india

പാര്‍ലമെന്റിലെ ‘തെറി’ പ്രയോഗം: മാപ്പ് പറഞ്ഞ് അമിത് ഷാ

By webdesk18

December 11, 2025

പാര്‍ലമെന്റില്‍ വാഗ്വാദത്തിനിടെ കോണ്‍ഗ്രസ് എംപിക്കെതിരെ അശ്ലീല പദം പ്രയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.

ചോദ്യോത്തര വേളയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ കാലതാമസത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അമിത് ഷാ ക്ഷുഭിതനായത്. പിന്നാലെ അമിത് ഷാ ‘സാല’ എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

അമിത് ഷാ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ‘വികാരത്തിന്റെ പുറത്ത് നാവിന്‍തുമ്പില്‍ നിന്ന് വീണുപോയ വാക്കാണത്. അത് പാര്‍ലമെന്ററി മര്യാദയ്ക്ക് ചേര്‍ന്നതല്ല. ബഹുമാനപ്പെട്ട അംഗത്തോടും സഭയോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ അമിത് ഷാ പറഞ്ഞു.അമിത് ഷാ മാപ്പ് പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര മന്ത്രിയില്‍ നിന്നുമുണ്ടായ ലജ്ജാകരമായ നടപടിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘ജനാധിപത്യത്തെ ഇകഴ്ത്തുന്ന വാക്കുകളാണിത്. ക്ഷമാപണം സ്വീകരിക്കുന്നു, പക്ഷേ ഈ ആക്രമണ ശൈലി അവസാനിപ്പിക്കണം’ – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇത് ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും വിഷലിപ്തമായ കീഴ്വഴക്കമാണെന്നും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.