ഗ റസാഖ് ഒരുമനയൂര്‍
അബുദാബി:

ഗള്‍ഫ് നാടുകള്‍ മഴക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തണുപ്പിലേക്ക് പ്രവേശിച്ച് പൊടിക്കാറ്റും മഞ്ഞുമെല്ലാം കാലാവസ്ഥയെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മഴ വരാന്‍ ഇനിയും എത്ര കാത്തിരിക്കണമെന്നറിയില്ല. മാനം പലപ്പോഴും കറുക്കുകയും കാര്‍മേഘങ്ങള്‍ പാറിനടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മഴ പെയ്യുന്ന സൂചന ഇനിയും കാണാനില്ല.
വടക്കന്‍ എമിറേറ്റുകളില്‍ ഇടക്ക് ചെറിയ ചാറ്റല്‍ മഴ ലഭിച്ചിരുന്നുവെങ്കിലും തലസ്ഥാന നഗരി ഈ വര്‍ഷം നനഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. വൈദ്യുതി ഉല്‍പാദനം മറ്റു മാര്‍ഗങ്ങളിലൂടെ നടക്കുന്നതു കൊണ്ട് കേരളത്തിലേത് പോലെ മഴ ലഭിക്കാത്തതു കൊണ്ടുള്ള പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇവിടെ വേണ്ടിവരുന്നില്ല എന്നത് വലിയ അനുഗ്രഹമാണ്.
സാമ്പത്തിക കെട്ടുറപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ സൗകര്യമുള്ളതുകൊണ്ട് പലപ്പോഴും മഴയുടെ കുറവ് ഗള്‍ഫ് നാടുകളിലെ പലരും അറിയുക പോലും ചെയ്യുന്നില്ല. ശുദ്ധജല ലഭ്യതയും വൈദ്യുതി ഉല്‍പാദനവും യഥേഷ്ടം നടക്കുന്നുവെന്നത് ഗള്‍ഫ് നാടുകള്‍ക്ക് ലഭിച്ച മറ്റൊരു അനുഗ്രഹമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, മഴ പെയ്തില്ലെങ്കിലും കാര്യങ്ങള്‍ക്ക് കുറവ് വരാറില്ല. എന്നാല്‍, ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ നിരവധി പ്രയാസങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യത്യസ്ത കൃഷികള്‍ക്ക് മഴ അനിവാര്യ ഘടകമാണ്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നതു പോലെയുള്ള അളവില്‍ ഗള്‍ഫ് നാടുകളില്‍ മഴ ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ.
ആഗോള വ്യാപകമായി താപനില ഉയര്‍ന്നു കൊണ്ടിരിക്കുന്നുവെന്നത് ഏറെ ആശങ്കയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും താപവിദഗ്ധ സമിതികളും ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനങ്ങള്‍ നടത്തി വരുന്നുണ്ട്. മഴ ഏറ്റവും സുലഭമായി ലഭിച്ചു വരുന്ന കേരളത്തില്‍ ഇപ്പോള്‍ അത് തീരെ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് ജനജീവിതത്തെ തന്നെ ബാധിക്കുന്ന വിധത്തിലേക്കാണ് നീങ്ങുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം അനുഭവപ്പെട്ട പൊടിക്കാറ്റും മൂടിക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. കാല്‍നടക്കാരും ദീര്‍ഘദൂര യാത്രക്കാരുമാണ് പൊടിക്കാറ്റില്‍ ഏറെ ദുരിതത്തിലായത്. ശക്തമായ പൊടിക്കാറ്റില്‍ വ്യക്തമായ കാഴ്ചയില്ലാതെ പലരും പ്രയാസപ്പെട്ടു. കണ്ണു തുറക്കാനാവാതെ പാതയോരങ്ങളില്‍ പലരും മുഖം പൊത്തി നില്‍ക്കുന്നത് കാണാമായിരുന്നു. ദീര്‍ഘദൂര വാഹനങ്ങള്‍ പലതും പാതയോരങ്ങളില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. വലിയ വാഹനങ്ങളും ശക്തമായ കാറ്റും ചെറിയ വാഹനങ്ങളെയാണ് കൂടുതല്‍ പ്രയാസത്തിലാക്കിയത്. കാറ്റിന്റെ ശക്തിയും വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതും കൂടിയായപ്പോള്‍ ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലപ്പോഴും കടുത്ത ആശങ്കയുണ്ടായി.