പിന്തുണ ഫുട്‌ബോളില്‍ നിന്നും; കേരളത്തെ സഹായിക്കാമെന്നേറ്റ് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമ

റോം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് പിന്തുണയും സഹായവുമായി ഇറ്റാലിയന്‍ സീരി എ ക്ലബ് എ.എസ് റോമ. കേരളത്തില്‍ പ്രളയം ബാധിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എന്തു സഹായമാണ് ചെയ്യാന്‍ കഴിയുക എന്ന കാര്യത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും റോമ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള ലിങ്കും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

‘എ.എസ് റോമയിലെ എല്ലാവരുടെയും ചിന്തകള്‍ കേരളത്തില്‍ വന്‍ നാശംവിതച്ച പ്രളയത്തില്‍ പെട്ടവര്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ക്ക് എന്ത് പിന്തുണയാണ് നല്‍കാന്‍ കഴിയുക എന്നറിയാന്‍ അധികൃതരുമായി ബന്ധപ്പെട്ടു വരുന്നു. ആരാധകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം’ എന്നാണ് റോമയുടെ ട്വീറ്റ്.

പ്രളയം രൂക്ഷമായതിനെ തുടര്‍ന്ന് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് സന്ദേശമയച്ചിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബ്ബുകളും കേരളത്തോട് അനുഭാവം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസ് ദുരിതാശ്വാസ ധനസഹായത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ സജീവമാണ്.