിര്‍ത്തെങ്കിലും ബെല്‍ജിയത്തെ പിടിച്ചുകെട്ടാന്‍ അത് മതിയാകുമായിരുന്നില്ല. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ കടന്നിരുന്നു.