ആദ്യം ഈ പട്ടിക നിങ്ങളൊന്ന് വായിക്കുക: 1-കൃസ്റ്റിയാനോ റൊണാള്‍ഡോ. 2- ലിയോ മെസി. 3-അന്റോണിയോ ഗ്രിസ്മാന്‍. 4- ലൂയിസ് സുവാരസ്. 5-നെയ്മര്‍. 6-ജെറാത്ത് ബെയില്‍. 7-റിയാദ് മഹ്‌റാസ്. 8-ജാമി വാര്‍ദി. 9-പെപെ. 10-ജിയാന്‍ ലുക്കാ ബഫണ്‍. 11-പിയറി എംറികെ ഓംബയാംഗ്.12-റൂയി പാട്രിക്കോ. 13-സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്. 14- ആര്‍തറോ വിദാല്‍. 15-പോള്‍ പോഗ്ബ.16-റോബര്‍ട്ട് ലവന്‍ഡോവിസ്‌കി. 17-ഡിമിത്രി പായറ്റ് 18-ലുക്കാ മോദ്രിച്ച്.19-ടോണി ക്രൂസ്…..

മേല്‍പ്പറഞ്ഞ പട്ടികയിലെ പലരെയും നിങ്ങള്‍ക്ക് അറിയാം. യൂറോപ്പിലെ പ്രമുഖ ക്ലബുകള്‍ക്കായി കളിക്കുന്ന താരങ്ങള്‍. ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിന്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ കണ്ടെത്താനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ ലോകത്താകമാനമുള്ള 173 മാധ്യമ പ്രവര്‍ത്തകരില്‍ വോട്ടിംഗ് പ്രകാരം മുന്നിലെത്തിയവരുടെ പേരാണ് ക്രമപ്രകാരം നല്‍കിയിരിക്കുന്നത്.

ഒരു വോട്ടും ലഭിക്കാത്തവരായി ചിലരുണ്ട്. അവര്‍ ഇവരാണ്: സെര്‍ജി അഗ്യൂറോ, ഡി ബ്രയന്‍, ഡിബാല, ഗോഡിന്‍, ഹിഗ്വിന്‍, ആന്ദ്രെ ഇനിയസ്റ്റ, കോക്കെ, മുള്ളര്‍, മാനുവല്‍ ന്യൂയര്‍, സെര്‍ജിയാ റാമോസ്.

വോട്ട് ചെയ്തവരുടെ കാര്യകാരണങ്ങളിലേക്ക് കടന്നുചെല്ലാനാവില്ല. എല്ലാം വ്യക്തിഗത തീരുമാനങ്ങളാണല്ലോ. പക്ഷേ 173 ല്‍ ഭൂരിപക്ഷത്തിനും സംശയമില്ലാത്ത രണ്ട് പേരുണ്ടായിരുന്നു-എന്നത്തെയും പോലെ കൃസ്റ്റിയാനോയും ലിയോ മെസിയും. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിലേക്ക് കാര്യങ്ങള്‍ പോവാന്‍ വ്യക്തമായ കാരണവുമുണ്ട്-യൂറോയില്‍ പോര്‍ച്ചുഗലിനെയും ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും റയല്‍ മാഡ്രിഡിനായും നടത്തിയ പ്രകടനങ്ങള്‍. പക്ഷേ വിരോധാഭാസമായി തോന്നാം റയല്‍ നിരയില്‍ കൃസ്റ്റിയാനോയുടെ കുതിപ്പിന് കരുത്ത് പകര്‍ന്ന സെര്‍ജിയോ റാമോസിന് ഒരു വോട്ടും ആരും നല്‍കിയില്ല എന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയലിന്റെ കുതിപ്പിന് ഗോളൂര്‍ജ്ജം നല്‍കിയത് റാമോസായിരുന്നു.

ഇക്കഴിഞ്ഞ വാരത്തില്‍ നുവോ കാംമ്പില്‍ നടന്ന എല്‍ക്ലാസികോയില്‍ റയലിന്റെ മുഖം രക്ഷിച്ചത് റാമോസായിരുന്നു. എന്തിനേറെ ബൊറൂഷ്യയുമായുളള ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ടീമിനെ രക്ഷിച്ചതും മറ്റാരുമായിരുന്നില്ല. ഇന്നലെ ബാലന്‍ഡിയോര്‍ വാങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ തന്റെ നേട്ടത്തില്‍ സഹതാരങ്ങള്‍ക്കുളള പങ്ക് വ്യക്തമാക്കിയ കൃസ്റ്റിയാനോ സെര്‍ജിയോ റാമോസിനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ലോക ക്ലബ് ഫുട്‌ബോള്‍ കളിക്കാനായി ജപ്പാനിലെ യോക്കോഹാമയിലെത്തിയ കൃസ്റ്റിയാനോ തന്റെ കപ്പിന്റെ റിപ്ലിക്കയുമായി റാമോസിനൊപ്പം ഫോട്ടോക്കും പോസ് ചെയ്തു. എന്ത് കൊണ്ട് ഒരാള്‍ പോലും റാമോസിനൊപ്പം നിന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം ഒരു ഡിഫന്‍ഡറായത് കൊണ്ടാവാം, അല്ലെങ്കില്‍ സൂപ്പര്‍ താരപ്പട്ടികയില്‍ വരാത്തത് കൊണ്ടാവാം.ലോക ഫുട്‌ബോളില്‍ മൂന്ന് കൊമ്പന്മാരാണ് ഇപ്പോള്‍ വമ്പന്മാര്‍. കൃസ്റ്റിയാനോയും മെസിയും നെയ്മറും. രണ്ട് പേര്‍ ബാര്‍സക്കായി ഒരുമിച്ച് കളിക്കുമ്പോള്‍ കൃസ്റ്റിയാനോ റയലിന്റെ കുന്തമുനയായി മുന്നില്‍ നില്‍ക്കുന്നു.

കഠിനാദ്ധ്വാനത്തിന്റെ കരുത്തായിരുന്നു കഴിഞ്ഞ മൂന്ന് തവണയും മികവിന്റെ കിരീടം റൊണാള്‍ഡോ തേടിയെത്താന്‍ കാരണമായത്. ഇത്തവണ അദ്ദേഹത്തിന്റെ മികവിന് അംഗീകാരമായി രണ്ട് കിരീടങ്ങളുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ യൂറോ നേടിയപ്പോള്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കി. രണ്ട് വലിയ കിരീടത്തിലും സൂപ്പര്‍ താരത്തിനുള്ള പങ്ക് നിര്‍ണായകമായിരുന്നു. മെസിയെ പോലെ ഒരു താരം ദേശീയ തലത്തില്‍ വേട്ടയാടപ്പെടുമ്പോഴാണ് ദേശീയ തലത്തിലും ക്ലബ് തലത്തിലും കൃസ്റ്റിയാനോ അംഗീകരിക്കപ്പെടുന്നത്. ഇത് തികച്ചും അര്‍ഹമായ അംഗീകാരം-ഇനി ഫിഫയുടെ പുരസ്‌ക്കാരം വരാനുണ്ട്. അവിടെയും പോര്‍ച്ചുഗലുകാരന് എതിര്‍പ്പുണ്ടാവില്ല