ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അനുമതി നല്‍കി. മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളികൊണ്ടാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. സഭയുടെ കീഴ്‌വഴക്കം ലംഘിച്ചാണ് ബജറ്റ് അവതരണത്തിന് അനുമതി നല്‍കിയത്. സാധാരണ ഏതെങ്കില്‍ സിറ്റിങ് എംപി മരിച്ചാല്‍ അനുശോചനമറിയിച്ച് സഭാ പിരിയാറാണ് പതിവ്. എന്നാല്‍ ബജറ്റ് അവതരണത്തിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങിയ സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് കീഴ്‌വഴക്കം മാത്രമാണ് നിയമം വഴി സ്ഥാപിതമായതല്ലെന്നും സര്‍ക്കാര്‍ നിലപാട്. സമാന രീതിയില്‍ 1954ലും 1974ലും സിറ്റിങ് എംപിമാര്‍ മരിച്ചപ്പോള്‍ ബജറ്റ് അവതരിപ്പിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.