ഗസ്സ: ‘എന്റെ മകനെ നിങ്ങള്‍ക്ക് കൊന്നു കളയാമായിരുന്നില്ലേ, അവന്റെ വേദന കണ്ട് നില്‍ക്കാനാവുന്നില്ല’. . ഇസ്രാഈല്‍ സൈന്യം പ്രയോഗിച്ച റബര്‍ ബുള്ളറ്റില്‍ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ മുഹമ്മദ് തമിമിന്റെ പിതാവിന്റെ രോദനമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിലാണ് തമിമീന് പരിക്കേറ്റത്.

വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ സൈനിക നടപടികള്‍ക്കിടെയാണ് മുഹമ്മദ് തമീമിനും പരിക്കേറ്റത്. വീടിനു സമീപത്ത് നില്‍ക്കുകയായിരുന്നു തമീം. പ്രതിഷേധക്കാരെ തിരഞ്ഞു പിടിക്കുകയായിരുന്ന ഇസ്രാഈല്‍ സൈന്യം തമീമിനെ വെടിവച്ചു. അഞ്ച് മീറ്റര്‍ അകലെ നിന്നാണ് തമീമിന് റബറിന്റെ ആവരണമുള്ള സ്റ്റീല്‍ ബുള്ളറ്റ് ഒന്ന് മൂക്കിലേക്കും മറ്റൊന്ന് തലയോട്ടിയിലും പതിച്ചത്. ഗുരുതരമായി പരിക്കേറ്റ തമീമിന്റെ ശരീരത്തില്‍ നിന്നും രക്തം ചീറ്റുകയായിരുെന്നന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

തമീമിനെ രക്ഷപെടുത്താനായി റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സൈന്യം വാഹനം കടത്തി വിട്ടില്ല. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വാഹനം കടത്തി വിട്ടത്. രണ്ട് ശസ്ത്രക്രിയ നടത്തിയാണ് മുഹമ്മദ് തമീമിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയ വെടിയുണ്ട പുറത്തെടുത്തത്. തലച്ചോറിലുണ്ടായ രക്തസ്രാവത്താല്‍ ശരീരം നിശ്ചലാവസ്ഥയിലാണ്. നേരിയ ചലനം മാത്രമാണുള്ളത്. ഇടയ്ക്ക് മാത്രം സംസാരിക്കാനാവും. പെെട്ടന്ന് ബോധം മറയും ബന്ധുക്കള്‍ പറഞ്ഞു. എനിക്കറിയാം എന്റെ മകനെ നഷ്ടപെടുമെന്ന് പിതാവ് പറഞ്ഞു. നാലു ദിവസമായി അവന്‍ നിശ്ചലാവസ്ഥയിലായിട്ട്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസങ്ങള്‍ പിന്നിട്ടു പിതാവ് ആദാല്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറുസലം തലസ്ഥാന പ്രഖ്യാപനത്തോടെയാണ് ഫലസ്തീനില്‍ വീണ്ടും പ്രതിഷേധം പൊട്ടിപുറപ്പെട്ടത്. ഒട്ടേറെ ഫലസ്തീന്‍ യുവാക്കള്‍ക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ അക്രമത്തില്‍ പരിക്കേറ്റു. പ്രതിഷേധത്തിനിടെ സൈന്യം കുട്ടികള്‍ക്ക് നേരെയും അക്രമം അഴിച്ചു വിട്ടതായി ഫലസ്തീന്‍ സന്നദ്ധ സംഘടനകള്‍ ആരോപിച്ചു.

യുഎന്നിന്റെ സംഘടനയായ കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 345 കുട്ടികള്‍ക്ക് പരിക്കേറ്റതായി പറയുന്നു. ഈ മാസം അഞ്ച് മുതല്‍ 18 വരെയുള്ള കണക്കുകളാണിത്. യുദ്ധോപകരണങ്ങള്‍ കൊണ്ടാണ് മൂന്നിലൊന്ന് പേര്‍ക്കും പരിക്കേറ്റത്. മൂന്ന് കുട്ടികള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് കുട്ടികള്‍ക്ക് കണ്ണ് നഷ്ടപെട്ടതായി ഫലസ്തിനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.