Video Stories
ഭരണകൂടം വേട്ടക്കാരാകരുത്
ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കുന്നതിന് അമിതോത്സാഹം കാണിക്കുന്ന പൊലീസ് പ്രവണത രാജ്യത്ത് അപകടകരമാം വിധം തുടരുകയാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ ചില പ്രത്യേക സമുദായങ്ങളെയും വിഭാഗങ്ങളെയും വേട്ടയാടുന്നതിന് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അത്ര നിസാരമായി കണ്ടുകൂടാ. ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗതപാലിക്കുന്നത് സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്താനിടയാക്കും. പൗരാവകാശ വേട്ടക്ക് ഭരണകൂടങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന വിചാരപ്പെടലുകള്‍ വ്യാപിക്കാനിടയാവുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ബലക്ഷയമായി വ്യാഖ്യാനിക്കപ്പെടും. അതിനാല്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകളെയും നിയമ സംഹിതകളെയും ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനുള്ള മൂന്നാം കണ്ണാണ് ഭരണകൂടങ്ങള്‍ക്കുണ്ടാവേണ്ടത്. അധികാരികളറിയാതെ വകുപ്പുകളും നിയമങ്ങളും ഭത്സിക്കുന്ന ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനുള്ള ഇച്ഛാശക്തിയാണ് ഭരണകൂടങ്ങളില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
യു.എ.പി.എ ചുമത്തുന്നതു സംബന്ധിച്ച് സമീപ കാലത്തുണ്ടായ പൊലീസ് നടപടികള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിയിച്ചിരിക്കുകയാണ്. ഒരു പ്രത്യേക സമുദായത്തിലെ സ്ഥാപനങ്ങളെയും പ്രബോധകരെയും കേന്ദ്രീകരിച്ചു കരിനിയമങ്ങളുടെ നീരാളിക്കൈകള്‍ കുരുക്കിടുന്നതാണ് കാണുന്നത്. മുമ്പ് ടാഡയും പോട്ടയും ഭീതിയുയര്‍ത്തിയ സാഹചര്യത്തില്‍ പോലും സംസ്ഥാനത്ത് അത്തരം വകുപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചതായി കാണാനാവില്ല. അതേസമയം സംസ്ഥാനത്ത് ഇതുവരെ 52 കേസുകളാണ് യു.എ.പി.എ പ്രകാരം ചുമത്തപ്പെട്ടിട്ടുള്ളത്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട മലയാളികളില്‍ ബഹുഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ് എന്നത് കരിനിയമത്തിന്റെ കൃത്യമായ ദുരുപയോഗം തെളിയിക്കുന്നതാണ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചുമത്തപ്പെട്ട കേസുകളല്ല ഇവയിലധികവും. പലരെയും സംശയത്തിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പിടികൂടിയിട്ടുള്ളത്. കരിനിയമങ്ങള്‍ ചുമത്തുന്നതിനുള്ള ആനുകൂല്യങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളതും ഇതിനാലാണ്.
സംഘ്പരിവാറിന്റെ സ്വപ്നത്തിലെ ‘മുസ്്ലിം രഹിത’ ഇന്ത്യയുടെ പൂര്‍ത്തീകരണത്തിനായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം തള്ളിക്കളയാനാവില്ല. ഉന്നതതലം മുതല്‍ താഴേതലം വരെ ഇത്തരം ചിന്താധാരയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഫാസിസം അതീവ ജാഗ്രതയാണ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫാഷിസത്തെ അതിന്റെ അടിത്തറയില്‍ നിന്നും മനസിലാക്കിയാല്‍ ഇക്കാര്യത്തില്‍ ആശ്ചര്യപ്പെടാനില്ല എന്ന കാര്യം ബോധ്യമാകും. രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്ലാമോഫോബിയ ചെലുത്തിയ സ്വാധീനം രാജ്യത്ത് സംഘ്പരിവാറുകള്‍ ഫലപ്രദമായി ഉപയോഗിച്ചത് ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ്. അവരുടെ സ്വപ്നങ്ങളില്‍ ചാഞ്ഞുറങ്ങുകയായിരുന്ന ഈ സൈദ്ധാന്തിക ചിന്തകളെ തൊട്ടുണര്‍ത്താനുള്ള അവസരങ്ങള്‍ പിന്നീട് പരമാവധി പ്രായോഗികവത്കരിക്കുന്നതാണ് രാജ്യം കണ്ടത്.
വേള്‍ഡ് ട്രേഡ്് സെന്റര്‍ ആക്രമണത്തിന്റെ ഇന്ത്യന്‍ പതിപ്പെന്നു വിശേഷിപ്പിക്കപ്പെട്ട മുംബൈ ആക്രമണത്തിനു ശേഷമാണ് കരിനിയമങ്ങളിലൂടെ ഒരു സമുദായത്തെ അരികുവത്കരിക്കുന്നതിനു വേണ്ടിയുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നത്. അഫ്സ്പക്കും മോക്കക്കും പോട്ടക്കും ടാഡക്കും ശേഷം പാര്‍ശ്വവത്കൃത സമൂഹങ്ങളുടെമേല്‍ അടിച്ചേല്പിച്ച പ്രത്യേക പദവിയുള്ള മറ്റൊരു നിയമമായി യു.എ.പി.എ കടന്നുവരികയായിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (യു.എ.പി.എ) ചുമത്തപ്പെടുന്ന പല കേസുകളും പക്ഷംപറ്റുന്നത് യാഥാര്‍ത്ഥ്യമായി തുടരുകയാണ്.
1967ലെ ഭീകര വിരുദ്ധ നിയമ വ്യവസ്ഥകളില്‍ പലതും കൂട്ടിച്ചേര്‍ത്ത് കര്‍ശനമാക്കിയ 2004 മുതല്ക്കാണ് ഈ കരിനിയമം അതിന്റെ തനിസ്വരൂപം പുറത്തുകാണിക്കാന്‍ തുടങ്ങിയത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന കരിനിയമങ്ങളുടെ അനുഭവം തന്നെയാണ് യു.എ.പി.എക്കും വരാനുള്ളതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 1987ല്‍ അടിച്ചേല്പിച്ച ടാഡയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടത് 76,000ത്തോളം പേരായിരുന്നു. അവരില്‍തന്നെ 15 ശതമാനം പേര് മാത്രമാണ് വിചാരണക്കു വിധേയരായത്. അതില്‍ 13 ശതമാനം പേരെ കോടതി വെറുതെവിട്ടു. അതുകൊണ്ട് തന്നെ യു.എ.പി.എ ടാഡയെ പോലെ ദുര്‍ബലരുടെ മേലെ രാഷ്ട്രീയ ഉന്നംവെച്ച് ചുമത്തുന്ന നിയമമാണെന്ന് വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. പോട്ടയുടെയും മോക്കയുടെയും സ്ഥിതി ഇതില്‍ നിന്നു വ്യത്യസ്തമല്ല. യു.എ.പി.എ പ്രകാരം കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 75 ശതമാനവും മുസ്ലിംകളാണ്. അറസ്റ്റ് ചെയ്യപ്പെട്ട 124 മലയാളികളില്‍ 98 പേരും മുസ്ലിംകള്! എത്ര വിവേചനപരമായാണ് ഒരു സുപ്രധാന നിയമത്തിന്റെ പ്രയാണമെന്നോര്‍ക്കണം.
നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ അലയൊലികളെത്തിയത് അധികാരികളിലൂടെയാണെന്നു കരുതാനാവില്ല. അതിലുപരി ഉദ്യോഗസ്ഥരിലൂടെയാണ് ഈ കരിനിയമങ്ങളുടെ ക്രൂരമായ കടന്നുവരവ് കണ്ടുതുടങ്ങിയത്. പക്ഷേ, കേരളത്തിന്റെ സാഹചര്യത്തില്‍ ഈ ജനവിരുദ്ധ നിയമം എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്നതിനെകുറിച്ച് കുറെക്കൂടി വ്യത്യസ്തമായിത്തന്നെ ചര്‍ച്ച നടക്കേണ്ടതുണ്ട്. പല കേസുകളിലും പരാതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി കൈക്കൊള്ളാത്ത പൊലീസ് സംവിധാനത്തില്‍ നിന്നു തന്നെയാണ് ഒരു സമുദായത്തിനു നേരെ പരാതിയില്ലെങ്കില്‍ പോലും തീവ്രവകുപ്പുകള്‍ ചേര്‍ത്ത് കുറ്റംചാര്‍ത്താന്‍ പൊലീസ് വ്യഗ്രത കാണിക്കുന്നത് പതിവാകുന്നത്. ഇത് വകവച്ചുകൊടുത്തുകൂട. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പോലും ഇത്തരക്കാരെ അമര്‍ച്ച ചെയ്യുന്നതില്‍ നിസ്സഹായനായി നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗിന്റെ ജനജാഗരണങ്ങള്‍ പ്രസക്തമാകുന്നത്. കരി നിയമങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് ആദ്യം പറഞ്ഞ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. പാര്‍ലമെന്റിലും നിയമസഭയിലും പൊതു ഇടങ്ങളിലുമെല്ലാം മുസ്ലിംലീഗ് സുവ്യക്തമായ നിലപാട് വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. രാഷ്ട്ര നിര്‍മിതിക്കു വേണ്ടി ത്യാഗോജ്ജ്വലമായി നിലകൊണ്ട ഒരു സമുദായത്തെ ഭീകരവാദികളാക്കി മുദ്രകുത്താനും അതിലൂടെ അരികുവത്കരിക്കാനുമുള്ള ഏതു ശ്രമങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെയും തനിമയെയും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഫാസിസ്റ്റ് ഭൂതങ്ങള്‍ പൊലീസ് സേനയിലുണ്ടാകാന്‍ പാടില്ല.
ഒന്നിന്റെ നാശം ഉറപ്പുവരുത്തിയിട്ടേ അടുത്ത ‘വേട്ട’ ആരംഭിക്കുകയുള്ളൂ എന്നതാണ് ഫാസിസത്തിന്റെ രസതന്ത്രം. ഇതിനാല്‍ ഇപ്പോള്‍ മുസ്ലിം സമൂഹത്തിന്റെ ജീവിത പരിസരങ്ങളില്‍ മാത്രം കേള്‍ക്കുന്ന ഫാഷിസ്റ്റ് ‘ഒച്ചപ്പാടു’കള്‍ നാളെ എല്ലായിടത്തുമെത്തും. അതിനു മുമ്പ് എല്ലാം മറന്ന് ധീരമായ ചെറുത്തുനില്‍പ്പ് നടത്തേണ്ട സമയമാണിതെന്ന തിരിച്ചറിവിലേക്കാണ് മതേതര കേരളം ഉണരേണ്ടത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala2 days ago
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്