ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രാഈല്‍ ഭീകരരാഷ്ട്രമാണെന്നും യു.എസ് തീരുമാനം നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ സംസാരിക്കവെ, ട്രംപിന്റെ നടപടിയെ ഉര്‍ദുഗാന്‍ അപലപിച്ചു. അധിനിവേശ ഭരണകൂടമായ ഇസ്രാഈല്‍ ഭീകര രാഷ്ട്രമാണ്. അമേരിക്ക തീരുമാനം പുന:പ്പരിശോധിച്ചില്ലെങ്കില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം തുര്‍ക്കി വിച്ഛേദിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജറൂസലം വിഷയം ചര്‍ച്ച ചെയ്യുന്നതിന് നാളെ ഇസ്തംബൂളില്‍ ഇസ്്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ഉച്ചകോടി ചേരുന്നുണ്ട്. എന്നാല്‍ ഉര്‍ദുഗാന്റെ വിമര്‍ശനത്തോട് രോഷത്തോടെയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. തുര്‍ക്കി നേതാവ് ഇസ്രാഈലിനെ പഠിപ്പിക്കേണ്ടെന്ന് നെതന്യാഹു പറഞ്ഞു. തുര്‍ക്കിയിലെ കുര്‍ദിഷ് ഗ്രാമങ്ങളില്‍ അദ്ദേഹം ബോംബിടുകയാണ്. മാധ്യമപ്രവര്‍ത്തകരെ തുറുങ്കിലടക്കുന്നു. ഗസ്സയിലും മറ്റു സ്ഥലങ്ങളിലും നിരപരാധികളെ ആക്രമിക്കുന്നതിന് ഭീകരര്‍ക്ക് അദ്ദേഹം സഹായം നല്‍കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.