കൊലപാതക രാഷ്ട്രീയം; ജയരാജനുവേണ്ടി വോട്ട് ചോദിക്കലിനെ ചൊല്ലി വീരന്റെ പാര്‍ട്ടിയില്‍ കലാപം

കണ്ണൂരിലെ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ എല്‍ഡിഎഫ് ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി. വടകര ലോക്സഭാ മണ്ഡലത്തിലെ ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍ഡിഎഫ് ഘടക കക്ഷിയായ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളില്‍ കലാപം തന്നെ നടന്നതായാണ് റിപ്പോര്‍ട്ട്. ജയരാജനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് എല്‍.ജെ.ഡിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനേയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ച് കഴിഞ്ഞു.

വടകര ലോക്സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പി ജയരാജനെ പ്രഖ്യാപിച്ചത് ഇടതുമുന്നണിയില്‍ പ്രവേശിച്ച എംപി വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനദാദള്‍ പ്രവര്‍ത്തകര്‍ ഒരുവിഭാഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളായ വടകരയിലും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലും എല്‍ജെഡിക്ക് മോശമല്ലാത്ത വോട്ടുബാങ്കുണ്ട്. എന്നാല്‍ സാധാരണ എല്‍ജെഡി പ്രവര്‍ത്തകര്‍ക്ക് ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാകുന്നില്ല.

കൊലപാതക രാഷ്ട്രീയ പശ്ചാത്തലമുള്ള, അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിഭാഗത്തുള്ള പി.ജയരാജനുവേണ്ടി എങ്ങനെ വോട്ടുചോദിക്കുമെന്ന് സാധാരണ പ്രവര്‍ത്തകര്‍ നേതാക്കളോട് ചോദിക്കുന്നത്. ഇതിന് പുറമെ ടിപി ചന്ദ്രശേഖരന്‍ കേസും വടകരയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്നതാണ്. കഴിഞ്ഞ ദിവസം വരെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രചരണവും പ്രസംഗവും നടത്തിയവരാണ് വടകരയിലെ എല്‍ജെഡി പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ പ്രചരണ പ്രവര്‍ത്തന രംഗത്തുണ്ടാകില്ലെന്ന് വലിയൊരു വിഭാഗം എല്‍ജെഡി പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ മുന്നണിയിലെ അഭിമാനം എന്ന നിലക്ക് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തന രംഗത്ത് ഉണ്ടാകില്ലെന്ന് എല്‍ ജെഡി പ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും മുന്നണിയിലും എല്‍ജെഡിയിലും വരുംദിവസങ്ങളില്‍ കലാപം പടരുമെന്ന് തന്നെയാണ് വടകരയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.