റഫാല്‍: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്റെ അടിസ്ഥാനചോദ്യമെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ലോക്‌സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പ്രസംഗവുമായി എത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വികാരഭരിതയാവുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തെല്ലാം ദേശീയ സുരക്ഷ അവഗണിക്കുകയായിരുന്നെന്നും ഇപ്പോള്‍ റഫാല്‍ വിഷയത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കരാറിനേക്കാളും മികച്ചതാണ് മോദി സര്‍ക്കാറുണ്ടാക്കിയ കരാറെന്ന പഴയ വാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ താഴെ ഇറക്കിയത് ബൊഫോഴ്‌സ് അഴിമതിയായിരുന്നെങ്കില്‍ റഫാല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും രൂക്ഷ വാദപ്രതിവാദത്തിനിടെ അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് നടപ്പിലാക്കാതിരുന്നത് കമ്മീഷന്‍ കിട്ടാത്തതിനാലാണെന്നും അവര്‍ ആരോപിച്ചു. ദേശീയ സുരക്ഷ അപകടത്തിലായിട്ടും ഇക്കാര്യം പരിഗണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് അവരുടെ ഖജനാവാണ് മുഖ്യ വിഷയമെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന രാഹുലിന്റെ വാദം കള്ളമാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.

ഫ്രഞ്ച് പ്രസിഡന്റ്് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചപ്പോള്‍ തനിക്ക് കിട്ടിയ വിവരങ്ങളുള്‍പ്പടെ ഉന്നയിച്ച് താന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ദേശസുരക്ഷയാണ് പ്രധാനമെങ്കില്‍ 36ന് പകരം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമായിരുന്നില്ലേ? വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താന്‍ ഉന്നയിക്കുന്നത്. എങ്ങനെ അനില്‍ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ, പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ സുദീര്‍ഘമായി പ്രസംഗിച്ച പ്രതിരോധമന്ത്രി താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ ഓടി ഒളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘ പ്രഭാഷണത്തിന് ശേഷം താന്‍ രണ്ട് ചോദ്യം ഉന്നയിച്ചു. വ്യോമസേന തലവന്‍, പ്രതിരോധമന്ത്രി, സെക്രട്ടറിമാര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചകളെ പ്രധാനമന്ത്രി മറികടന്നപ്പോള്‍ വ്യോമസേന എതിര്‍പ്പ് അറിയിച്ചോ? ഉണ്ടെന്നോ, ഇല്ലെന്നോ ഒരുമറുപടിയും പ്രതിരോധമന്ത്രി പറയുന്നില്ല. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം പ്രതിരോധമന്ത്രി നാടകം കളിക്കുകയാണ്. താന്‍ അപമാനിച്ചുവെന്നും മോഷ്ടാവെന്നു വിളിച്ചുവെന്നുമാണ് പറയുന്നത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്. പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരുന്നില്ല, ഗോവ മുഖ്യമന്ത്രി പറയുന്നു തന്റെ കൈവശം റഫാല്‍ സംബന്ധിച്ച ഫയലുണ്ടെന്ന്. രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ പ്രതിരോധമന്ത്രിക്കായില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.