പ്രമുഖര്‍ക്ക് പിന്തുണ; കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് 180 പ്രമുഖരുടെ തുറന്ന കത്ത്

മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 50 പ്രമുഖര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ തുടങ്ങിയവരുള്‍പ്പെടെ 180 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്. മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 50 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്. അഭിഭാഷകനായ എസ്‌കെ ഓജയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാല്‍ അതെങ്ങനെ രാജ്യദ്രോഹ കുറ്റമാകുമെന്ന് കത്തില്‍ ചോദിക്കുന്നു. സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പൗരന്‍മാര്‍ എന്ന നിലയിലും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്ന നിലയിലും നമ്മുടെ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച തങ്ങളുടെ സഹപ്രവര്‍ത്തകരായ 49 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതികളെ ഉപയോഗിച്ച് പൗരന്‍മാരെ നിശബ്ദരാക്കാനുള്ള ശ്രമം രാജ്യദ്രോഹമാകാത്തത് അദ്ഭുതപ്പെടുത്തുന്നതായും കത്തില്‍ പറയുന്നു. അശോക് വാജ്‌പേയി, ജെറി പിന്റോ, ഇറാ ഭാസ്‌ക്കര്‍,ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്ലാം,ടിഎം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്നും കത്തില്‍ പറയുന്നു.

നേരത്തെ, കമല്‍ഹാസനും ഇതിനെതിരെ രംഗത്തുവന്നിരുന്നു. പ്രമുഖര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു.

SHARE