സി.പി. സൈതലവി

ഓര്‍മ തെളിയുമ്പോള്‍ കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം നീണ്ടുപോയി ജുമുഅഃ നഷ്ടപ്പെട്ടല്ലോ എന്നു വെപ്രാളപ്പെടുമ്പോള്‍ ആരോ പറഞ്ഞു: മൂന്നാഴ്ചയായി ഒറ്റ ഉറക്കത്തിലായിരുന്നെന്ന്. ശരിയാണ്. ഒരു വെള്ളിയാഴ്ച ഉച്ച തിരിഞ്ഞായിരുന്നു വടകരയിലെ സിമ്പോസിയം. 1978. വിഷയാവതാരകനു ശേഷം ആദ്യപ്രസംഗത്തിനായി ക്ഷണിക്കപ്പെട്ട് മൈക്കിനു മുമ്പിലെത്തിയതേയുള്ളൂ. തലക്കുള്ളില്‍ ഒരു മുഴക്കംപോലെ. കണ്ണുകളില്‍ പടരുന്ന ഇരുട്ട്. അടുത്ത ആളെ പ്രസംഗത്തിനു വിളിക്കാനാവശ്യപ്പെട്ട് ഇരുന്നതാണ് ഓര്‍മ. ഇതാ കണ്‍തുറക്കുമ്പോള്‍ മൂന്നാഴ്ച പിന്നിട്ട് മറ്റൊരു വെള്ളിയില്‍ വന്നുനില്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇരുപത്തൊന്നാം വാര്‍ഡില്‍ ബോധംമറഞ്ഞ്, മടക്കമില്ലാത്ത ലോകത്തിന്റെ വാതില്‍ക്കലെത്തിയെന്ന് ഏറെ പേരും ഉറപ്പിച്ചുകഴിഞ്ഞ ഇരുപത്തൊന്നു നാളുകള്‍. ആ കിടയ്ക്കരികെ ‘ബാവാ’ എന്നു വിളിച്ച് പലവട്ടം സി.എച്ച് വന്നുപോയി. ചിലപ്പോള്‍ ഏറെ നേരം അരികിലിരുന്നു. ചലനമറ്റ ദേഹത്ത് തഴുകിത്തലോടി നെടുവീര്‍പ്പോടെ.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്നതിനപ്പുറം തനിക്കു സ്‌നേഹം കോരിച്ചൊരിഞ്ഞുതന്ന അനുയായിയെ ആത്മാവില്‍ കൊണ്ടുനടന്ന നേതാവിന്റെ കരുതലായിരുന്നു പി.കെ.കെ ബാവയുടെ നെറ്റിയിലമര്‍ന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ ആ സ്‌നേഹസ്പര്‍ശം. അതു തന്നെയാണ് കുറ്റിച്ചിറയിലെ മുസ്‌ലിംലീഗ് സമ്മേളനത്തില്‍ ആയിരങ്ങളെ കണ്ണീരണിയിച്ചുകൊണ്ട് സി.എച്ച് നടത്തിയ സുദീര്‍ഘമായ പ്രാര്‍ത്ഥനയും. ‘മലിക്കുല്‍ ജബ്ബാറായ റബ്ബേ ഞങ്ങളുടെ ബാവയെ ഞങ്ങള്‍ക്കു തിരിച്ചുതരണമേ..’ കണ്ഠമിടറി ആമീന്‍ പറഞ്ഞവരുടെ മിഴിനീരില്‍കുതിര്‍ന്ന ആ രാത്രി. പ്രാര്‍ത്ഥനകള്‍ ശമനമന്ത്രമായി.

യുവകോമളനായ, കരിമരുന്നുകള്‍ക്ക് തീ കൊടുത്തെന്നപോലെ പ്രസംഗിക്കുന്ന എടുപ്പിലും നടപ്പിലും ഭാഷണത്തിലും ആത്മാര്‍ത്ഥതയും ഉത്സാഹവും ഓളംവെട്ടുന്ന അന്നത്തെ മലയാളി മുസ്‌ലിം യൗവനത്തിന്റെ സമരനായകനായ പി.കെ.കെ ബാവ പൂര്‍ണാരോഗ്യവാനായി തിരിച്ചുവന്നു. എല്ലാ സ്‌നേഹപരിലാളനകള്‍ക്കും നന്ദി പറയാന്‍ നടക്കാവിലെ ക്രസന്റ് ഹൗസില്‍ ചെന്നു. സി.എച്ച് പറഞ്ഞു: ആ ഡോക്ടര്‍ക്ക് സമ്മാനമായി നമുക്ക് എന്തെങ്കിലുമൊന്ന് കൊടുക്കണം. അദ്ദേഹം അത്രയ്ക്കു സഹായിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഡോ. രാജശേഖരന്റെ നേതൃത്വത്തിലുള്ള തീവ്രപരിചരണവുമാണ് ഈ തിരിച്ചുവരവ്’. ഒന്നും വാങ്ങാനദ്ദേഹം കൂട്ടാക്കിയില്ല. ”എങ്കില്‍ എന്നെ വന്നു കാണാന്‍ പറയണം.” മന്ത്രി സി.എച്ചിന്റെ അഭ്യര്‍ഥന നിരസിക്കാനാവില്ലല്ലോ. ഡോക്ടര്‍ വന്നു. ബാവ സമ്മാനമൊന്നും തന്നിട്ട് വാങ്ങിയില്ലെന്നാണല്ലോ പറഞ്ഞത്. നല്ലത്. താങ്കള്‍ക്കു മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയൂ. കഴിയുന്നത് ചെയ്യാം. ഇതിന്റെ പേരിലാവരുത് എന്ന അപേക്ഷയോടെ ഡോക്ടര്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

‘ലിബിയയില്‍ പോകുന്നതിന് സഹായിച്ചാല്‍ കൊള്ളാം’. താമസംവിനാ അതു സാധിച്ചു. ഒരു പിതാവിന്റെയോ കാരണവരുടെയോ സ്ഥാനത്തുനിന്നാണ് സി.എച്ച് എന്ന ഉന്നതനായ നേതാവ് ഔദ്യോഗിക തിരക്കുകളില്‍ തപിച്ചുകിടക്കുന്ന ഭരണാധികാരി, മരണവുമായി മല്ലടിക്കുന്ന തന്റെ അനുയായിക്കുവേണ്ടി കണ്ണിമവെട്ടാതെ കാവലിരുന്നത്. ഇവ്വിധമാണ് ആ നേതാവ് അനുയായികളെ സ്‌നേഹിച്ചത്. വേര്‍പാടിന്റെ മുപ്പത്താറാമാണ്ടെത്തിയിട്ടും മറവിയിലമരാതെ, ദിവസത്തിലൊരിക്കലെങ്കിലും ഓര്‍ത്തോര്‍ത്തുപറഞ്ഞ് നെഞ്ചില്‍ കെടാതെ സൂക്ഷിക്കുന്ന പ്രണയാഗ്നിയായി ജനം സി.എച്ചിനെ കൊണ്ടാടുന്നതും അതിനാല്‍തന്നെ. 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ അസ്തമിച്ചത് കുഞ്ഞുന്നാളിലൊരിക്കല്‍ മനസ്സില്‍ പതിച്ച അതിശയ സൂര്യനായിരുന്നു. ഇന്നുമവസാനിക്കാത്ത കൗതുകമായി ഉള്ളിലുണ്ടാ വെളിച്ചം.

കീര്‍ത്തികേട്ട ഖാസി കുഞ്ഞിഹസന്‍ മുസ്‌ലിയാരുടെ സഹോദരീപൗത്രനെന്ന വാത്സല്യത്തിലും സംരക്ഷണയിലും കഴിഞ്ഞ പി.കെ.കെ ബാവയുടെ ബാല്യം. നന്നേ ചെറുപ്പത്തില്‍ പിതാവ് പ്രസിദ്ധ പണ്ഡിതന്‍ പി.എന്‍ മുഹമ്മദ് ബാവ മുസ്‌ലിയാരുടെ വേര്‍പാട്. അങ്ങനൊരു കുട്ടിക്കാലത്തിലേക്കാണ് കാപ്പാട് മുസ്‌ലിംലീഗ് പൊതുയോഗം കൊടിതോരണങ്ങളാല്‍ അലംകൃതമായി വിരുന്നെത്തുന്നത്. ബാഫഖി തങ്ങള്‍ വരുന്നെന്നു കേട്ട് അമ്മാവനോട് സമ്മതം വാങ്ങി. ജുബ്ബയും കോട്ടും തലേക്കെട്ടും വെളുത്തുതുടുത്ത വട്ടമുഖവുമായി പെട്രോമാക്‌സിനടുത്ത് മറ്റൊരു പ്രകാശംപോലെ നിറഞ്ഞുനിന്ന് തങ്ങള്‍ പ്രസംഗിക്കുന്നു. അതുകഴിയാന്‍നേരം സി.എച്ച്.എം കോയ സിന്ദാബാദ് എന്ന മുദ്രാവാക്യം കേള്‍ക്കുന്നു. ആരവങ്ങളുമായി ഒരു ചെറുപ്പക്കാരനെ ആനയിച്ചു കൊണ്ടുവരുന്നു. അതായിരുന്നു ആദ്യകാഴ്ച. ആ വരവാണ് കാലമെത്ര കടന്നുപോയിട്ടും ഓര്‍മയില്‍ തെളിയുന്നത്. ഒരു ഘോഷയാത്രപോലെ സി.എച്ച്.

പിന്നെ സമീപ ദേശങ്ങളിലെവിടെ സി.എച്ചിന്റെ പ്രസംഗമുണ്ടെങ്കിലും അമ്മാവനോട് അനുവാദം ചോദിച്ചുപോകും. സി.എച്ചിന്റെ പ്രസംഗം കേട്ടുകഴിഞ്ഞാല്‍ ഒരു പുസ്തകം വായിച്ച പ്രതീതിയാണ്. ഒരുപാട് അറിവുകള്‍ കോര്‍ത്തുവെച്ച പുസ്തകം പോലെ ഓരോ പ്രസംഗവും. അങ്ങനെ ചെല്ലുന്നിടത്തെല്ലാം കാണാന്‍ തുടങ്ങിയതുകൊണ്ടാവണം ഒരിക്കല്‍ സ്റ്റേജിനടുത്തേക്ക് സി.എച്ച് വിളിപ്പിച്ചു. കുട്ടിയുടെ വീടെവിടെയാ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ‘എല്ലാ പരിപാടിക്കും കാണുന്നുണ്ട്. ഇവനെ ഒന്നു ഉഷാറാക്കണം.’ എന്ന് അടുത്തുള്ളവരോടൊരു കമന്റും. പിന്നീട് കാപ്പാട് നിന്നു സി.എച്ചിനെ കാണാന്‍ ചെന്ന ചിലരൊക്കെ സി.എച്ച് നിന്നെ അന്വേഷിച്ചതായി പറയാന്‍ ഏല്‍പിച്ചിട്ടുണ്ട് എന്നൊക്കെ അറിയിക്കും. അതൊക്കെ വലിയ ബഹുമതിയായി മനസ്സു കുളിര്‍പ്പിച്ചു.

സി.എച്ചിനെക്കുറിച്ച് ‘മദ്ഹ്’ പറയുന്നവരാണ് എവിടെയും. അത്തോളിക്കാരന്‍ ഹസ്സന്‍കുട്ടിയുടെ ബാര്‍ബര്‍ഷാപ്പില്‍ ചെന്നിരുന്നാല്‍ സി.എച്ചിന്റെ കഥകളാണുമുഴുവന്‍. ജോലി ചെയ്യുമ്പോഴും വാ തോരാതെ ഹസ്സന്‍കുട്ടി സി.എച്ചിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും. അതു കേള്‍ക്കാന്‍ പോവുക ദിനചര്യയായി. 1969ല്‍ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന സമയം. സ്ഥാനാര്‍ഥി ചാക്കീരി അഹമ്മദ്കുട്ടി സി.എച്ചിനോട് ചോദിച്ചു: എല്ലായിടത്തും കാണുന്നുണ്ടല്ലോ? ആരാണിവന്‍? നമ്മുടെ പ്രവര്‍ത്തകനാണെന്ന് സി.എച്ച് പരിചയപ്പെടുത്തി. ഇതൊന്നും സിഎച്ചിന്റെ കൂടെയുള്ള സഞ്ചാരമല്ല. അന്വേഷിച്ചു പിന്തുടരുന്ന യാത്രകള്‍. ബസിലും ട്രെയിനിലും നടന്നും എത്തിപ്പെടാവുന്നിടത്തെല്ലാം സി.എച്ചിനെ കാണാനും കേള്‍ക്കാനുമെത്തി. താന്‍ മാത്രമല്ല; എത്രയോ പേര്‍ പല പ്രദേശത്തും ഇങ്ങനെയുണ്ടായിരുന്നു. ആവേശം തലയ്ക്കുപിടിച്ചു സി.എച്ച് ചെല്ലുന്നിടത്തെല്ലാം കാലേകൂട്ടി സ്ഥലംപിടിക്കുന്നവര്‍.

സംഘടനക്കകത്തെ അഭിപ്രായഭിന്നതകള്‍ സംഘടിത രൂപംപൂണ്ട ഘട്ടം. മലപ്പുറം കുന്നുമ്മലെ മുസ്‌ലിംലീഗ് പൊതുയോഗത്തില്‍ സി.എച്ചും യു.എ ബീരാന്‍ സാഹിബുമാണ് പ്രധാനപ്രസംഗം. പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ പാതിരയായി. സി.എച്ച് പറഞ്ഞു: ‘നമുക്ക് പാണക്കാട് പോയി തങ്ങളെ കാണാം.’ നേരം ഒരു മണി കഴിഞ്ഞില്ലേ, ഉറങ്ങിക്കാണില്ലേ എന്നു താനുന്നയിച്ചസംശയം അസ്ഥാനത്തായി. അവിടെ വരാന്തയില്‍ തങ്ങള്‍ക്കു ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നു. എന്താണിങ്ങനെ എന്നറിയാനും ഒരു കൗതുകത്തോടെ പൂക്കോയ തങ്ങളുടെ കസേരക്കു പിന്നില്‍ നിന്നു. സി.എച്ച് വന്നിട്ടുണ്ടെന്നു പറഞ്ഞുകേട്ട് തങ്ങള്‍ എഴുന്നേറ്റുവന്ന് ആലിംഗനം ചെയ്തു.

തിരികെ പോരുമ്പോള്‍ സി.എച്ച് ചോദിച്ചു: നീയല്ലേ പറഞ്ഞത് തങ്ങള്‍ ഉറങ്ങിയിട്ടുണ്ടാകുമെന്ന്. അവിടെ എന്താ നീ കണ്ടത്? രോഗം പറയുന്നവരും വിഷമത്തിനു പരിഹാരം തേടുന്നവും തര്‍ക്കങ്ങളും ബാധ്യതകളും മറ്റു ആവലാതികള്‍ പറയുന്നവരുമെല്ലാം അതിലുണ്ടെന്ന് കണ്ടറിഞ്ഞ കാര്യം മറുപടിയായി പറഞ്ഞു. വിജനമായ വഴികളില്‍ രാത്രിയുടെ കയങ്ങളിലൂടെ വേഗതയില്‍ പോകുന്ന കാറിനുള്ളില്‍ സി.എച്ച് പ്രതികരിച്ചതിങ്ങനെ: ‘അതാണ് പാണക്കാട്ടെ തങ്ങള്‍. സമാശ്വാസവും നീതിയും കിട്ടുമെന്ന ഉറപ്പാണ് ആളുകളെ അങ്ങോട്ടു ചെല്ലാന്‍ പ്രേരിപ്പിക്കുന്നത്. ഒരാള്‍ക്കെങ്കിലും നീതി കിട്ടിയില്ലെങ്കില്‍ അയാള്‍ ഒഴിഞ്ഞു പോകില്ലേ? പിന്നെ ഇങ്ങോട്ടു വരുമോ? ആ പ്രതീക്ഷയാണ് പൂക്കോയ തങ്ങള്‍. അന്നു സി.എച്ച് പറഞ്ഞ ആ നിരീക്ഷണത്തിന്റെ പഴുതിലൂടെയാണ് എക്കാലവും പാണക്കാടിനെ നോക്കികണ്ടത്.

1980ല്‍ മേപ്പയൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. പക്ഷേ എന്റെ താല്‍പര്യക്കുറവ് സി.എച്ചിനോട് പറഞ്ഞു. സാധാരണക്കാരനായ താന്‍ തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ എങ്ങനെ പണമുണ്ടാക്കും. ഇങ്ങനെ പലതരം ആധിയില്‍, തന്നെ ഒഴിവാക്കണമെന്നഭ്യര്‍ഥിച്ചു. ‘ശിഹാബ് തങ്ങള്‍ പറഞ്ഞതല്ലേ. ഇനി ഒഴിവാകാന്‍ പാടില്ല’ എന്നു മാത്രമായിരുന്ന സി.എച്ചിന്റെ മറുപടി. മത്സരിച്ചു. വിജയമുണ്ടായില്ലെങ്കിലും നേതാവിന്റെ ആജ്ഞ അനുസരിച്ചതിന്റെയും സി.എച്ചിന്റെ യുദ്ധതന്ത്രോപദേശങ്ങള്‍ തൊട്ടറിഞ്ഞതിന്റെയും സംതൃപ്തിയുണ്ടായി.

പക്ഷേ രണ്ടു വര്‍ഷത്തിനകം (1982) ഗുരുവായൂരില്‍നിന്നും വിജയിച്ച് സി.എച്ചിന്റെ നേതൃത്വത്തിലുള്ള നിയമസഭാ കക്ഷിയിലംഗമായതും മറ്റൊരു നിയോഗം. ‘അര ഡസന്‍ രോഗങ്ങളും വഹിച്ചുനടക്കുന്ന സഞ്ചരിക്കുന്ന ഒരു മയ്യിത്താണ് ഞാന്‍’ എന്നു സി.എച്ച് സരസമായി പറയുകയും സദസ് വേദനയോടെ കേട്ടിരിക്കുകയും ചെയ്യുന്ന കാലത്തൊരിക്കല്‍- 1981ല്‍ അദ്ദേഹം രോഗം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായി. ഡോ. എം.കെ മുഹമ്മദ്‌കോയയുടെ കാലിക്കറ്റ് നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ടു. തിരിച്ചുകിട്ടില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍പോലും ശങ്കിച്ചുപോയ സന്ദര്‍ഭം. അബോധാവസ്ഥയിലാണ് മിക്കപ്പോഴും. രണ്ടാഴ്ചയോളം അങ്ങനെ കിടന്നു. ആ ദിവസമത്രയും രോഗിയുടെ കൂട്ടിരിപ്പുകാരനല്ലാതെതന്നെ ആസ്പത്രിയുടെ ഇടനാഴിയില്‍ രാപകലില്ലാതെ കഴിച്ചുകൂട്ടി ബാവ.

രാത്രി പുറത്തെ വരാന്തയില്‍ പത്രംവിരിച്ചു കിടക്കും. നമസ്‌കാരത്തിനും ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങള്‍ക്കും മാത്രമാണ് ഒന്നു പുറത്തിറങ്ങുക. ആ രണ്ടാഴ്ചയത്രയും അങ്ങനെ കഴിച്ചുകൂട്ടി. ആരും പറഞ്ഞേല്‍പിച്ചതല്ല. സി.എച്ച് കിടയ്ക്ക വിട്ടെഴുന്നേല്‍ക്കുംനേരം കൈപിടിക്കാന്‍ അടുത്തുണ്ടാവണമെന്നേ ആഗ്രഹിച്ചുള്ളൂ. സി.എച്ച് ആസ്പത്രിയില്‍ അഡ്മിറ്റാണെന്നകാര്യം പൊതുജനങ്ങളറിയാതെ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കണ്ടുമുട്ടുന്ന പരിചയക്കാരോട് ഒരു ബന്ധുവിനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞൊഴിയും. പക്ഷേ ബാങ്കിന്റെ സമയമായാല്‍ മുറിയിലൊന്നു കയറും. അപ്പോഴെല്ലാം കണ്ട ഒരു സവിശേഷത; ബാങ്ക് കേട്ടുണരുന്ന സി.എച്ച് അവസാന വാക്യവും തീരുംവരെ കാതോര്‍ത്ത് കിടന്ന് കൈകള്‍ പതുക്കെ ചുമരില്‍ ചേര്‍ത്തടിച്ച് തയമ്മും ചെയ്യും. എത്ര വൈകി കിടന്നാലും സുബ്ഹി ജമാഅത്തിനു പള്ളിയിലെത്തുന്ന പതിവുജാഗ്രത മിന്നിമറയുന്ന ബോധാബോധങ്ങള്‍ക്കിടയിലും സി.എച്ച് പാലിച്ചു എന്നതുതന്നെ.

സി.എച്ച് സ്പീക്കറാവുന്നതും മന്ത്രിയാവുന്നതും പാര്‍ലമെന്റംഗമാവുന്നതും മുഖ്യമന്ത്രിയാവുന്നതും ഉപമുഖ്യമന്ത്രിയാവുന്നതുമെല്ലാം പെരുന്നാളുപോലെ മനസ്സിനാഘോഷമായിരുന്നു. പരാജയമറിയാത്ത പടനായകനായി ജീവിതമുടനീളം സി.എച്ച് നിറഞ്ഞുനിന്നു. പക്ഷേ പാര്‍ട്ടിയില്‍ ഭിന്നിപ്പിന്റെ കാരണക്കാരിലൊരാളായി ചിലര്‍ തന്റെ പേര്‍ വലിച്ചിഴച്ചപ്പോള്‍ മാത്രം സി.എച്ച് ഒരു പരാജിതനെപോലെ എല്ലാം ഉപേക്ഷിച്ച് പിന്‍വാങ്ങുമെന്ന മട്ടായി. ചന്ദ്രികയുടെ പത്രാധിപരും മുഖ്യപത്രാധിപരുമായി സാഹിത്യകാരനായി വാഗ്മിയായി കേരളത്തിന്റെ സാംസ്‌കാരിക സദസ്സില്‍ നിറഞ്ഞുനിന്ന സി.എച്ചിന് ആദര്‍ശപോരാട്ടത്തിന്റെ ആയുധമായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ദുസ്സഹമായ മനോവേദനയ്ക്കു നിമിത്തമായപ്പോള്‍ അദ്ദേഹം ഒരേകാന്തതയില്‍ കഴിഞ്ഞു ഏതാനും നാള്‍.

വിദ്യാഭ്യാസ മന്ത്രിയായി തിളങ്ങിനില്‍ക്കെയാണ് ഖാഇദേമില്ലത്ത് അന്തരിച്ച ഒഴിവില്‍ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ഥിത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്ത്യഘട്ടത്തില്‍ തന്റെ സര്‍വസ്വവുമായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വേര്‍പാട്. പാര്‍ലിമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട് മന്ത്രി മന്ദിരമൊഴിഞ്ഞുവരുന്ന സി.എച്ചിന്, കോഴിക്കോട്ടെ തന്റെ സ്വന്തം വസതിയില്‍ തല്‍ക്ഷണം പ്രവേശിക്കാനാവാത്തവിധം അവിടെ വേറെ താമസക്കാര്‍. മറ്റൊരു വീട് കണ്ടെത്താനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. സംഘടനയില്‍ കെട്ടുപൊട്ടിക്കുന്ന അഭിപ്രായഭിന്നതകള്‍. പൊതുപരിപാടികളില്‍ സംബന്ധിക്കുന്നതില്‍പോലും ചില ആശയക്കുഴപ്പങ്ങള്‍.

തന്റെ ഏതെങ്കിലും നിലയ്ക്കുള്ള സാന്നിധ്യമോ പ്രതികരണമോ സംഘടനയില്‍ ഭിന്നതകള്‍ക്കിടയാക്കരുതെന്ന സി.എച്ചിന്റെ മന:ശുദ്ധിയായിരുന്നു ആ ഏകാന്തദിനങ്ങള്‍. സി.എച്ച് എവിടെ എന്നു അടുപ്പക്കാര്‍ ചോദിച്ചു. ബി.വി അബ്ദുല്ലക്കോയ സാഹിബിനറിയാമായിരുന്നു. പിന്നെ പാണക്കാട് പൂക്കോയ തങ്ങള്‍ക്കും. ബി.വി പറഞ്ഞ വഴിയിലൂടെ സി.എച്ചിന്റെ താല്‍ക്കാലിക വാസസ്ഥലം തേടിപ്പിടിച്ച് പി.കെ.കെ ബാവ എന്ന അനുഗാമി എത്തി. നടക്കാവിന്റെ ഉള്‍വഴികളിലെവിടെയോ പണ്ടെങ്ങോ ചാക്കീരി അഹമ്മ്കുട്ടി സാഹിബ് വാങ്ങിയിട്ട സ്ഥലത്തെ ഒരു കൊച്ചുവീട്. അതിലുണ്ടായിരുന്നു സി.എച്ചും കുടുംബവും. ആ കൂടിക്കാഴ്ച വിവരണാതീതമാണ്. ഗുരുവും ശിഷ്യനും മുഖത്തോടുമുഖം മൗനമായിനിന്ന നിമിഷങ്ങള്‍. ഏതാനും ദിവസങ്ങള്‍ മാത്രമുള്ള ആ ഏകാന്തതയുടെവാതില്‍തുറക്കാന്‍, മായനാട്ടെ ആലിക്കുട്ടി മാസ്റ്ററെയും കൂട്ടി വന്ന് വയനാട് മീനങ്ങാടിയില്‍ ഒരു യോഗത്തിനുക്ഷണിച്ചു. സി.എച്ച് മടിച്ചുനിന്നു. നിര്‍ബന്ധിച്ചു. ഒടുവില്‍ പോയി.

‘സമുദായമേ ഭിന്നിക്കരുത്. ഭിന്നിച്ച സമൂഹങ്ങള്‍ നശിച്ചിട്ടേയുള്ളൂ. ഒന്നിച്ചു നിന്നാല്‍ നേടാം നമുക്ക്’ വയനാടന്‍ മലനിരകളെ പ്രകമ്പനം കൊള്ളിച്ച് ഒരു പ്രസംഗപെരുമഴ. അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള പടയോട്ടങ്ങളുടെ പന്തം കൊളുത്തല്‍. സി.എച്ച് അരങ്ങിലെത്തി. സമുദായമുണര്‍ന്നു. പാണക്കാട് പൂക്കോയ തങ്ങള്‍ എന്ന ഉരുക്കുമനുഷ്യനു കീഴില്‍ സംഘടന കരുത്താര്‍ജിച്ചു.

സംഘടനക്കും സമുദായത്തിനും കരുത്ത് പകരാനുള്ള സി.എച്ചിന്റെ ആയുധം പ്രസംഗമായിരുന്നു. താരതമ്യങ്ങളില്ലാത്ത പ്രസംഗം. സ്വന്തം പ്രസംഗത്തിലെ അടുക്കുംചിട്ടയും ജാഗ്രതയും മാത്രമല്ല, കൂടെയുള്ളവരുടെ പ്രസംഗവും എങ്ങനെയാവണമെന്ന് മാര്‍ഗനിര്‍ദേശം നല്‍കി. പ്രതിസന്ധികളില്‍ ധീരതയോടെ നേതൃത്വം നല്‍കി. നടുവട്ടത്തും പയ്യോളിയിലും മറ്റും കലാപങ്ങള്‍ ശാന്തമാക്കാന്‍ ഓടിച്ചെന്നതുപോലെ ഓരോ ഘട്ടത്തിലും പോരാളിയുടെ വീര്യം പ്രകടമാക്കി. ഭാഷാ സമരത്തിന്റെ സങ്കീര്‍ണ സന്ദര്‍ഭങ്ങളിലെല്ലാം സി.എച്ച് പകര്‍ന്ന ധൈര്യം അപാരമായിരുന്നു. ഭാഷാസമര ദിനത്തില്‍ ഓരോ സ്ഥലത്തും ആരെല്ലാം വേണമെന്ന് സി.എച്ച് നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് അദ്ദേഹംതന്നെ നിയന്ത്രിച്ചു.

മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വശേഷം സമരം ശക്തിപ്പെടുത്താന്‍ തീരുമാനമെടുത്തപ്പോള്‍ പ്രത്യാഘാതം കരുതി ചില നേതാക്കളെങ്കിലും നിരുത്സാഹപ്പെടുത്തി. പക്ഷേ ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിക്കാന്‍ സി.എച്ചായിരുന്നു പ്രചോദനം. എന്നും യുവാക്കളുടെ മനസ്സായിരുന്നു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംശുദ്ധമായ പൊതുജീവിതം നയിച്ചു. തനിക്കെതിരെ അപവാദത്തിന്റെ ഒരു മുനപോലും ഉയര്‍ന്നുവരാതിരിക്കാനുള്ള ആ ജാഗ്രത കനത്തതായിരുന്നു. അതുകൊണ്ട് തന്റെ ഏക മകന്‍ മുനീറിന് കേരളത്തില്‍ ഒരു മെഡിക്കല്‍ സീറ്റ് തരപ്പെടുത്താന്‍ വഴിവിട്ട മാര്‍ഗം ആ പിതാവ് സ്വീകരിച്ചില്ല.

ഏറെക്കാലം വിദ്യാഭ്യാസ മന്ത്രിയായ ആള്‍ അതിനുള്ള കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിച്ചില്ല. മകന്‍ ബാംഗ്ലൂരില്‍ പോയി പഠിച്ചു. ഒരു പൊതുപരിപാടിക്കിടെ സി.എച്ചിനും മറ്റു അതിഥികള്‍ക്കും തന്റെ വീട്ടില്‍ ഭക്ഷണം കൊടുത്തതിന്റെ ഫോട്ടോകളുമായി ഒരാള്‍ മന്ത്രിയുടെ ഓഫീസില്‍ കാര്യസാധ്യത്തിനെത്തി. അയാള്‍ വീണ്ടും ഭക്ഷണം നല്‍കിയ കാര്യം പറഞ്ഞു. സി.എച്ച് തന്റെ സ്റ്റാഫിനെ വിളിച്ച് അയാളുടെ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തിന്റെ ബില്ല് എത്രയെന്നു ചോദിക്കൂ എന്നു പറഞ്ഞ് പണം കൊടുത്തു തിരിച്ചയച്ചു. പക്ഷെ അയാളുടെ ആവശ്യം ന്യായമാകയാല്‍ സാധിച്ചുകൊടുക്കുകയും ചെയ്തു.

സി.എച്ചിനോട് വലിയ സ്‌നേഹമുള്ള ഒരു ബിസിനസുകാരന്‍ സമീപ പ്രദേശത്തുണ്ടായിരുന്നു. ചന്ദ്രികയില്‍ ജോലി ചെയ്യുന്ന കാലത്ത് എലത്തൂരില്‍ ബസ്സിറങ്ങിവരുന്ന സി.എച്ചിന്റെ കൂടെ അത്തോളിയിലെ വീടുവരെ കിലോമീറ്ററുകള്‍ ഒപ്പം നടന്നുപോയി. ഒറ്റയ്ക്കു തിരിച്ചുവരുന്ന ഒരു ഹാജി. പില്‍ക്കാലത്ത് ഹാജി സാമ്പത്തികമായി തകര്‍ന്നു. പലപ്പോഴും തമ്മില്‍ കാണാതായി. ഏറെക്കാലം കഴിഞ്ഞ് ഹാജിയെ കണ്ടുമുട്ടുന്നത് ഒരു അധ്യാപകന്റെ ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രിയായ തന്നെ കാണാന്‍ സെക്രട്ടറിയേറ്റില്‍ വരുമ്പോള്‍. മന്ത്രിമന്ദിരത്തില്‍ കൊണ്ടുപോയി സി.എച്ച് ആ പഴയകൂട്ടുകാരനു നല്ല വിരുന്നുനല്‍കി. വന്ന കാര്യം ചോദിച്ചു. അല്‍പം ക്രമവിരുദ്ധമായ കാര്യമാണ്. എന്തു ചെയ്യും.

ശുദ്ധഗതിക്കാരനായിരുന്ന ഹാജിയുടെ അപ്പോഴത്തെ സാമ്പത്തികപരാധീനത മനസ്സിലാക്കിയ സി.എച്ച് ചോദിച്ചു. ‘ഇത് ചെയ്തുകൊടുത്താല്‍ താങ്കള്‍ക്കെന്തെങ്കിലും ഗുണം കിട്ടുമോ?’ 1967 കാലമാണ്. ഹാജി പറഞ്ഞു: അതെ, എനിക്ക് ആയിരം രൂപ തരാമെന്നു പറഞ്ഞിട്ടുണ്ട്. അത്രയ്ക്കു തളര്‍ന്നുപോയതുകൊണ്ടാണ് ഈ വഴി അദ്ദേഹം സ്വീകരിച്ചതെന്ന് സി.എച്ചിനു ബോധ്യമായി. പുറത്ത് തന്നെ കാണാന്‍ വന്നിരിക്കുകയായിരുന്ന മുസ്‌ലിംലീഗുകാരനായ കോഴിക്കോട്ടെ യുവവ്യവസായിയെ വിളിച്ച് ഒരു ആയിരം രൂപ വാങ്ങി സി.എച്ച് ഹാജിയാര്‍ക്കു കൊടുത്തു. അധ്യാപകന്റെ ആവശ്യം നടപ്പാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താനും പറഞ്ഞു. അതായിരുന്നു സി.എച്ചിന്റെ ജീവിതം.

എല്ലാ ഞായറാഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി പരിചിതരും അപരിചിതരുമായ രോഗികളെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു സി.എന്‍ അഹമ്മദ് മൗലവിക്ക്. ചിലപ്പോഴൊക്കെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെന്ന നിലക്ക് കൂടെപോകും. അങ്ങനെ ഒരു ദിവസം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍ സൂപ്രണ്ട് ചോദിച്ചു: കുട്ടികളുടെ വാര്‍ഡില്‍ നഗരത്തിലെ ഒരു പ്രമുഖവിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നുള്ള അന്തേവാസികളെ കൊണ്ടുവന്നിരിക്കുന്നു, കണ്ടില്ലേ എന്ന്.

നല്ല ഭക്ഷണം കിട്ടാത്തതിന്റെ പ്രശ്‌നങ്ങളാണ് കുട്ടികള്‍ക്കെന്നും സൂപ്രണ്ട് പറഞ്ഞു. നടക്കാവിലെ വീട്ടില്‍ സി.എച്ചിനെ ചെന്നു പ്രശ്‌നം അവതരിപ്പിച്ചു. ആ സ്ഥാപനമേധാവികള്‍ക്കെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് സമരം ചെയ്യാന്‍ പോകുകയാണെന്നും പറഞ്ഞു. സി.എച്ചിന്റെ മറുപടി: അതുവേണ്ട. ഇതുപോലൊരു സ്ഥാപനം വേറെയുണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല. നമുക്കവര്‍ക്ക് കുറച്ചു അരിയും സാധനങ്ങളും ശേഖരിച്ചുകൊടുക്കാം. മറ്റു സഹായങ്ങളും. വലിയങ്ങാടിയിലെ പ്രമുഖ വ്യാപാരികളെ സി.എച്ച് തന്നെ ഫോണില്‍ വിളിച്ചു ഭക്ഷ്യ സാധനങ്ങള്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂര്‍കൊണ്ട് എല്ലാം ശുഭം. ഇങ്ങനെയും ചില പ്രക്ഷോഭങ്ങളുണ്ടെന്ന് സി.എച്ച് പഠിപ്പിച്ചു.

സി.എച്ചിന്റെ വികസന സങ്കല്‍പങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായിരുന്നു. എല്ലാ എം.എല്‍.എമാര്‍ക്കും രണ്ടു റോഡ് വീതം എന്ന പദ്ധതി സി.എച്ച് പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരിക്കെ കൊണ്ടുവന്നു. അന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വകുപ്പു മന്ത്രിക്കുമൊക്കെ തുല്യമായിരുന്നു. വികസനത്തില്‍ വിവേചനമില്ല.

സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിനെ നട്ടുപിടിപ്പിച്ച് വന്‍മരമാക്കുകയെന്ന ദൗത്യം നിറവേറ്റാന്‍ സീതി സാഹിബിന്റെ ചുവടൊപ്പിച്ചു മുന്നേറിയ സി.എച്ച് ജനഹൃദയങ്ങളില്‍ ജീവിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രസംഗങ്ങള്‍. ഉറക്കമൊഴിവാക്കിയ യാത്രകള്‍. സി.എച്ചിന്റെ ഭാഷാസുന്ദരമോഹനമായ ഓരോ പ്രസംഗവും പുതിയതായിരുന്നു. ആ പ്രസംഗം തീരുവോളം കണ്ണുനട്ടിരിക്കുന്നവര്‍ സി.എച്ച് വേദി വിട്ടിറങ്ങുമ്പോള്‍ കാഴ്ചയില്‍ നിന്നു മറയുവോളം നോക്കിനില്‍ക്കും.

1983 സെപ്തംബര്‍ 28 രാത്രിയായി. സി.എച്ചിന്റെ അന്ത്യവിശ്രമ സ്ഥാനം നിശ്ചയിക്കണം. തീരുമാനമെടുക്കാനാവുന്നവരാരും ക്രസന്റിലെത്തിയിട്ടില്ല. നേതാക്കള്‍ ബാംഗ്ലൂര്‍ വഴി ഹൈദരാബാദിലേക്ക് പോയിരിക്കുന്നു. സി.എച്ചിന്റെ ഭാര്യയും മകനും യാത്ര തിരിച്ചിട്ടുണ്ട്. എങ്ങനെയോ നടന്നും ഓടിയും നടക്കാവിലെത്തുമ്പോള്‍ അവിടെ കാര്യങ്ങള്‍ ചോദിച്ചറിയാനുള്ളത് പക്കര്‍ക്ക മാത്രം. സി.എച്ചിന്റെ ഉറ്റമിത്രം. അയല്‍ക്കാരന്‍. നടക്കാവില്‍ വീടിനോട് ചേര്‍ന്നുള്ള പള്ളിയില്‍ ഖബറടക്കാന്‍ ജില്ലാ കലക്ടറുടെയും നഗരസഭയുടെയും അനുവാദമുണ്ട്. പക്ഷെ ഉമ്മ സമ്മതിക്കുന്നില്ല. ഖബറടക്കം ജന്മനാടായ അന്നശ്ശേരി(അത്തോളി)യില്‍ വേണം. നല്ല അടുപ്പമുള്ള പക്കര്‍ക്ക പരമാവധി ശ്രമിച്ചു. ഫലിക്കുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ടു. ബാവ ഒന്നു കയറി പറഞ്ഞുനോക്ക്. അവര് കേള്‍ക്കുന്നില്ല.

ഉമ്മയുടെ അരികിലെത്തി സംസാരിച്ചു. ‘ദൂരെനിന്ന് വരുന്നവര്‍ക്കൊക്കെ ഖബര്‍സിയാറത്ത് ചെയ്യാനും മറ്റും സൗകര്യമാകും. കുട്ടികളും ഇവിടുണ്ട്. ഖബറടക്കം ഇവിടെ തന്നെയാക്കുന്നതല്ലേ നല്ലത്. ചോദിച്ചു കഴിയുമ്പോഴേക്ക് മറുപടി വന്നു. ‘കുട്ടിയാകുമ്പോള്‍ അവനെ എന്റെ മടിയില്‍നിന്നാണ് ഇവരെല്ലാവരും കൂടി തട്ടിക്കൊണ്ടുപോയത്. പിന്നെ അവന്റെ മുഖം ഞാന്‍ ശരിക്കൊന്നു കണ്ടിട്ടില്ല. ഇപ്പോള്‍ മയ്യിത്ത് ആയില്ലേ? ഇനിയെങ്കിലും എനിക്കു തരണം.’

അതിന് ഇവിടെ അരികില്‍ തന്നെയുണ്ടല്ലോ ഉമ്മാ എന്നുസമാധാനിപ്പിച്ചു. അതിനും മറുപടിയുണ്ടായി. ‘ അവന്റെ ബാപ്പയില്ലേ അവിടെ ഒറ്റക്കു കിടക്കുന്നു. ബാപ്പാന്റടുത്തു എന്റെ കുട്ടി വേണം’. പിന്നൊരു ദീര്‍ഘമൗനമായിരുന്നു. ആ ഉമ്മയെപോലെ മകനെ സ്‌നേഹിച്ച സമുദായത്തിനു തലമുറകളിലൂടെ ഓര്‍ത്തെടുക്കാന്‍ വിട്ടുനല്‍കുന്ന മൗനസമ്മതം.