തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്‍.ശ്രീലേഖക്കെതിരെയുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് ജഡ്ജി ബദറുദ്ദീന്‍ ഉത്തരവിട്ടത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം.

ഫെബ്രുവരി 17നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ തന്നെ പൊലിസുകാരെ കൊണ്ട് ശ്രീലേഖ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് തെളിവുകള്‍ സഹിതം ഹര്‍ജിക്കാരന്‍ പായ്ച്ചിറ നവാസ് ഇന്നലെ വിജിലന്‍സ് കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
തുടര്‍ന്ന് ഇന്നലെതന്നെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്‍ പരാതിക്കാരനായ പായ്ച്ചിറ നവാസിന്റെ മൊഴിയെടുത്തുമറ്റു പരാതിക്കാരായ ജോമോന്‍ പുത്തന്‍പരയ്ക്കലിന്റെയും ജോണ്‍സന്‍ പടമാടന്റെയും മൊഴിയെടുത്തു. ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാലും മന്ത്രി എ.കെ ശശീന്ദ്രനും അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തെങ്കിലും ചീഫ് സെക്രട്ടറി നാലുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ വന്നപ്പോഴാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.