പി.എം സാദിഖലി

‘അടുത്ത തലമുറയിലെ കുട്ടികള്‍ ധാരാളികളായിരിക്കും. അവരുടെ ഭാവി എന്തെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല’. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ നിന്നും 25 കിലോമീറ്ററുകള്‍ക്കപ്പുറത്ത് സക്കാറയില്‍ സ്ഥിതി ചെയ്യുന്ന പിരമിഡിന് താഴെ എഴുതിവെച്ച വാചകങ്ങളാണിത്. ബി.സി 2800ല്‍ സോഷെയര്‍ എന്ന ഫറോവയുടെ സ്മാരകമായി നിര്‍മിച്ച ഈ പിരമിഡിന്റെ വാസ്തു ശില്പിയായ ഇമന്‍ഹോട്ടപ്പ് എഴുതിയ വാക്കുകള്‍ ഇപ്പോഴും അതിന് ചുവടെയുണ്ട്. ഈ പല്ലവി പലരും ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് സമൂഹത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത പ്രവാചകന്മാര്‍ വരികയും മനുഷ്യന്‍ ചന്ദ്രനില്‍ വരെ കാലുവെക്കുകയും ചെയ്ത കാലങ്ങളിലൂടെയുമാണ് ലോകം കടന്നുപോയത്.

പുതിയ തലമുറയെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ഒരു പോലെ സമൂഹം പങ്കുവെക്കുന്ന കാലമാണിത്. കണ്ണടച്ചു തുറക്കും മുമ്പെ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തെ ജീവിത രീതികളും സാമൂഹ്യ പ്രശ്‌നങ്ങളും പ്രവചനാതീതമാണ്. മല കയറുന്ന ഒരു യാത്രാ സംഘത്തിന്റെ നായക സ്ഥാനത്താണ് യുവാവ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. കൊടുങ്കാറ്റും മഞ്ഞ് വീഴ്ചയും ഇറക്കവും കയറ്റവുമെല്ലാം അതിജീവിച്ചു കൊണ്ട് തന്റെ സംഘത്തെ മുന്നോട്ടു നയിക്കുക എന്നതാണ് അവനേറ്റെടുക്കേണ്ട വെല്ലുവിളി. അതിനുള്ള മനോധൈര്യം കൈവരിക്കാനുള്ള ആശയാടിത്തറയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിക്കേണ്ടത്. സത്യസന്ധതയും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നേടിയെടുത്തു മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് മുസ്‌ലിം യൂത്ത്‌ലീഗ് യുവാക്കള്‍ക്ക് പകര്‍ന്ന് നല്‍കിയത്.

സമൂഹത്തിന്റെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും പരിഹരിക്കുക എന്ന ബാധ്യത ആദ്യം എത്തിച്ചേരുന്നത് യുവാക്കളിലാണ്. തന്റെ ജീവിത പരിസരത്തുള്ള എല്ലാ വിഭാഗം ജനങ്ങളും ഒരു വിഷമ ഘട്ടത്തിലെത്തുമ്പോള്‍ ആശയോടു കൂടി ഉറ്റുനോക്കുന്നത് യുവാക്കളിലേക്കാണ്. വാര്‍ധക്യം കൂട്ടുകൂടാനാഗ്രഹിക്കുന്നതും സുരക്ഷിതത്വം നഷ്ടപ്പെട്ടുപോകുമെന്ന ഭയപ്പാടുണ്ടാകുമ്പോള്‍ ഓരോ സഹോദരിയും തനിക്ക് കാവലായി കാണുന്നതും അവനെയാണ്.

അധികാരം ജനനന്മയെന്ന അടിസ്ഥാനപരമായ ലക്ഷ്യങ്ങളെ വിട്ട് പക്ഷപാതപരമായ നിലപാടുകളിലേക്ക് നീങ്ങുമ്പോള്‍ തിരുത്തലിന്റെ ശബ്ദമുയരേണ്ടത് യുവാവില്‍ നിന്നാണ്.
സമകാലിക ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളില്‍ ബഹുഭൂരിഭാഗവും ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയ സമീപനങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്നതാണ്. ഇന്ത്യന്‍ ഭരണകൂടം ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ ജെ. എന്‍.യുവില്‍ നിന്ന് നജീബെന്ന ഒരു യുവാവിനെ കാണാതായിട്ട് ആഴ്ചകള്‍ പലതായി. സംഘ്പരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് കാരണമായി പറയുന്നത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹം ഇതിനെതിരായി നടത്തുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതും ഒരു ഉദാഹരണമായി പറയാം. പത്രങ്ങളോടും ദൃശ്യമാധ്യമങ്ങളോടുമുള്ള ഭരണ കൂടത്തിന്റെ സമീപനങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ദലിതരും മുസ്‌ലിംകളുമടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക ശരീഅത്തിനെതിരായി നടത്തുന്ന ഭരണകൂടത്തിന്റെ നീക്കങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണ്.

ഇന്ത്യ നമുക്കൊരു വികാരമാണ്. രാജ്യത്തോടുള്ള അഭിനിവേശം, എല്ലാം ത്യജിക്കാനും ജീവന്‍ സമര്‍പ്പിക്കാനും ആ വികാരം നമ്മുടെ പൂര്‍വ്വികരെ ആവേശഭരിതരാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയം നമ്മെ സമര സജ്ജരാക്കി. അധികാരത്തിനും പദവിക്കും അവര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. എന്നാല്‍ രാജ്യം ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ പലപ്പോഴും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചു. തത്വങ്ങളെ വളര്‍ത്തിയെടുക്കേണ്ട രാഷ്ട്രീയം തന്ത്രങ്ങള്‍ക്ക് വഴിമാറിപ്പോയത് ഇന്നിന്റെ അപചയം.

ഫാസിസം അപകടപ്പെടുത്തുന്ന നിര്‍ണ്ണായക ഘട്ടത്തിലേക്കാണ് നാം നീങ്ങികൊണ്ടിരിക്കുന്നത്. പൂര്‍വ നേതാക്കള്‍ സമര്‍പ്പിച്ച ത്യാഗവും സന്നദ്ധതയും ഇങ്ങനെ ഒരിന്ത്യക്കു വേണ്ടിയായിരുന്നില്ല. സമഭാവനയില്‍ സര്‍വ്വരും കഴിയുന്ന മാനവികതയുടെ ഒരു ‘ലോക മാതൃക’യാണ് അവര്‍ സ്വപ്‌നം കണ്ടത്. ഈ തിരിച്ചറിവ് പുതിയ തലമുറയില്‍ സന്നിവേശിപ്പിക്കാനും അവരെ സമര്‍പ്പണ സജ്ജരാക്കാനും മുസ്‌ലിം യൂത്ത്‌ലീഗ് ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.

യുവതലമുറയില്‍ വലിയ പ്രതീക്ഷയാണ് നാം അര്‍പ്പിക്കേണ്ടത്. ഏകാധിപതികള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഏറ്റെടുത്ത് വിജയം കൈവരിച്ചവരുടെ ചരിത്രം അവര്‍ക്ക് പ്രചോദനമാകണം. അധികാരത്തിന്റെ അഹന്തയോടുള്ള പോരാട്ടം പ്രവാചകന്‍ ഇബ്രാഹിം (അ) നയിച്ചത് വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. രാഷ്ട്രീയം അധികാര സ്ഥാനങ്ങളെ കയ്യടക്കി വെക്കാനുള്ളതാണെന്ന ധാരണ സമൂഹത്തിനകത്ത് പടര്‍ന്നു പിടിച്ചിരിക്കുന്നു. അധികാര സ്ഥാനങ്ങളേയും മാനുഷിക വികാരങ്ങളുടെ പ്രലോഭനങ്ങളെയും അതിജീവിച്ച യൂസുഫ് നബി യുവത്വത്തിന് മാതൃകയാണ്. യുവാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനും തീരുമാനങ്ങളെടുക്കാനും കഴിവും സന്നദ്ധതയുമുള്ള യുവത്വം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അവര്‍ വരിക തന്നെ ചെയ്യും. ഈ ലോകത്തെ മാറ്റിമറിക്കാന്‍ വിശ്വാസിയായ ഒരു യുവാവിന് അനീതിക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ പ്രവാചകന്മാര്‍ മുതല്‍ ഇന്നുവരെ കടന്നുപോയ നേതൃനിര ആത്മവിശ്വാസം പകരും. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെയുള്ള മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ ഊര്‍ജ്ജം സിരകളില്‍ വഹിച്ചുകൊണ്ട് മുസ്‌ലിം യൂത്ത്‌ലീഗിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ ഒരുമിച്ചു ചേരുകയാണ്; കാലത്തിന്റെ ദൗത്യം ഏറ്റെടുക്കാന്‍.
(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)