ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന് ഇത്രയേറെ സമയം ലഭിച്ചിട്ടും ഇനിയും യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും നല്‍കിയ അഭിമുഖത്തിലും വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താഴേക്ക് പോവുകയാണ്. അത് ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ. ഇതിന് മുന്‍സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് പ്രധാന കാരണം നോട്ട് നിരോധനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യശ്വന്ത് സിന്‍ഹയെ തള്ളി മകനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്തെത്തി.

സമ്പദ്ഘടനയെ മാറ്റിമറിക്കുന്ന പരിഷ്‌ക്കാരങ്ങളാണ് കൊണ്ടുവരുന്നതെന്ന് ജയന്ത് പറഞ്ഞു. വസ്തുതകളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെയുള്ള നിഗമനങ്ങളാണ് ഉയരുന്നത്. ജി.എസ്.ടിയും നോട്ട് നിരോധനവുമൊക്കെ പുതിയ മാറ്റങ്ങള്‍ വരുത്താനാണ് കൊണ്ടുവന്നത്. പുതിയ ഇന്ത്യക്കായി ചില പരിഷ്‌ക്കാരങ്ങള്‍ അത്യാവശ്യമാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തരാക്കുന്നതിനാണ് ഇതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.