ലക്‌നൗ: പള്ളിയില്‍ ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തി ഷാള്‍ കൊണ്ട് തല മറച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അലഹബാദില്‍ നടന്ന എക്സിബിഷന്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, സമീപത്തെ പള്ളിയില്‍ നിന്നും ബാങ്ക് വിളി മുഴങ്ങുകയായിരുന്നു. ഇതോടെ പ്രസംഗം നിര്‍ത്തിയ സോണിയാ ഗാന്ധി സാരിത്തലപ്പ് കൊണ്ട് തലമറച്ചു. ബാങ്ക് കഴിഞ്ഞതോടെ പ്രസംഗം തുടരുകയും ചെയ്തു. ഇന്ത്യയെ ശക്തവും വികസിതവുമാക്കുകയായിരുന്നു ഇന്ധിരാഗാന്ധിയുടെ വലിയ ആകുലത- ഇങ്ങനെ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സമീപത്തെ പള്ളിയില്‍ ബാങ്കുവിളി ഉയര്‍ന്നത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചടങ്ങിലുണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഗാന്ധി ത്രമൂര്‍ത്തികള്‍ ഒരു സദസില്‍ ഒരുമിച്ചത് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണെന്നത് ചടങ്ങിന് വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു.