- കമാല്‍ വരദൂര്‍
ഡിയാഗോ ഫോര്‍ലാന്‍-ഈ കളി താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. ലോകം കീഴടക്കിയ താരമാണ് താങ്കള്‍. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഞങ്ങളെല്ലാം കണ്ടതാണ്. ഉറുഗ്വേ എന്ന ലാറ്റിനമേരിക്കയിലെ ശരാശരി ടീമിനെ താങ്കളാണ് അവസാനം വരെ മുന്നില്‍ നിന്ന് നയിച്ചത്. അതേ താങ്കള്‍ ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ ബോധപൂര്‍വ്വം രണ്ട് ഗുരുതര ഫൗളുകള്‍ കാട്ടി ചുവപ്പില്‍ മടങ്ങി. ചുവപ്പ് കാര്‍ഡ് ഉറപ്പിച്ചതിന് ശേഷം ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരിയെറിഞ്ഞാണ് താങ്കള്‍ മടങ്ങിയത്. നല്ല ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരുടെ മുഖത്തടിച്ചാണ് താങ്കളുടെ മടക്കം.
ഫെയര്‍ ഗെയിം എന്ന ഫിഫയുടെ മുദ്രാവാക്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് താങ്കള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശത്തിലേക്ക് താങ്കളെ പോലെ ഒരാള്‍ വന്നപ്പോള്‍ ഞങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മതിമറന്നാഹ്ലാദിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ താങ്കള്‍ തകര്‍പ്പന്‍ ഹാട്രിക് നേടിയപ്പോള്‍ മലയാളികളായിട്ടും ആ ഗോളുകള്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. ഇന്നലെ കൊല്‍ക്കത്തക്കെതിരെ മുംബൈ നേടിയ രണ്ട് ഗോളിനും തുടക്കമിട്ടത് താങ്കളുടെ ഫ്രീകിക്കുകളായിരുന്നു. എന്നിട്ടും താങ്കള്‍ ചെയ്ത കാര്യങ്ങള്‍-സത്യം പറഞ്ഞാല്‍ ക്രൂരതയായിരുന്നു.
രണ്ട് ഫൗളുകളും അനാവശ്യം. ആദ്യ പാദത്തില്‍ മുംബൈ തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ ചുവപ്പ് വഴി രണ്ടാം പാദത്തില്‍ താങ്കളുടെ സേവനം ടീമിന് നഷ്ടമായിരിക്കുന്നു. അത് ടീമിനോട് ചെയ്ത അനീതി. താങ്കളെ പോലുള്ളവര്‍ ഇയാന്‍ ഹ്യൂമിനെ മാതൃകയാക്കണം. താങ്കളോളം പ്രശസ്തിയില്ല അദ്ദേഹത്തിന്. പക്ഷേ ആ കാനഡക്കാരന്റെ സമര്‍പ്പണം നോക്കുക- മരണകിടക്കയില്‍ നിന്നും മൈതാനത്തേക്ക് കയറിയ ആത്മവിശ്വാസത്തിന്റെ ചിരിക്കുന്ന പര്യായമായ ഹ്യൂമേട്ടന്‍ രണ്ട് സുന്ദരന്‍ ഗോളുകളും നേടി. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്ക് മുന്നില്‍ താങ്കളെക്കാള്‍ വലിയവനാണ് ഹ്യും. ഇത് വരെ താങ്കളായിരുന്നു എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. ഒരൊറ്റ മല്‍സരത്തിലൂടെ എല്ലാം താങ്കള്‍ തന്നെ കളഞ്ഞ് കുളിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ഇനി താങ്കളെ ആരും പ്രതീക്ഷിക്കുന്നുമില്ല.
Be the first to write a comment.