Connect with us

Video Stories

പുതുവര്‍ഷത്തില്‍ താരങ്ങള്‍ പൊരിവെയിലില്‍

Published

on

റിയോ ഒളിംപിക്‌സ് നടക്കുമ്പോള്‍ രാജ്യത്തിന് സ്വര്‍ണത്തിന് തുല്യമായ നാണക്കേട് സമ്മാനിച്ച കായിക മന്ത്രിയാണ് വിജയ് ഗോയല്‍. അതേ ഗോയല്‍ തന്നെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ കാട്ടുകളളന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുരേഷ് കല്‍മാഡിക്കും അഭയ്‌സിംഗ് ചൗട്ടാലക്കുമെതിരെ സംസാരിക്കുന്നത് നമ്മുടെ സ്‌പോര്‍ട്‌സിലെ വിരോധാഭാസമാണ് എന്ന് കരുതരുത്. സ്‌പോര്‍ട്‌സിലെ വ്യക്തമായ രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരസ്യമായി പുറത്ത് വരുന്നതെങ്കില്‍ ഇന്ന് പിറക്കുന്ന 2017 ല്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കല്‍മാഡിക്കും ചൗട്ടാലക്കും പരവതാനി വിരിച്ച കുറ്റത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നയാ പൈസ നല്‍കില്ലെന്നാണ് വിജയ് ഗോയല്‍ നയിക്കുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അതിന് 100 ല്‍ 100 മാര്‍ക്ക്. പക്ഷേ ഗോയലിനെ പോലെ ഒരു മന്ത്രി മനസ്സിലാക്കേണ്ടത് ഫണ്ട് നല്‍കാതിരിക്കുമ്പോള്‍ കല്‍മാഡിക്കോ, ചൗട്ടാലക്കോ, ഐ.ഒ.എയുടെ തലവന്‍ രാമചന്ദ്രനോ ഒരു നഷ്ടവുമില്ല-നഷ്ടമെല്ലാം പാവം നമ്മുടെ താരങ്ങള്‍ക്കാണ്. അവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യവും സ്‌റ്റൈപ്പന്‍ഡും അവരുടെ മല്‍സരാവസരങ്ങളുമെല്ലാമാണ് നഷ്ടമാവുന്നത്. റിയോ ഒളിംപിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ കായിക നയം പ്രഖ്യാപിച്ചിരുന്നു-കായിക സംഘടനകളുടെ രാഷ്ട്രീയവും പിടിവലിയും അംഗീകരിക്കില്ലെന്നും ഒളിംപിക്‌സ് ഉള്‍പ്പെടെയുളള കായിക മാമാങ്കങ്ങള്‍ ലക്ഷ്യമിട്ട് വിശാലമായ പരിശീലന പരിപാടികള്‍ നടപ്പാക്കുമെന്നും പ്രഖ്യപിച്ച സര്‍ക്കാരിന്റെ കായിക വക്താവാണ് താരങ്ങളെ നട്ടുച്ചയില്‍ നിര്‍ത്തി നയാപൈസ നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ചില്ലുകൊട്ടാരത്തില്‍ ജിവിക്കുന്നവരാണ് കല്‍മാഡിയും ചൗട്ടാലയും രാമചന്ദ്രനും ലളിത് ഭാനോട്ടുമെല്ലാം. അവരെ തൊടാന്‍ തല്‍ക്കാലം ഗോയലിനോ സര്‍ക്കാരിനോ കഴിയില്ല. കാരണം കായിക സംഘടനകളുടെ തലപ്പത്തെല്ലാം രാഷ്ട്രീയ കുലപതിമാരാണ്. വയോ വൃദ്ധന്മാര്‍ നയിക്കുന്ന നമ്മുടെ സ്‌പോര്‍ട്‌സിനെ രക്ഷിക്കാന്‍ ജസ്റ്റിസ് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ ക്രിക്കറ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിശാലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുന്ന അനുരാഗ് ഠാക്കൂര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലവന്‍ ബി.ജെ.പിയുടെ എം.പിയാണ്. അദ്ദേഹത്തെ പിന്തുണക്കുന്നത് രാജീവ് ശുക്ല എന്ന കോണ്‍ഗ്രസുകാരനാണ്. ക്രിക്കറ്റിനെ തൊടാന്‍ പരുന്തിന് പോലുമാവില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ക്രിക്കറ്റ് സിംഹങ്ങളെ തൊടാന്‍ ഒരു മന്ത്രിക്കുമാവില്ല. അരുണ്‍ ജെയറ്റ്‌ലി എന്ന ക്രിക്കറ്റ് നേതാവാണ് കേന്ദ്ര സര്‍ക്കാരിലെ ധനകാര്യമന്ത്രി. ക്രിക്കറ്റ് ഭരണത്തില്‍ എല്ലാ പാര്‍ട്ടിക്കാരും കൊള്ളക്കാരുടെ കുപ്പായത്തില്‍ കഴിയുന്നവരാണ്. ശരത് പവാറിനെ പോലെ ഒരു നേതാവാണ് 70 വയസ്സെന്ന ലോധിയുടെ തോക്കിനെ പേടിച്ചാണെങ്കില്‍ പോലും ക്രിക്കറ്റ് ഭരണത്തില്‍ നിന്ന് മാറിയത്. നമ്മുടെ താരങ്ങളെ ആര്‍ക്കും വേണ്ട-ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമെല്ലാം വരുമ്പോള്‍ തട്ടിക്കൂട്ടി ചല പ്രഖ്യാപനങ്ങള്‍ നടത്തി ഖജനാവിലെ കോടികള്‍ കൊണ്ട് കൂറെ ശിങ്കിടിമാര്‍ ടൂര്‍ പോവും. അതാണ് നമ്മുടെ ഒളിംപിക്‌സ്-അവിടെയാണ് പങ്കെടുക്കുക, വിജയിപ്പിക്കുക എന്ന മഹത്തായ മുദ്രാവാക്യം പ്രാവര്‍ത്തികമാവുന്നത്. പുതു വര്‍ഷം തുടങ്ങുമ്പോള്‍ കായികതാരങ്ങള്‍ വേണ്ടി സംസാരിക്കാന്‍ ആരുമില്ല.

ജനുവരി അഞ്ചിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്. മുന്‍ ചാമ്പ്യന്മാരാണ് കേരളം. നമ്മുടെ ടീം കളിക്കാനിറങ്ങുന്നത് നട്ടുച്ച വെയിലില്‍. കാല്‍പ്പന്തിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ജനതക്ക് മുന്നിലാണ് പൊരിവെയിലില്‍ കേരളം കളിക്കാനിറങ്ങുന്നത്. കേരളം മാത്രമല്ല മറ്റ് ടീമുകള്‍ക്കും ഇതേ ഗതിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കോടികള്‍ മുടക്കി ഫള്ഡ്‌ലിറ്റ് സ്ഥാപിച്ചിച്ചിട്ട് വര്‍ഷങ്ങളായി. അത് അവസാനമായി കത്തിയത് ഒരു വര്‍ഷം മുമ്പ് നാഗ്ജി ഫുട്‌ബോള്‍ നടന്നപ്പോഴാണ്. അതിന് ശേഷം അവിടെ ലൈറ്റുണ്ടോ, തുരുമ്പെടുത്തോ എന്നൊന്നും ആര്‍ക്കുമറിയില്ല. ദേശീയ ഗെയിംസ് മുന്‍നിര്‍ത്തി നവീകരിച്ച സ്‌റ്റേഡിയത്തിന്റെ അവസ്ഥയും കട്ടപ്പൊകയാണ്. എയര്‍കണ്ടീഷന്‍ യൂണിറ്റുകള്‍ പലതും പലരുടെയും കൈകളിലെത്തി. മൈതാനത്ത് വസിക്കുന്നത് പാമ്പുകളും എലികളുമെല്ലാമാണ്. ഇതൊന്നും പക്ഷേ കായികമന്ത്രിയും നമ്മുടെ സംസ്ഥാന ഭരണകൂടമൊന്നും കാണുന്നില്ല. താരങ്ങള്‍ വെയില്‍ കൊണ്ട് കളിക്കട്ടെ എന്നതാണ് അവരുടെ മുദ്രാവാക്യം. നമ്മുടെ വോളി ടീം ചെന്നൈയില്‍ നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കിരീടം സ്വന്തമാക്കി-അവരെ ഒന്ന് അഭിനന്ദിക്കാന്‍ ഇത് വരെ ആരെയും കണ്ടില്ല. പുതിയ വര്‍ഷമാണ് പിറക്കുന്നത്-നമ്മുടെ താരങ്ങളില്‍ പലരും കരുത്തരായി പുത്തന്‍ നേട്ടങ്ങളും ബഹുമതികളും സ്വന്തമാക്കുമ്പോള്‍ അവരെ സ്‌നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Published

on

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറൽ ഹെപറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതിൽ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

Trending