FOREIGN

ടൈറ്റാനിക്കിന്റെ സമീപത്ത് അവശിഷ്ടങ്ങള്‍, തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

By webdesk13

June 22, 2023

കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്‍’ പേടകത്തിനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ടൈറ്റാനിക് കപ്പലുള്ള സ്ഥലത്ത് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇവ പരിശോധിച്ച് വരികയാണെന്നും ഇത് കാണാതായ പേടകത്തിന്റേത് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

പേടകത്തിലുള്ള 5 പേര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന്‍ ബാക്കിയുണ്ടോ അതല്ല തീര്‍ന്നിരിക്കാമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പേടകം കണ്ടെത്താന്‍ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബട്ടിക് പേടകം തീവ്ര ശ്രമം തുടരുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

ഫ്രഞ്ച് തീരത്തിനു സമീപമുള്ള ഇംഗ്ലിഷ് ചാനല്‍ ദ്വീപസമൂഹത്തില്‍ ഒന്നായ ഗേണ്‍സിയിലെ മഗെല്ലന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജൂലിയറ്റ് എന്ന സമുദ്രാന്തര തിരച്ചില്‍യാനത്തെയും രക്ഷാദൗത്യം നടക്കുന്നിടത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. ആദ്യം എത്തിച്ച യുഎസ് എയര്‍ക്രാഫ്റ്റില്‍ ജൂലിയറ്റ് കയറ്റാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു എയര്‍ക്രാഫ്റ്റ് എത്തിക്കും. ഫ്രാന്‍സിന്റെ റോബട്ടിക് പേടകം ‘വിക്ടര്‍ 6000’ രക്ഷാദൗത്യത്തില്‍ അണിചേര്‍ന്നിരുന്നു.