തിരുവനന്തപുരം: ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം. കുരിശ് തിരിച്ച് സ്ഥാപിക്കുന്നതുവരെ സമരരംഗത്ത് നിലയുറപ്പിക്കുമെന്ന് രൂപതാ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവും പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലുണ്ട്.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ കുരിശ് സ്ഥാപിച്ച സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് പൊളിച്ച് നീക്കിയിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഇന്ന് പള്ളികളില്‍ ഇടയലേഖനം വായിച്ചത്.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണന്ന വരികളോടെയാണ് ഇടയലേഖനം തുടങ്ങുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് ഉണ്ടായിരുന്ന ആരാധന കേന്ദ്രം എന്തിന് പൊളിച്ച് നീക്കി എന്ന ചോദ്യവും ലേഖനത്തില്‍ ഉയര്‍ത്തുന്നുണ്ട്. വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ മുഖ്യമന്ത്രിയുമായും വനംമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവര്‍ തന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലന്ന് ഇടയലേഖനത്തിലൂടെ വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുമ്പില്‍ വൈദികരുടെ നേതൃത്വത്തില്‍ ഉപവാസം നടത്തും. നിലവിലുള്ള സംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ഇടയലേഖനത്തില്‍ ഉന്നയിക്കുന്നു.