അദ്ന്‍: യമനിലെ തന്ത്രപ്രധാനമായ സ്ഥലമായ അദന്‍ വിഘടന വാദികള്‍ പിടിച്ചെടുത്തു. ഭരണകൂടവും വിഘടനവാദികളും തമ്മില്‍ ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തിനൊടുവിലാണ് വിഘടന വാദികള്‍ അദ്‌നു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സഊദിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന പ്രാദേശിക പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ താല്‍ക്കാലിക ആസ്ഥാനമാണ് അദന്‍. ഭരണകൂട വക്താക്കളെ തടവിലാക്കിയതായും വിഘടനവാദികള്‍ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

അദന്‍ പിടിച്ചെടുത്ത ഫോട്ടോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കൂറേ ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി വ്യക്തമാക്കി. സഊദി പിന്തുണക്കുന്ന ഭരണകൂടവും യുഎഇ പിന്തുണക്കുന്ന വിഘടന വാദികളും തമ്മില്‍ പോരാട്ടം ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു.

യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള അദ്ന്‍ പ്രാദേശിക ഭരണകൂടത്തിന്റെ കേന്ദ്രം വിഘടനവാദി വിഭാഗമായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ സൈനികര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെടുകയും 130ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ന്‍ പിടിച്ചെടുത്തതായി വിഘടനവാദികള്‍ അവകാശപ്പെട്ട് രംഗത്തെത്തിയത്.

ഏറ്റുമുട്ടല്‍ ശക്തമായതിനെ തുടര്‍ന്ന് അദ്ന്‍ നഗരമായ തായ്‌സില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സഹായ ഏജന്‍സി ഓക്‌സ്ഫാമിന്റെ ഓഫീസ് അടച്ചുപൂട്ടിയതായി സംഘടന അറിയിച്ചു. ജനങ്ങളുടെ പട്ടിണിക്കിടുകയും രാജ്യത്തെ കൊടുംക്ഷാമത്തിന്റെ വക്കിലേക്ക് തള്ളിവിടുകയും ചെയ്തത് ഹാദി സര്‍ക്കാരാണെന്നാരോപിച്ചാണ് സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ പ്രാദേശിക സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്.

സഊദിയുടെ പിന്തുണയോടെ ഭരിക്കുന്ന ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമായിരുന്നു അദന്‍. തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് അദ്ന്‍ താല്‍ക്കാലിക കേന്ദ്രമായി തെരഞ്ഞെടുത്തത്. യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം തെക്കന്‍ യമന്‍ പ്രധാനമന്ത്രി അഹദ് ബിന്‍ ദാഗര്‍ ആരോപിച്ചു. അദ്‌നില്‍ സംഭവിക്കുന്നത് അപകടകരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഐക്യത്തെയും തകര്‍ക്കും. കാര്യങ്ങള്‍ തീരുമാനിക്കുന്നത് യു.എ.ഇയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ യമന്‍ വിട്ടുപോരണമെന്ന് വാദിക്കുന്നവരാണ് യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍. എന്നാല്‍ അതിനെതിരേ ശക്തമായ നിലപാടാണ് സഊദി അറേബ്യക്കും അവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യത്തിനുമുള്ളത്.