കിംഗ്‌സറ്റണ്‍: 15 വര്‍ഷം മുമ്പാണ്….. കിംഗ്സ്റ്റണിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒരു ചെറുപ്പക്കാരന്‍. ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് മൂന്നാം ട്രാക്കില്‍ മല്‍സരിക്കുന്നു. കറുത്ത് മെലിഞ്ഞ് അധികമാരും ശ്രദ്ധിക്കാത്ത പയ്യന്‍സ് താരം. മല്‍സരത്തിന്റെ തലേ ദിവസങ്ങളില്‍ ഉറക്കത്തിനിടെ കഴുത്തിന് വേദനയുണ്ടായതിനാല്‍ ട്രാക്കില്‍ നില്‍ക്കുമ്പോള്‍ കഴുത്ത് പോലും ചെരിക്കാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ സ്റ്റാര്‍ട്ടറുടെ വെടി പൊട്ടിയതും ആ പയ്യന്‍ കുതിച്ചു-20.61 സെക്കന്‍ഡില്‍ ഒന്നാമനായി….
ഈ ബാലനെ നിങ്ങളറിയും-സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട്…! രാജ്യത്തിന് വേണ്ടി ആദ്യ സ്വര്‍ണം സ്വന്തമാക്കിയ അതേ ട്രാക്കില്‍ ഇന്നലെ അദ്ദേഹം അവസാനമായി ഓടി-രാജാവിനെ പോലെ. 15 വര്‍ഷം മുമ്പ് ഓടുമ്പോള്‍ കൈയ്യടിക്കാന്‍ അധികമാരുമുണ്ടായിരുന്നില്ലെങ്കില്‍ ഇന്നലെ രാത്രി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒരു ഇരിപ്പിടം പോലും ബാക്കിയുണ്ടായിരുന്നില്ല. സല്യൂട്ട് ടു ലെജന്‍ഡ് (ഇതിഹാസത്തിന് വിട) എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് എല്ലാവരുമെത്തിയത്. ആഹ്ലാദത്തിന്റെ അംബാസിഡര്‍മാരായി അറിയപ്പെടുന്നവരാണ് ജമൈക്കക്കാര്‍. ചിരിക്കാന്‍ മറക്കാത്തവര്‍. ആഘോഷത്തിന് മടിക്കാത്തവര്‍. പക്ഷേ ഇന്നലെ എല്ലാവരുടെ മുഖത്തും വേദനയുണ്ടായിരുന്നു. ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ മല്‍സര രംഗം വിടുന്ന സൂപ്പര്‍ താരം ഇനി സ്വന്തം മണ്ണില്‍ മല്‍സരിക്കില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പലരും വിതുമ്പി. ഇന്നലെ ബോള്‍ട്ടിന്റെ അവസാന ഹോം മല്‍സരത്തിന് സാക്ഷികളാവാന്‍ ബ്രിട്ടന്റെ ഇതിഹാസ ദീര്‍ഘദൂര താരം മുഹമ്മദ് ഫറ, 800 മീറ്ററില്‍ ഇരട്ട ഒളിംപിക് സ്വര്‍ണം സ്വന്തമായുള്ള ഡേവിഡ് റുദിഷ, 400 മീറ്ററിലെ ലോക റെക്കോര്‍ഡുകാരന്‍ ദക്ഷിണാഫ്രിക്കയുടെ വെയ്‌ഡെ വാന്‍ നികര്‍ക്ക് തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരന്‍ ജെറമൈന്‍ മാസോണിന്റെ അകാല നിര്യാണത്തിലെ വേദനയും പേറിയാണ് ബോള്‍ട്ട് മല്‍സരിച്ചത്. നിരാശകളില്ലാതെയാണ് വിരമിക്കുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. ഞാന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ ഡോണ്‍ ക്വറി, ഹെര്‍ബ് മക്കന്‍ലി തുടങ്ങിയവരായിരുന്നു ട്രാക്കിലെ കരുത്തര്‍. ഇവര്‍ക്കൊപ്പം എന്റെ രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനാണ് കൊതിച്ചത്. അതിന് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. മൂന്ന് ഒളിംപിക്‌സുകളില്‍ ഞാന്‍ രാജ്യത്തിന്റെ അമരക്കാരനായി. ഇപ്പോള്‍ എവിടെ അത്‌ലറ്റിക്‌സ് മല്‍സരങ്ങളുണ്ടായലും ജമൈക്കക്കാരെ കാണാം. അതാണ് എന്റെ സന്തോഷം-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ മല്‍സര രംഗത്തില്ല ബോള്‍ട്ട്. സ്വന്തം നാട്ടിലെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കൂട്ടുകാരന്‍ ബൈക്കപകടത്തില്‍ മരിച്ചത്.