News

ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എഐ യുട്യൂബ് ചാനൽ ഇന്ത്യയിൽ നിന്ന്; ‘ബന്ദർ അപ്നാ ദേസ്ത്’ 35 കോടി വാർഷിക വരുമാനം

By sreenitha

December 31, 2025

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന എഐ അധിഷ്ഠിത യുട്യൂബ് ചാനൽ ഇന്ത്യയിലേതാണെന്ന വിവരം ശ്രദ്ധേയമാകുന്നു. എഐ കണ്ടന്റ് മാത്രം ഉപയോഗിച്ച് വീഡിയോകൾ നിർമിക്കുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനലാണ് വർഷംതോറും ഏകദേശം 35 കോടി രൂപ വരുമാനം നേടുന്നത്. ഒരു കുരങ്ങന്റെ എഐ മോഡൽ ഉപയോഗിച്ച് തയ്യാറാക്കുന്ന വീഡിയോകളാണ് ഈ ചാനലിന്റെ പ്രത്യേകത.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഐ സ്ലോപ്പ് ചാനലായി ‘ബന്ദർ അപ്നാ ദേസ്ത്’ മാറിയിട്ടുണ്ട്. ഇതുവരെ 2.4 ബില്യൻ വ്യൂസ് ചാനൽ സ്വന്തമാക്കിയിട്ടുണ്ട്. എഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന, വ്യക്തമായ കഥയോ അർത്ഥവുമില്ലാത്ത കുറഞ്ഞ നിലവാരമുള്ള വീഡിയോകളെയാണ് ‘എഐ സ്ലോപ്പ്’ എന്നറിയപ്പെടുന്നത്.

അസം സ്വദേശിയായ സുരജിത്ത് കർമകർ 2020ലാണ് ഈ ചാനൽ ആരംഭിച്ചത്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളായതിനാൽ അതിവേഗം മില്യൺ കണക്കിന് വ്യൂസ് നേടാൻ ചാനലിന് സാധിച്ചു. ആവർത്തന സ്വഭാവമുള്ള കണ്ടന്റുകളാണെങ്കിലും വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോമായ കാപ്വിങ് ലോകത്തെ 15,000 യുട്യൂബ് ചാനലുകൾ വിശകലനം ചെയ്തതിൽ 278 എണ്ണം എഐ നിർമിത വീഡിയോകൾ മാത്രമുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേതുൾപ്പെടെ ഉയർന്ന നിലവാരവും ഗുണമേന്മയുമുള്ള കണ്ടന്റുകൾ നിർമിക്കുന്ന നിരവധി ചാനലുകൾക്കുപോലും ഇത്രയും വലിയ പ്രേക്ഷകസംഖ്യ നേടാനാകാത്ത സാഹചര്യത്തിലാണ് ‘ബന്ദർ അപ്നാ ദേസ്ത്’ പോലുള്ള എഐ സ്ലോപ്പ് ചാനലുകൾ വൻ സ്വാധീനം ചെലുത്തുന്നത്.

കുറഞ്ഞ ചിലവിൽ നിർമിക്കുന്ന എഐ വീഡിയോകൾക്ക് ഡിജിറ്റൽ ലോകത്ത് എത്രത്തോളം പ്രഭാവം സൃഷ്ടിക്കാനാകുമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഈ ചാനൽ വിലയിരുത്തപ്പെടുന്നത്.