Connect with us

Video Stories

ട്രംപിന്റെ വിജയവും അമേരിക്കയുടെ ഭാവിയും

Published

on

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലെത്തിച്ചു. അമേരിക്കന്‍ സമൂഹം വംശീയ, വര്‍ഗീയമായി വിഭജിക്കപ്പെട്ടു. അമേരിക്കയെ സഖ്യരാഷ്ട്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമേരിക്കയുടെ സര്‍വത്ര രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ട്രംപിന്റെ സ്ഥാനലബ്ധിയില്‍ ഇന്റലിജന്‍സിന് പോലും ആശങ്ക. കുടിയേറ്റക്കാര്‍ക്കെതിരായ പുത്തന്‍ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം സൃഷ്ടിച്ചു. അതിലുപരി അമേരിക്കന്‍ യുവത ട്രംപിനെതിരെ തെരുവുകളിലിറങ്ങിയിരിക്കുകയുമാണ്.
തെരഞ്ഞെടുപ്പ് ഫലം ലോകത്തെ ഞെട്ടിച്ചിരുന്നു. അവിശ്വസനീയം യാഥാര്‍ത്ഥ്യമായി. മാധ്യമങ്ങളുടെ പ്രവചനവും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ലോകത്തിന്റെ പ്രതീക്ഷയുമൊക്കെ അസ്ഥാനത്തായി. 240 വര്‍ഷത്തെ ചരിത്രമുള്ള അമേരിക്കന്‍ ജനാധിപത്യത്തിന്റെ അത്യപൂര്‍വ ജനവിധി. ഇലക്ടറല്‍ കോളജിലെ 538 സ്ഥാനങ്ങളില്‍ 289 ഉം ട്രംപ് നേടി. ഹിലരി ക്ലിന്റന് 219. അതേസമയം ജനകീയ വോട്ടില്‍ ഹിലരി മുന്നില്‍ നില്‍ക്കുന്നു. 47.7 ശതമാനം. ട്രംപിന് 47.5 ശതമാനം. 2000ത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ഗോറിന്നായിരുന്നു അഞ്ച് ലക്ഷം ജനകീയ വോട്ടുകളുടെ മുന്‍തൂക്കം. പക്ഷേ, ജോര്‍ജ് ബുഷ് ജൂനിയര്‍ ഇലക്ടറല്‍ കോളജില്‍ മുന്നിലെത്തി പ്രസിഡന്റായി. അന്നത്തെ ഫലത്തിന്റെ ആവര്‍ത്തനം. അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയിലേക്കാണ് ഇപ്പോഴത്തെ ഫലവും വെളിച്ചം വീശുന്നത്. ഫലം പുറത്തുവന്നതോടെ അമേരിക്കയുടെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രധാനമായും വിദ്യാര്‍ത്ഥികളും യുവാക്കളും അണിനിരന്ന പ്രതിഷേധ റാലികള്‍ ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റ് അല്ല’ എന്ന മുദ്രാവാക്യം മുഴക്കി. ഇപ്പോഴും തുടരുന്ന പ്രതിഷേധം ചിലേടത്ത് വംശീയ, വര്‍ഗീയ വികാരം ഇളക്കി വിട്ടു.
മാനസിക വിഭ്രാന്തി ബാധിച്ചയാള്‍, ലൈംഗിക ഭ്രാന്തന്‍, കോമാളി തുടങ്ങിയ വിശേഷങ്ങളൊക്കെ പ്രചാരണവേളയില്‍ ട്രംപിന് മേലുണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരുടെ എതിര്‍പ്പ് കൂടി അവഗണിച്ച് ട്രംപ് പ്രചാരണ രംഗത്ത് തീവ്ര ദേശീയ വികാരം ആളിക്കത്തിച്ചു. വെള്ള വംശീയതയുടെ ആള്‍ രൂപമായി. മുസ്‌ലിംകള്‍ക്കും കുടിയേറ്റ സമൂഹത്തിനും അമേരിക്കന്‍, ആഫ്രിക്കന്‍ സമൂഹത്തിനും എതിരായി തീവ്രദേശീയ വികാരം ഉയര്‍ത്തിക്കൊണ്ട് ട്രംപ് നടത്തിയ പ്രചാരണം വെള്ളക്കാരെ ആവേശഭരിതരാക്കി. ബരാക് ഒബാമയുടെ ഭരണകാലത്ത് തന്നെ വെള്ളക്കാരുടെ വംശീയത പ്രകടമായി തുടങ്ങിയതാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ നിരന്തരമുണ്ടായ പൊലീസ് നടപടി ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒബാമ പ്രസിഡന്റായ ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് സംരക്ഷണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കറുത്തവര്‍ഗക്കാരും ഡമോക്രാറ്റുകളില്‍ നിന്ന് അകന്നു. ഒബാമക്ക് ലഭിച്ച യുവാക്കളുടെ വോട്ടുകള്‍ ഹിലരിക്ക് ലഭിച്ചില്ലെന്നതിന്റെ തെളിവാണ് ഡമോക്രാറ്റ് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ പോലും ഹിലരിക്ക് കാലിടറാന്‍ ഇടയാക്കിയത്. ‘ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ്’ എന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം കുടിയേറ്റക്കാര്‍ക്കെതിരായി നടത്തിയ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും എതിര്‍പ്പിന് കാരണമായി. 30 ലക്ഷം കുറ്റക്കാരെ പുറത്താക്കുമെന്നും അവരൊക്കെ ക്രിമിനലുകളാണെന്നുമാണ് ട്രംപിന്റെ പ്രസ്താവന. പ്രതിഷേധ പ്രകടനക്കാരെ പ്രകോപിപ്പിക്കാന്‍ മാത്രമാണ് ട്രംപിന്റെ നിലപാട് സഹായിക്കുക. മാധ്യമങ്ങള്‍ പ്രചോദിപ്പിക്കുന്നതാണ് പ്രതിഷേധ പ്രകടനങ്ങള്‍ എന്ന് ട്രംപ് കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെ കൂടുതല്‍ അകറ്റും.
ട്രംപിന്റെ വംശീയ, വര്‍ഗീയ വിരുദ്ധ നിലപാട് അമേരിക്കന്‍ സമൂഹത്തെ വിഭജിക്കുന്നു എന്നതിന്റെ സൂചനയാണ്, ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ 200 വംശീയ ആക്രമണങ്ങള്‍. ഇവ പ്രധാനമായും മുസ്‌ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെതിരെയാണ്, ട്രംപിന്റെ നിലപാടുകള്‍ അധികാരത്തിന് ശേഷവും തുടരുമെന്നാണ് വിജയിച്ച ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചനകളത്രയും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 2000 കിലോമീറ്റര്‍ നീളത്തില്‍ വന്‍മതില്‍ നിര്‍മിച്ച് കുടിയേറ്റം തടയും. മുസ്‌ലിംകള്‍, ആഫ്രിക്കന്‍ വംശജര്‍ തുടങ്ങിയവരെ പുറത്താക്കും. കാലാവസ്ഥാ കരാറുകളില്‍ നിന്ന് പിന്‍മാറുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നുണ്ട്.
ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ‘ചിന്തിച്ചതിനേക്കാള്‍ ആഴത്തില്‍ അമേരിക്ക വിഭജിക്കപ്പെട്ടു. ആഗ്രഹിച്ചതല്ല സംഭവിച്ചത്’ തീവ്രദേശീയവാദികള്‍ക്ക് അമേരിക്കയുടെ ഉന്നത ശീര്‍ഷരായ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. സ്വകാര്യ ഇ-മെയില്‍ വിവാദം ഹിലരിയുടെ തോല്‍വിക്ക് കാരണമാണ്. ഹിലരി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തന്റെ ജനപ്രീതി ഇടിച്ചതിന് പിന്നില്‍ എഫ്.ബി.ഐ ഡയരക്ടര്‍ ജയിംസ് കോമിയാണെന്നും അവര്‍ നിലപാട് തിരുത്തുമ്പോഴേക്കും 2.4 കോടി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നുവെന്നും ഹിലരി പറയുന്നു. എഫ്.ബി.ഐയുടെ നീക്കം ട്രംപിന് വേണ്ടിയുള്ള ഗൂഢാലോചനയാണ്.
പരമ്പരാഗത വിദേശനയം തിരുത്തുവാനുള്ള ട്രംപിന്റെ സമീപനത്തിന് എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. റഷ്യയുമായി ചങ്ങാത്തത്തിനുള്ള ട്രംപിന്റെ തയാറെടുപ്പാണ് യൂറോപ്പിനെ ആശങ്കയിലാക്കിയിട്ടുള്ളത്. യൂറോപ്പിനെ ലക്ഷ്യമാക്കി അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക കേന്ദ്രീകരണം നടക്കുമ്പോള്‍ പുട്ടിനുമായുള്ള ട്രംപിന്റെ സൗഹൃദ ശ്രമം സൈനിക നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായേക്കും. ഉക്രൈന്‍ ആക്രമിച്ച് ക്രിമിയ കൈവശപ്പെടുത്തിയതു പോലെ എസ്‌തോണിയ, ലിത്‌വാനിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് പദ്ധതിയുണ്ടത്രെ. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ കാലഹരണപ്പെട്ടതാണെന്ന ട്രംപിന്റെ നിലപാട്, നാറ്റോ നേതൃത്വത്തെ ചൊടിപ്പിച്ചു. ഈ നീക്കം അമേരിക്കക്കും യൂറോപ്പിനും ഗുണം ചെയ്യില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സഖ്യരാഷ്ട്രങ്ങള്‍ അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന കാര്യം നാറ്റോ മേധാവി ചൂണ്ടിക്കാണിച്ചത് ട്രംപിനുള്ള പ്രഹരമാണ്. ട്രംപിന്റെ വിജയം അറബ് ലോകത്തും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഒബാമ ഭരണത്തില്‍ സഊദി അറേബ്യക്ക് എതിരെ നിയമ നിര്‍മ്മാണം നടത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് കൂടുതല്‍ കര്‍ശന നിലപാടുകളിലേക്ക് നീങ്ങാന്‍ സാധ്യത കാണുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍സിന് ഇരുസഭയിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നയനിലപാടുകള്‍ കാതോര്‍ത്തിരിക്കുകയാണ് അറബ് ലോകം. വലിയ പ്രതീക്ഷയൊന്നും അവര്‍ക്കില്ല. സയണിസ്റ്റ് ലോബിയാണ് ട്രംപിന്റെ അണിയറ ശില്‍പ്പികള്‍. യൂറോപ്പിലെ വംശീയവാദികളിലെ ഭീകരമുഖമായ ഡേവിഡ് ഡ്യൂക്കും ഫ്രഞ്ച് നവനാസി പാര്‍ട്ടി നേതാവ് മാരിയ ലെപെന്നും ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ട്രംപിന്റെ നിലപാടു തന്നെ. ചെചന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ട് റഷ്യന്‍ ദേശീയവികാരം ആളിക്കത്തിച്ച് അധികാരത്തില്‍ തുടരുന്ന വഌഡ്മിര്‍ പുട്ടിന്‍ ട്രംപിന് പിന്തുണ നല്‍കുന്നതില്‍ അത്ഭുതപ്പെടാനില്ല. അഹമ്മദാബാദില്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ അമിത്ഷായുടെ പാര്‍ട്ടിക്കും ട്രംപിനെ ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. ഇംഗ്ലീഷ് പഴമൊഴി പോലെ ‘ഒരേ തൂവല്‍ പക്ഷികള്‍ക്ക് ഒരേ സമീപനം.’യൂറോപ്പില്‍ നിന്ന് വേര്‍പെടാന്‍ ബ്രിട്ടീഷ് ജനത (ബ്രക്‌സിറ്റ്) എടുത്ത തീരുമാനം പാശ്ചാത്യലോകത്തെ ഞെട്ടിച്ച ശേഷമുണ്ടാകുന്ന മറ്റൊരു അട്ടിമറിയാണ് ട്രംപിന്റെ വിജയം. പുതിയ സംഭവവികാസം ലോകസാഹചര്യം സങ്കീര്‍ണ്ണമാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ തമ്മില്‍ ഭേദമില്ല: കെ എം ഷാജി

സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്

Published

on

നാട്ടില്‍ ഏതൊരു പ്രശ്‌നത്തിനും ആശ്രയിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അവരെ പിന്തുണക്കുന്നതില്‍ സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് കെ.എം ഷാജി.

സര്‍ക്കാരായാലും രാഷ്ട്രീയ പാര്‍ട്ടികഓളായാലും മറ്റു സംഘടനകളായാലും ഏതൊരു വിഷയത്തിലും ആദ്യം തേടുന്നത് പ്രവാസികളുടെ പിന്തുണയാണ്എന്നാല്‍ പ്രാവസികള്‍ക്കൊരു പ്രശ്‌നം വന്നാല്‍ പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും സര്‍ക്കാരുകളും നിസ്സംഗത പുലര്‍ത്തുന്നു. മരിച്ച് മയ്യത്തായാല്‍ പോലും പ്രവാസികളുടെ മയ്യിത്ത് നാട്ടിലേക്കെത്തിക്കാന്‍ പറ്റാത്ത തരത്തില്‍ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളുണ്ടാവുന്നു. സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്‍ണ്ണമാക്കുന്നത്.

എയര്‍ ഇന്ത്യ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് കമ്പനി നഷ്ടത്തിലാണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നു. കമ്പനി ലാഭത്തിലായിരിക്കുന്നു. എന്നിട്ടും സര്‍വ്വീസുകള്‍ മെച്ചപ്പെടുത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്.

ഒരാഴ്ചയില്‍ ഒരുലക്ഷത്തി മുപ്പത്തിനാലായിരം പേര്‍ക്ക് യു എ ഇ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമായന കരാര്‍. യു.എ.ഇ ഇന്ത്യയോട് ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്, ഈ നിരക്ക് ഉയര്‍ത്തി ചുരുങ്ങിയത് രണ്ടര ലക്ഷം യാത്രക്കാരെ അനുവദിക്കണം എന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ കാരണം ഇതു സാധ്യമാവാതെ വരുന്നു.

കൂടുതല്‍ സര്‍വ്വീസുകളുണ്ടായാല്‍ വിമാന നിരക്ക് കുറയുമെന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സര്‍ക്കാരുകള്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തെയടക്കം തകര്‍ത്തത് അവിടെ പോര്‍ട്ടര്‍മാരായും മറ്റും ജോലിയെടുക്കുന്ന സഖാക്കളുടെ സമീപനം കൂടിയാണ്. ഇന്ന് ആളുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോലും ഭയമുണ്ടാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഗവണ്‍മെന്റുകളുടെ പിടിപ്പുകേടുകളുടെ മാത്രമാണ് എല്ലായിടത്തെയും പ്രശ്‌നം.

കേരള സര്‍ക്കാര്‍ നാടൊട്ടുക്കും വലിയ ഹോര്‍ഡിങ്‌സുകള്‍ വെച്ച് കൊട്ടിഘോഷിക്കുന്ന കേരള സഭയും ഈ വിഷയത്തില്‍ യാതൊരു നീക്കവും നടത്തുന്നില്ല. പ്രവാസികളിലെ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു പിരിഞ്ഞു പോവുകയല്ലാതെ, വിമാന നിരക്ക് കൊള്ളയടി പോലോത്ത് പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതും ലജ്ജാകരമാണ്.

അവസാന നിമിഷത്തിലാണ് പലപ്പോഴും ഫ്‌ലൈറ്റ് കാന്‍സലുകള്‍ നടത്തുന്നത്. ഇത് പ്രവാസികളുടെ ജോലി പോലും നഷ്ടപ്പെടാന്‍ കാരണമാവുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

മുതലപ്പൊഴിയിൽ രണ്ട് ബോട്ടപകങ്ങൾ; രക്ഷാപ്രവർത്തകർക്ക് പരിക്ക്

* രണ്ട് വള്ളങ്ങൾ പൂർണ്ണമായും തകർന്നു

Published

on

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടപരമ്പര, രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ആദ്യ അപകടം.പുതുക്കുറിച്ചി സ്വദേശി ഷിജുവിൻ്റെ ഉടസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുമ്പോൾ അഞ്ചുതൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ മീനുമായ വന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് തകർന്നു, ഇതോടെ വള്ളത്തിൽ വെള്ളം കയറി, വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനിടെ രണ്ട് താൽകാലിക ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട വള്ളം മുങ്ങുന്നതിനിടെ രക്ഷാബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കവേ വള്ളത്തിൻ്റെ അണിയം (കുറ്റി) പൊട്ടിയടിച്ചാണ് താഴംപള്ളി സ്വദേശി വിൽബന് (40) കൈയ്യിൽ പരിക്കേറ്റത്.ഇയാളുടെ ഇരു കൈകളും ഒടിഞ്ഞു. മറ്റൊരു വലിയ വള്ളം എത്തിച്ചാണ് പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്ക് പുലിമുട്ടിൽ നിന്നും ലൈഫ് ബോയ് എടുത്ത് ഇടാൻ ശ്രമിക്കവെ കാൽവഴുത്തി വീണ് ഷിബുവിനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.പൂത്തുറ സ്വദേശിയായ റോബിൻ്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു ഏപ്രിൽ മുതൽ ഇതുവരെ പതിനെട്ട് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈയാഴ്ചയിൽ ആറപകടങ്ങളും ഉണ്ടായി

Continue Reading

Video Stories

‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും, സ്മൃതി ഇറാനി​ക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കണം’; അഭ്യർഥനയുമായി രാഹുൽ

ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു.

Published

on

ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥനയുമായി രാഹുൽ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും എന്നാൽ, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനി​ക്കോ മറ്റേതെങ്കിലും നേതാക്കൾക്കേ എതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്തിയതോടെ ബി.ജെ.പിയിലെ ഗ്ലാമർ താരമായിരുന്നു സ്മൃതി. അമേഠിയിൽ വീണ്ടും മത്സരിക്കാൻ അവർ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. തോറ്റെങ്കിലും സ്മൃതിയെ രാജ്യസഭ വഴി മന്ത്രിസഭയിൽ എടുത്തേക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. തങ്ങളുടെ പ്രധാന വനിതാ മുഖമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന സ്മൃതിയെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അമേത്തിയിൽ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ്  ഉണ്ടായിരുന്നത്. ഇത് തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്.

Continue Reading

Trending