Video Stories
പൊലിഞ്ഞുപോയ പ്രകാശഗോപുരം
പ്രസിദ്ധ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് വിടവാങ്ങിയിരിക്കുന്നു. കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തിലൂടെ മുസ്ലിം സമുദായത്തിന് നഷ്ടമായിരിക്കുന്നത്. ആറരപ്പതിറ്റാണ്ടിലേറെക്കാലം അറിവ് പകര്‍ന്നും പങ്കുവച്ചും ജീവിത സപര്യയെ പ്രശോഭിതമാക്കിയ ആ അതുല്യ പണ്ഡിതന് ഇനി ജനമനസ്സില്‍. പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും അതിന്റെ പവിത്രതയില്‍ പ്രോജ്ജ്വലമാക്കിയാണ് മുഹമ്മദ് മുസ്ലിയാരെന്ന പ്രകാശം പൊലിഞ്ഞുപോയത്. അല്പ്പകാലത്തെ അധ്യക്ഷ പദവിയില്‍ അതിവിശിഷ്ടമായ നേതൃത്വത്തിന്റെ അനുകരണീയ മാതൃകകള്‍ അദ്ദേഹം സൃഷ്ടിച്ചു.
പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് ഇസ്ലാമിക പാഠം. ദൈവിക സന്ദേശങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ അതിന്റെ സാരാംശങ്ങളിലൂടെ ജീവിച്ചവരാണ് പ്രവാചകന്മാര്. ഇരുളടഞ്ഞ ഊടുവഴികളിലെല്ലാം നിത്യവെളിച്ചത്തിന്റെ വിളക്കുതിരികള്‍ കൊളുത്തിവച്ചവരാണവര്‍. അന്ത്യപ്രവാചകനു ശേഷം ഈ ദൗത്യം നിര്‍വഹിക്കപ്പെടുന്നത് പണ്ഡിതന്മാരാണ്. പ്രതിസന്ധികളുടെ വൈതരണികളെ വകഞ്ഞുമാറ്റി സത്യപാന്ഥാവ് പടുത്തുയര്‍ത്തിയ പ്രവാചകന്മാരുടെ പാതയാണ് പണ്ഡിതന്മാര് പിന്തുടരുന്നത്. സ്വാര്‍ത്ഥതയും സമ്പന്നതയും സുഖലോലുപതയും ആഗ്രഹിക്കാതെയാണ് ദൈവ ദൂതന്മാര് സ്രഷ്ടാവിലേക്ക് അതിരുകളില്ലാത്ത സാമീപ്യമുണ്ടാക്കിയത്. അഭൗമികരായ പണ്ഡിതന്മാര് അവരുടെ ജീവിതം കടഞ്ഞെടുക്കുന്നത് ഇത്തരം പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ നിന്നു കേരള മുസ്ലിംകളുടെ ഹൃദയാന്തരങ്ങളില്‍ അറിവിന്റെയും ആര്‍ദ്രതയുടെയും അക്ഷരപാഠങ്ങള്‍ കൊത്തിവച്ച അമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് മുസ്ലിയാര് ഇത്തരം ഗണത്തിലെ നിസ്തുലനായ പണ്ഡിതനായിരുന്നുവെന്ന് നിസ്സംശയം പറയാം.
പറഞ്ഞുകൊടുക്കാന്‍ മാത്രമുള്ളതായിരുന്നില്ല മുഹമ്മദ് മുസ്്ലിയാര്‍ക്ക് പാണ്ഡിത്യം. പകര്‍ന്നുകൊടുക്കുക എന്ന ഉദാത്തമായ ലക്ഷ്യംകൂടി അദ്ദേഹം മരണം വരെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പഠിച്ചതെല്ലാം ജീവിത പതിവാക്കുകയും അത് ശിഷ്യഗണങ്ങളില്‍ ശീലമായി കാണണമെന്ന് ശഠിക്കുകയും ചെയ്തു. മാര്‍ഗദര്‍ശികളായിരുന്ന സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര് എന്നിവരുടെ ജീവിതത്തില്‍ നിന്നാണ് മുഹമ്മദ് മുസ്ലിയാര് ഇതു സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിച്ചത്. അതുകൊണ്ടുതന്നെയാണ് ആരും കൊതിക്കുന്ന ആദരവ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്നത്.
കേരളത്തിലെ ഇസ്ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പണ്ഡിതന്മാരില് പലരുടെയും ഗുരുവര്യരായിരുന്നിട്ടും അതിന്റെ ലാഞ്ചന തെല്ലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെവിടെയും നിഴലിച്ചുകണ്ടില്ല. ആരവങ്ങളുടെയും ഒച്ചപ്പാടുകളുടെയും കാലത്ത് പത്രാസുകള് മോഹിക്കാതെ ജീവിച്ചു എന്നതാണ് മുഹമ്മദ് മുസ്ലിയാരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സമസ്തയുടെ പ്രസിഡന്റ് പദവിയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വൈസ് പ്രിന്‍സിപ്പല്‍ പദവിയും പെരുമ നടിക്കാനായി എവിടെയും ഉപയോഗപ്പെടുത്തിയില്ല. അനാവശ്യമായി നോക്കോ വാക്കോ ഉപയോഗിക്കാതെ എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിച്ചുള്ള ഇത്തരം ജീവിതങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ‘കാരുണ്യവാനായ അല്ലാഹുവിന്റെ ദാസന്മാര് വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് അഭിമുഖ സംഭാഷണം നടത്തിയാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു’ എന്ന ഖുര്‍ആനിക അധ്യാപനത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. യഥാര്‍ഥ പണ്ഡിതന്റെ കടമയെന്തെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാനാണ് ദര്‍സ് പഠനകാലംതൊട്ടേ അദ്ദേഹം ശീലിച്ചുവന്നത്. സുഖസൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും അളവറ്റതരത്തിലുണ്ടായിട്ടും ആഢംബരങ്ങളില്‍ നിന്ന് അകന്നു നിന്ന വിനയത്തിന്റെ പ്രതീകമായിരുന്നു മുഹമ്മദ് മുസ്ലിയാര്.
അറിവിന്റെ തെളിമയാര്‍ന്ന വഴികളില്‍ തനിക്കു മുന്നിലെത്തിയ ജനങ്ങളെ സത്യമതത്തിന്റെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹം പഠിപ്പിച്ചത്. കൃത്യമായ ചിട്ടകളും കണിശമായ നിലപാടുകളും കൊണ്ട് മുഹമ്മദ് മുസ്ലിയാര് പടുത്തുയര്‍ത്തിയ ജീവിതരീതി പണ്ഡിതന്മാര്ക്കു പോലും പാഠമാണ്. മുസ്ലിം ലോകം കല്ലും മുള്ളും നിറഞ്ഞ കനല്‍പഥങ്ങളിലൂടെ കടന്നുപോകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പക്വമതികളായ പണ്ഡിതന്മാരുടെ വിയോഗം വലിയ വിടവാണുണ്ടാക്കുക. കാളമ്പാടി മുഹമ്മദ് മുസ്ലിയാരും ആനക്കര സി. കോയക്കുട്ടി മുസ്ലിയാരും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും വിടവാങ്ങിയതിന്റെ വേദന തീരുംമുമ്പാണ് സമസ്തയുടെ നേതൃനിരയില്‍ നിന്ന് ഒരു പണ്ഡിതന്‍കൂടി പോയ്മറയുന്നത്.
പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്നാണ് ആപ്തവാക്യം. സമുദായ നവോത്ഥാനത്തിനും സാമൂഹിക പരിഷ്കാരങ്ങള്‍ക്കും നേതൃത്വം നല്കുന്നതില് സ്തുത്യര്‍ഹമായ ഇടം രേഖപ്പെടുത്തിയവരാണ് കേരളത്തിലെ മണ്മറഞ്ഞ മഹാപണ്ഡിതന്മാര്. മുഹമ്മദ് മുസ്ലിയാരുടെ ജീവിതവും സേവനങ്ങളും എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
മുസ്ലിം സമൂഹത്തിന്റെ അന്തസ്സും ആത്മാഭിമാനവും നിലനിര്‍ത്താന്‍ നിഷ്കളങ്കരായ സമുദായ നേതാക്കളുടെ സേവനം അനിവാര്യമായ സമയമാണിത്. ആരും ആര്‍ക്കും പകരമാവില്ലെങ്കിലും ഇത്തരം ശൂന്യതകളുടെ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു വഴികാണിക്കുന്ന മഹാപണ്ഡിതന്മാര് അവതരിക്കേണ്ടതുണ്ട്. എ.പി മുഹമ്മദ് മുസ്ലിയാരുടെ വേര്‍പാടിന്റെ വേദനയില്‍ വ്യസനിക്കുന്നവരുടെ സന്താപത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് സമുദായ സമുദ്ധാരണത്തിന് നേതൃത്വം നല്കാന് നിഷ്കാമ കര്‍മികളായ പണ്ഡിതന്മാര് ഇനിയും ഉയര്‍ന്നുവരട്ടെ എന്നു പ്രാര്‍ഥിക്കാം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി