വയനാടിന് രാഹുലിന്റെ ഉറപ്പ് ഒപ്പമുണ്ടാവും


കെ.എസ് മുസ്തഫ
കല്‍പ്പറ്റ:

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രകൃതിക്ഷോഭങ്ങളില്‍ തുല്യതയില്ലാത്ത ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധി എം.പിയെത്തി. സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്ന 35000 ലധികം പേര്‍ക്കും തീരനോവുകള്‍ക്കിടയിലും ആശ്വാസമായി രാഹുലിന്റെ വരവ്. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം താനുണ്ടെന്ന് കാമ്പുകളില്‍ കഴിയുന്നവരെ ഹൃദയത്തില്‍ ചേര്‍ത്ത് രാഹുല്‍ ഉറുപ്പ് നല്‍കി. ഓരോ ക്യാമ്പിലെത്തുമ്പോഴും സര്‍വ്വതും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്ക്‌ചേര്‍ന്ന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ ക്യാമ്പില്‍ നിന്ന് പരിഹരിച്ചാണ് രാഹുല്‍ അടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ രാഹുല്‍ 10 പേരുടെ മരണത്തിനിടയാക്കിയ പുത്തമലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് പുത്തമലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവര്‍ താമസിക്കുന്ന മേപ്പാടിയിലെ ക്യാമ്പിലെത്തിയ അദ്ദേഹത്തിന് മുന്നില്‍ വേദനകളുടെ കണ്ണീരുമായി നൂറുകണക്കിനാളുകള്‍ വിങ്ങിപ്പൊട്ടി. ‘എത്ര പണം നല്‍കിയാലും നഷ്ടങ്ങള്‍ക്കു പരിഹാരമാവില്ലെന്നറിയാം. അടിയന്തര സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദ്ദവും ചെലുത്തും. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഊര്‍ജിതമാക്കാന്‍ ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു. പ്രളയബാധിതരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതരുത്. വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്യും. കാലവര്‍ഷ കെടുതികള്‍ നേരിടുന്നവര്‍ക്കു എത്രയും വേഗം സഹായം ലഭ്യമാക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തും. അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ശേഷം ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറുമായി രാഹുല്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമങ്ങളുമായി സംസാരിച്ചു. പ്രകൃതിദുരന്ത ബാധിതര്‍ക്കു സാഹായം എത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം ഉണ്ടാകണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. വീടും സ്വത്തും നഷ്ടമായവരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം ലഭിക്കേണ്ടത്. വീടും കൃഷിയും മറ്റും നശിച്ചവര്‍ ആശങ്കയിലാണ്. ഇതു അകറ്റാന്‍ ഭരണകൂടത്തിനു കഴിയണം. ഉരുള്‍പൊട്ടിയും മറ്റും ബന്ധുക്കള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥയോടെ പങ്കുചേരുന്നു. എത്ര പണം നല്‍കിയാലും നഷ്ടങ്ങള്‍ക്കു പരിഹാരമാകില്ല. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഊര്‍ജിതമാക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകൃതിദുരന്തത്തിന്റെ തിക്തഫങ്ങളെ ജാതിയും മതവും മറന്നു ആളുകള്‍ ഒറ്റക്കെട്ടായി നേരിടുന്നത് സന്തോഷകരമാണ്. എല്ലാവരും ഒപ്പമുണ്ടെന്നു ദുരിതബാധിതരെ ബോധ്യപ്പെടുത്തുന്ന വിധത്തിലാകണം പ്രവര്‍ത്തനങ്ങളെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നേരത്തേ തിങ്കളാഴ്ച മടങ്ങുമെന്നറിയിച്ചിരുന്ന രാഹുല്‍ ദുരിതബാധിതരുടെ വേദനകള്‍ ഏറ്റെടുത്ത് ഇന്നലെയും ജില്ലയില്‍ തുടര്‍ന്നു. ഉരുള്‍പൊട്ടലില്‍ യുവദമ്പതികള്‍ മരിച്ച മുട്ടില്‍ കുട്ടമംഗലത്തെ പഴശ്ശി കോളനിയിലും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു. പുത്തമുലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി.

SHARE