തിരുവനന്തപുരം: തൊഴിലന്വേഷകര്‍ക്ക് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും www.employment.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഉദ്യോഗാര്‍ഥികളുടെ സാധൂകരിച്ച വിദ്യാഭ്യാസ യോഗ്യതകളും വ്യക്തിഗത വിവരങ്ങളും ഉള്‍ക്കൊള്ളിച്ചാണ് എംപ്ലോയ്മെന്റ് വകുപ്പ് വെബ് പോര്‍ട്ടല്‍ തയാറാക്കിയിട്ടുള്ളത്. ഇതോടെ എംപ്ലോയ്മെന്റ് വകുപ്പിന്റെ ഇ-സേവനങ്ങളെല്ലാം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മുഴുവന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളാക്കി മാറ്റുകയാണ്. ആകെയുള്ള 84 ഓഫീസുകളും കമ്പ്യൂട്ടര്‍വത്ക്കരിക്കുകയും രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പ്പരം ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞു.
ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ഥം അവശ്യ സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ പോര്‍ട്ടലിനൊപ്പം തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലക്കൊപ്പം സ്വകാര്യ മേഖലയിലെ ഒഴിവുകളും രജിസ്ട്രേഷന്‍ പുതുക്കേണ്ട തീയതിയും മറ്റു വിവരങ്ങളും എസ്.എം.എസ് മുഖേന നല്‍കും. സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ കാലതാമസം ഒഴിവാക്കി നികത്തുന്നതിന് സഹായകമായ ഒരു പ്രൈവറ്റ് ജോബ് പോര്‍ട്ടലും ഒരുക്കുന്നുണ്ട്.
ചടങ്ങില്‍ തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, എന്‍.ഐ.സി ഡയറക്ടര്‍ മോഹന്‍ദാസ്, ടെക്നിക്കല്‍ ഡയറക്ടര്‍ അസര്‍ എഡ്വിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.