പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. മുസഫര്‍നഗര്‍ കലാപ കേസില്‍ പ്രതിയാണ് വിക്രംസൈനി. മറ്റൊരു എം.എല്‍.എയെ ആദരിക്കുന്ന ചടങ്ങിലാണ് എം.എല്‍.എയുടെ പശുവിനോടുള്ള സ്‌നേഹം പുറത്തുവന്നത്.

വന്ദേ മാതരം പറയാന്‍ തയ്യാറാകാത്തവരുടേയും ദേശീയതാ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതില്‍ അഭിമാനിക്കാത്തവരുടേയും അമ്മയായി കരുതാതെ പശുക്കളെ കൊല്ലുന്നവരുടേയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നാണ് എം.എല്‍.എയുടെ പ്രഖ്യാപനം. ഇതിനായി ഒരു സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വിക്രം പറഞ്ഞു. വാക്കുകള്‍ അതിരുകടന്നപ്പോള്‍ തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അണികള്‍ കയ്യടിയോടെ വിക്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുക്കുകയായിരുന്നു. യു.പിയിലെ ഖട്ടൌലിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് വിക്രം സൈനി. 2013-ലെ മുസഫര്‍നഗര്‍ കലാപത്തില്‍ അറസ്റ്റിലായിട്ടുണ്ട് എം.എല്‍.എ. കലാപം അഴിച്ചുവിട്ടത് എം.എല്‍.എയായിരുന്നുവെന്നാണ് കേസ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം യു.പിയിലെ അറവുശാലകള്‍ പൂട്ടിയതിന് പിന്നാലെയാണ് എം.എല്‍.എയുടെ വിവാദ പ്രസംഗം. അറവുശാലകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ മൃഗശാലകള്‍വരെ പൂട്ടിത്തുടങ്ങിയിരിക്കുകയാണ്.