മഞ്ചേരി: കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ടെര്‍മിനലില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ കൊടി നാട്ടിയ കേസില്‍ മുസ്്്്്ലീം ലീഗ് പ്രവര്‍ത്തകരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്്് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി കെ.എസ് വരുണ്‍ വെറുതെവിട്ടു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി അംഗമായിരുന്ന കാവനൂര്‍ പാലക്കല്‍ പറമ്പില്‍ അബ്ദുറഹിമാന്‍(25),കണ്ണിയന്‍ ശഫീഖ്(19),തൃപ്പനച്ചി സ്വദേശികളായ കളത്തിങ്ങല്‍ മുഹമ്മദ്(19) താഴത്ത് പറമ്പത്ത് നജ്മുദ്ദീന്‍ എന്ന നജീബ്(19) എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനു കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ മുസ്്്്്ലീം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരിണനെത്തിയ ഇവര്‍ നിരോധിതമേഖലയില്‍ കടന്നു ഡൊമസ്റ്റിക്ക് ടെര്‍മിനലില്‍ അതിക്രമിച്ചുകയറി കെട്ടിടത്തിന്റെ മേല്‍കൂരയില്‍ സ്ഥാപിച്ച ഇന്ത്യന്‍ എയര്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആന്റീനയില്‍ മുസ്‌ലിം ലീഗിന്റെ കൊടി നാട്ടി എന്നതായിരുന്നു കേസ്.

രണ്ടില്‍ കൂടുതല്‍ പേര്‍ സംഘം ചേരല്‍, അതിക്രമിച്ചുകടക്കല്‍ എന്നീ വകുപ്പുകളും എയര്‍ക്രാഫ്റ്റ് ആക്ടിന്റെ വിവിധ വകുപ്പുകളും അനുസരിച്ചായിരുന്നു പ്രതികള്‍കെതിരെ കേസ് രജിസ്തര്‍ ചെയ്തിരുന്നത്. 2004ല്‍ കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായവര്‍ക്ക് മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അഡ്വ.യു.എ ലത്തീഫായിരുന്നു ജാമ്യം നേടിക്കൊടുത്തത്.

തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ഇത്തരത്തില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കുറ്റാരോപിതരെ വെറുതെ വിടുന്നത്.കേസില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസവും, സി.ആര്‍.പി.എഫ് ജവാന്‍മാര്‍ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കാത്തതും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവായി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ: പി.വി മനാഫ് ഹാജരായി.