റോം: ലോക ഫുട്‌ബോളില്‍ നിറഞ്ഞ് നിന്ന് ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ കണ്ണീരോടെ രാജ്യാന്തര ഫുട്‌ബോളിനോട് വിട ചൊല്ലി. സ്വീഡനുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇറ്റലി ലോകകപ്പ് ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായ സാഹചര്യത്തിലാണ് ടീമിന്റെ അമരക്കാരന്‍ കൂടിയായ ബഫണ്‍ രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പിറകെ ടീമിലെ സീനിയര്‍ താരങ്ങളായ ആന്ദ്രെ ബര്‍സാഗി, ഡാനിയേല്‍ ഡി റോസി എന്നിവരും രാജ്യാന്തര രാജി പ്രഖ്യാപിച്ചു. ചെലീനിയും ഈ പാത പിന്തുടരും. നാല് പേരും ചേര്‍ന്ന് ഇറ്റലിക്കായി കളിച്ചത് 461 മല്‍സരങ്ങളാണ്. 39 കാരനായ ബഫണ്‍ 175 മല്‍സരങ്ങളാണ് രാജ്യത്തിനായി കളിച്ചത്. ലോകം ദര്‍ശിച്ച മികച്ച കാവല്‍ക്കാരനില്‍ ഒരാളായിട്ടും വേദനയോടെ വിടവാങ്ങേണ്ടി വന്നതിന്റെ നൊമ്പരം ബഫണ്‍ പരസ്യമായി പങ്ക് വെച്ചു. സ്വീഡനുമായുള്ള മല്‍സരം അവസാനിച്ചയുടന്‍ പൊട്ടിക്കരയുകയായിരുന്നു നായകന്‍. ഒരിക്കലും ഇത്തരത്തിലൊരു വിരമിക്കല്‍ അദ്ദേഹവും ഇറ്റാലിയന്‍ ഫുട്‌ബോളും ആഗ്രഹിച്ചിട്ടില്ല. പരാജയ ഭാരത്തോടെ വിടവാങ്ങേണ്ടി വന്നതില്‍ സങ്കടവും വേദനയുമുണ്ടെന്ന് ബഫണ്‍ പറഞ്ഞു. ലോകത്തിലെ അസഖ്യം മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒന്നാമനായി മാറിയ ബഫണ്‍ യുവന്തസിന്റെ നിരയിലൂടെയാണ് വളര്‍ന്നത്. ചെറിയ പ്രായത്തില്‍ തന്നെ ഗോള്‍ക്കീപ്പര്‍ പട്ടം ആസ്വദിച്ച അദ്ദേഹം ദീര്‍ഘകാലമായി ദേശീയ ടീമിന്റെയും യുവന്തസിന്റെയും നായകനാണ്. അഞ്ച് ലോകകപ്പുകള്‍ കളിച്ച് ആറാമത് ലോകകപ്പിന് ഒരുങ്ങുുന്ന വേളയിലാണ് അപ്രതീക്ഷിതമായി തോല്‍വി പിണഞ്ഞത്.
ഗോള്‍ക്കീപ്പര്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും അസാമാന്യമായ മികവ് പ്രകടിപ്പിച്ച ബഫണിന്റെ കരുത്തിലായിരുന്നു 2006 ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇറ്റലി ലോകകപ്പ് സ്വന്തമാക്കിയത്. അധികസമയത്തേക്ക് ദീര്‍ഘിച്ച ആ പോരാട്ടത്തില്‍ ഫ്രഞ്ച് നായകന്‍ സൈനുദ്ദീന്‍ സിദാന്‍ പായിച്ച തകര്‍പ്പന്‍ ഷോട്ട് അനിതരസാധാരണമായ മികവില്‍ കുത്തിയകറ്റിയതായിരുന്നു ആ ലോകകപ്പ് ഫൈനലിലെ സമ്മോഹന മുഹൂര്‍ത്തം.