കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന ശക്തമായ രാസായുധ പ്രയോഗം നടത്തുന്നു. ഫെബ്രുവരി 25നു നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പലര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നൂറോളം കുരുന്നുകളാണ് ഒരു മാസത്തിനിടെ ബോംബാക്രമണത്തെത്തുടര്‍ന്നു യുദ്ധഭൂമിയില്‍ മരിച്ചുവീണത്.

രാസായുധ പ്രയോഗത്തില്‍ 14 പേര്‍ക്കു പരുക്കേറ്റു. ഒരു കുട്ടി കൊല്ലപ്പെട്ടു. ഈ കുരുന്നിന്റെ ചലനമറ്റ ശരീരവുമായി ഡോക്ടര്‍മാര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. 25നു നടന്ന ആക്രമണത്തില്‍ ക്ലോറിന്‍ ബോംബുകള്‍ ഉപയോഗിച്ചെന്നാണു പരാതി. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്കു മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യുഎസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിമതര്‍ക്കെതിരെ ഏഴു വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഇന്നേവരെയില്ലാത്ത വിധത്തിലുള്ള ആക്രമണമാണു സിറിയ അഴിച്ചുവിടുന്നത്. ഇതിനു റഷ്യയുടെ പിന്തുണയുമുണ്ട്.

2012 മുതല്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയാണു ദമാസ്‌കസിനു സമീപമുള്ള വിമതരുടെ അവസാന ശക്തികേന്ദ്രം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സിറിയന്‍ സൈന്യം ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. നാലു ലക്ഷത്തോളം ജനങ്ങള്‍ കിഴക്കന്‍ ഗൂട്ടായില്‍ കുടുങ്ങിക്കിടപ്പുണ്ട്.

ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 30 ദിവസത്തെ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. എന്നാല്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയുള്ള വെടിനിര്‍ത്തല്‍ പരാജയപ്പെട്ടെന്നാണു മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കി.

വന്‍ നശീകരണ സ്വഭാവമുള്ള ബാരല്‍ ബോംബുകള്‍ കിഴക്കന്‍ ഗൂട്ടായില്‍ വര്‍ഷിക്കുകയാണെന്നു യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി കുറ്റപ്പെടുത്തി. റോക്കറ്റ് ആക്രമണവും തുടരുകയാണ്. ഇവിടെനിന്നു ജനങ്ങള്‍ക്കു പലായനം ചെയ്യാനായി ‘രക്ഷാപാത’ ഒരുക്കിയെങ്കിലും അവിടം കേന്ദ്രീകരിച്ചാണു വിമതരുടെ പ്രധാന ആക്രമണമെന്നു റഷ്യ പറയുന്നു. പാതയില്‍ വിമതസൈന്യം നാശം വിതയ്ക്കുകയാണ്. സാധാരണക്കാരെ മറയാക്കിയാണ് അവരുടെ പോരാട്ടം. പക്ഷേ രക്ഷാപാതയിലൂടെ തന്നെ കിഴക്കന്‍ ഗൂട്ടയിലേക്ക് വൈദ്യസഹായവും ഭക്ഷണവും ഉള്‍പ്പെടെ എത്തിക്കുമെന്ന് റഷ്യ അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും തുടരും. ഫ്രാന്‍സും ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതു വ്യക്തമല്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രാസായുധ പ്രയോഗത്തിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ ക്ലോറിന്‍ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടാണു സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഒപിസിഡബ്ല്യു അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

രാസായുധങ്ങളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതല്‍ രാജ്യാന്തര തലത്തില്‍ കരാറുണ്ട്. ശ്വാസകോശത്തിലെത്തിയാല്‍ ക്ലോറിന്‍ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. വന്‍തോതില്‍ അവിടെ ഇതു നിറയുന്നതോടെ കാത്തിരിക്കുന്നതു നിശബ്ദ മരണമാണ്. കുട്ടികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ നാലിലൊന്നും കുട്ടികളാണെന്നാണു കണക്കുകള്‍.

കിഴക്കന്‍ ഗൂട്ടയില്‍ത്തന്നെ 2013ല്‍ സിറിയ നടത്തിയ രാസായുധ പ്രയോഗത്തില്‍ നേരത്തേ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മര്‍ദ്ദത്തെത്തുര്‍ന്ന് അന്ന് രാസായുധ നിര്‍വ്യാപന കരാറില്‍ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.

2013ലും 2014ലും ഒപിസിഡബ്ല്യു നിരീക്ഷണ സംഘങ്ങളെ അയച്ചെങ്കിലും കനത്ത ആക്രമണമാണു നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ കിഴക്കന്‍ ഗൂട്ടയിലേക്ക് പ്രതിനിധികളെ അയയ്‌ക്കേണ്ടെന്നാണു തീരുമാനം. പകരം സാക്ഷിമൊഴികള്‍ ശേഖരിക്കും. വിഡിയോ തെളിവുകളും ആരോഗ്യ വിദഗ്ധരില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.വിഷവാതകം ചൊരിഞ്ഞ് സിറിയന്‍ സൈന്യം;