പട്‌ന: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ലാലു കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ലേലത്തിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ലാലുവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് തുടങ്ങിയവരും കേസില്‍ പ്രതികളാണ്. ബിഹാറില്‍ ഭരണമാറ്റമുണ്ടായതിന് തൊട്ടുപിന്നാലെ ലാലുവിനെയും കുടുംബത്തെയും കുരുക്കിലാക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്. 2004-09 കാലഘട്ടത്തില്‍ കേന്ദ്ര റയില്‍വെ മന്ത്രിയായിരിക്കെ ഐ.ആര്‍.സി.ടി.സിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാലു അഴിമതി നടത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിന് ലാലുവിന്റേയും ബന്ധുക്കളുടെയും വീട്ടിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഐ.ആര്‍.സി.ടി.സി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തി സി.ബി.ഐ കേസെടുത്തത്. സുജാത ഹോട്ടല്‍ ഡയറക്ടര്‍മാരായ വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍, ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി, അന്നത്തെ ഐ.ആര്‍.സി.ടി.സി മാനേജിങ് ഡയറക്ടര്‍ പി.കെ.ഗോയല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം കേസുകളില്‍ കുടുക്കി ലാലുവിനെയും കുടുംബത്തെയും രാഷ്ട്രീയമായി ഉന്‍മൂലനം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.