ലക്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു വിഭാഗം ഗ്രാമീണര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍, രണ്ട് പേരെ ജീവനോടെ ചുട്ടുകൊന്നു. തിങ്കളാഴ്ച രാത്രി രായ്ബറേലി ജില്ലയിലാണ് സംഭവം.

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം പിന്നിട്ടതിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യോഗി ആദിത്യനാഥ് പത്ര സമ്മേളനം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. സംസ്ഥാനത്ത് ക്രമസമാധാന നിലയില്‍ കാര്യമായ പുരോഗതി തന്റെ സര്‍ക്കാറിന്റെ കാലത്തുണ്ടായിട്ടുണ്ടെന്നാണ് ആദിത്യനാഥ് 100 ദിവസത്തെ പ്രകടനം അറിയിച്ചു കൊണ്ട് പുറത്തിറക്കിയ 100 ദിന്‍ വിശ്വാസ് കെ എന്ന ബുക്്‌ലറ്റ് പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റെന്ന് സൂചിപ്പിക്കുന്നതാണ് സംസ്ഥാനത്തു നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍.

ആപ്‌തെ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഗ്രാമ മുഖ്യനായ രാം ശ്രീ യാദവും ഇയാളുടെ എതിരാളിയായ രോഹിത് ശുക്ലയും തമ്മിലുള്ള വഴക്കാണ് അക്രമങ്ങള്‍ക്ക് വഴിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യാദവിന്റെ മൂന്നു മക്കളടക്കം ആറു പേരെ പിടികൂടിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉപാധ്യായ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ശുക്ലയും അയാളെ പിന്തുണക്കുന്ന ഏതാനും പേരും ചേര്‍ന്ന് യാദവിന്റെ മൂന്ന് മക്കളായ രാജ യാദവ്, പ്രദീപ് യാദവ്, കൃഷ്ണ യാദവ് എന്നിവരെ ആക്രമിച്ചു. ഇരുവിഭാഗങ്ങളും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ യാദവിനെ പിന്തുണക്കുന്നവര്‍ കൂടുതല്‍ എത്തിയതോടെ ശുക്ലയും സംഘവും ഒരു ടാറ്റ സഫാരിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യാദവിന്റെ ആളുകള്‍ പിന്തുടര്‍ന്നതോടെ നിയന്ത്രണം തെറ്റിയ കാര്‍ ഇലക്ടിക് പോസ്റ്റിലിടിച്ച് ഒരു കുഴിയിലേക്കു മറിഞ്ഞു.

തുടര്‍ന്ന് യാദവിന്റെ സംഘം വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ വാഹനത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടിരിക്കുകയും അവരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
പിന്നീട് രണ്ട് പേരെ വാഹനത്തിലിട്ട് പൂട്ടുകയും ഇവരെ വാഹനമടക്കം ജീവനോടെ കത്തിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ രോഹിത് ശുക്ലയും ഉള്‍പ്പെടും. ബ്രിജേഷ് ശുക്ല, അനൂപ് മിശ്ര, നരേന്ദ്ര ശുക്ല, അലോക് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.