ശശി തരൂരിനെ മറികടന്നു; ട്വിറ്ററിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നാമന്‍. ശശി തരൂരിനെ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമതെത്തിയത്. 6,771,149 ആളുകളാണ് രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. അതേസമയം 6,696,520 പേരാണ് ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നത്. ട്വിറ്ററില്‍ രാഹുല്‍ മറികടന്നതില്‍ സന്തോഷണുണ്ടെന്ന് തരൂര്‍ പ്രതികരിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ട്വിറ്ററില്‍ സജീവമാകാന്‍ രാഹുലിനോട് വര്‍ഷങ്ങളായി താന്‍ പറയാറുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററില്‍ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.

SHARE