ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ചെല്‍സിയെ ഒടുവില്‍ ടോട്ടനം വീഴ്ത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ടോട്ടനം ഒന്നാം സ്ഥാനത്തു തുടരുന്ന ചെല്‍സിയെ വീഴ്ത്തിയത്. ഇംഗ്ലീഷ് താരം ഡെലെ അല്ലിയുടെ ഇരട്ട ഗോളുകളാണ് തുടര്‍ച്ചയായി 14-ാം വിജയം ലക്ഷ്യം വെച്ചിറങ്ങിയ ചെല്‍സിക്കു കനത്ത ആഘാതമേല്‍പിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ 54-ാം മിനിറ്റിലുമാണ് അല്ലി ഗോളുകള്‍ നേടിയത്. ഇരുഗോളുകള്‍ക്കും എറിക്‌സണാണ് വഴി വെച്ചത്. 2001-02 സീസണില്‍ ആഴ്‌സണല്‍ കുറിച്ച തുടര്‍ച്ചയായ 13 വിജയങ്ങള്‍ എന്ന റെക്കോര്‍ഡിന് ഒപ്പമെത്താനെ ഇതോടെ അന്റോണിയോ കോന്റേയുടെ സംഘത്തിനായുള്ളൂ. തോറ്റെങ്കിലും 20 മത്സരങ്ങളില്‍ നിന്നും 49 പോയിന്റുമായി ചെല്‍സി തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ജയത്തോടെ അഞ്ചാം സ്ഥാനത്തായിരുന്ന ടോട്ടനം 42 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.