പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ ഒരുസംഘമാളുകള്‍ കുത്തിക്കൊന്നു. ഡല്‍ഹിയിലെ മംഗള്‍പൂരിലാണ് സംഭവം. 26കാരനായ തരുണിനാണ് ദാരുണാന്ത്യം. തരുണിന് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ദുര്‍ഗേഷിന് സാരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിതാവ് നടത്തുന്ന കടയുടെ പ്രവേശനകവാടത്തില്‍ പരസ്യമായി മൂന്നു പേര്‍ മദ്യപിച്ചതിനെയാണ് തരുണും സഹോദരനും ചോദ്യംചെയ്തത്. കടയുടെ മുന്നില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മദ്യപിച്ചിരുന്ന മൂന്നംഗ സംഘം തരുണിനെ കുത്തുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.