മൊഹാലി: ധര്‍മശാലയില്‍ നിന്നും കിട്ടിയ തിരിച്ചടിക്ക് പലിശയും കൂട്ടുപലിശയുമടക്കം രോഹിത് ശര്‍മയും കൂട്ടരും നല്‍കിയപ്പോള്‍ ലങ്കക്കെതിരായ രണ്ടാം ഏകദിനം 141 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ അനായാസം സ്വന്തമാക്കി.
രോഹിത്ത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറി കൊണ്ട് ചരിത്രത്താളുകളില്‍ ഇടംപിടച്ച മത്സരത്തില്‍ ഇന്ത്യ മുന്നോട്ടു വെച്ച 393 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സില്‍ കിതച്ചു തീര്‍ന്നു. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാള്‍ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ രോഹിത് ശര്‍മ തീര്‍ത്ത ബാലികേറാ മലയ്ക്കു മുന്നില്‍ ലങ്കന്‍ ബാറ്റിങ് നിരക്ക് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല. ഗുണതിലക (16), തരംഗ (7) തിരിമന്ന (21), ഡിക്‌വെല്ല (22) പെരേര (34) എന്നിങ്ങനെയാണ് മറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്കായി 60 റണ്‍സ് വഴങ്ങി ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജസ്പ്രീത് ഭുംറ രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക് പാണ്ഡ്യ, അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സുന്ദര്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍ തിരിമന്നയാണ് സുന്ദറിന്റെ ആദ്യ ഇര. നേരത്തെ ടോസ്് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത്ത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍, ധവാനും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറികളോടെ മികച്ച പിന്തുണ നല്‍കി.153 പന്തില്‍ 13 ഫോറും 12 സിക്‌സും സഹിതമാണ് രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി. നായകന്റെ കളി പുറത്തെടുത്ത രോഹിത് 208 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
രോഹിത്തിനു പുറമെ ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍ (88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മഹേന്ദ്ര സിങ് ധോണി (7), ഹര്‍ദിക് പാണ്ഡ്യ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ തിസര പെരേര മൂന്ന് വിക്കറ്റും, എസ്എസ് പതിരാന ഒരുവിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ചീട്ട് കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് മൊഹാലിയില്‍ കണ്ട്ത്. ആദ്യ വിക്കറ്റില്‍ രോഹിതും ധവാനും ചേര്‍ന്ന് 21.1 ഓവറില്‍ 115 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അയ്യരുമായുള്ള രണ്ടാം വിക്കറ്റ് കൂട്ടു കെട്ടില്‍ 213 റണ്‍സാണ് ക്യാപ്റ്റന്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിക്കും അര്‍ഹനായി. ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ലങ്കന്‍ താരമെന്ന ചീത്തപ്പേരോടെ 10 ഓവറില്‍ 106 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍ നുവാന്‍ പ്രദീപ് റണ്‍വിട്ടു കൊടുക്കുന്നതില്‍ ധാരാളിത്തം പ്രകടിപ്പിച്ചപ്പോള്‍ രോഹിതിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ക്യാപ്റ്റന്‍ തിസര പെരേര എട്ട് ഓവറില്‍ 80 റണ്‍സും സുരംഗ ലക്മല്‍ എട്ട് ഓവറില്‍ 70 റണ്‍സും വഴങ്ങി.
വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ഇതോടെ ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന ഏകദിനമായിരിക്കും പരമ്പര വിജയികളെ തീരുമാനിക്കുക.