ഹിന്ദി ഹൃദയഭൂമിയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസനീയമോ ?

എക്‌സിറ്റ് പോളുകള്‍ ഊഹക്കച്ചവടം കൂടിയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് കര്‍ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും തെറ്റിപ്പോകുന്നത്. സര്‍വ്വേക്കാര്‍ അവരുടെ അടുത്തേക്ക് എത്താറില്ല.
നഗര മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങളും ഏജന്‍സികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ കൂടിച്ചേരുന്നതാണ് മിക്കവാറും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതിലുപരി തങ്ങള്‍ ആഗ്രഹിക്കുന്ന സഖ്യങ്ങളെ അധികാരത്തിലെത്തിക്കാന്‍ സഹായിക്കുക.
ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പടി തെറ്റാണെന്ന പ്രവചനമല്ല നടത്തുന്നത്.
ഡി.കെ, ടി.എസ് കൂട്ടുകെട്ട് തകര്‍ത്താടുന്ന കര്‍ണ്ണാടകയില്‍ ആകെ 28 സീറ്റില്‍ ബിജെപിക്ക് 24 സീറ്റ്. ജെ.ഡി.എസിനെ പോലെ പ്രധാനപ്പെട്ട പ്രാദേശിക പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കും എന്നുള്ള വസ്തുത പൂര്‍ണമായും എക്‌സിറ്റ് പോള്‍ സര്‍വ്വേ നടത്തിയവര്‍ മറന്നിരിക്കുന്നു.
ആറു മാസം മുന്‍പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയ മധ്യപ്രദേശില്‍ ആകെ 29 സീറ്റില്‍ ബിജെപിക്ക് 27 എണ്ണം. ആറു മാസം മുന്‍പ് കോണ്‍ഗ്രസ് നിറഞ്ഞാടി 200ല്‍ 112 സീറ്റ് പിടിച്ച രാജസ്ഥാനില്‍ ആകെ 25 സീറ്റില്‍ 25 സീറ്റും ബിജെപിക്ക്. ഹിന്ദി ഹൃദയ ഭൂമിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വന്ന കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന കണക്ക് വിശ്വാസയോഗ്യമാണോ ?
ഡല്‍ഹിയില്‍ ആകെ ഉള്ള 7 ല്‍ 7സീറ്റും ബിജെപിക്ക് തന്നെ. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഒരു സീറ്റും ലഭിക്കില്ലെന്ന നിഗമനം പോള്‍ ഫലങ്ങളെ കൂടുതല്‍ സംശയത്തിലാക്കുന്നു.
മഹാരാഷ്ട്രയില്‍ ആകെ 48 സീറ്റില്‍ ബിജെപിക്ക് 42 സീറ്റ്. എക്‌സിറ്റ് പോളുകളും ഒപ്പനിയന്‍ പോളുകളും വോട്ടര്‍മാരുടെ തീരുമാനത്തെ പലപ്പോഴും പ്രതിഫലിപ്പിക്കാറില്ല എന്ന് സൂചിപ്പിച്ചെന്ന് മാത്രം. യഥാര്‍ത്ഥ ജനവിധി തന്നെ 23 ന് വരുമെന്ന് പ്രതീക്ഷിക്കാം.