ലണ്ടന്‍: ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് കൊണ്ടാണ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് അറിയപ്പെടുന്നത്. യുവരാജ് സിങ് ഒരോവറിലെ എല്ലാ പന്തും സിക്‌സര്‍ പായിച്ച ബൗളറായിരുന്നു ബ്രോഡ്. ആ റെക്കോര്‍ഡിന്റെ നാണക്കേട് മറ്റൊരു റെക്കോര്‍ഡ് കൊണ്ട് തിരുത്തുകയാണ് താരം. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ താരമെന്ന റെക്കോര്‍ഡിലേക്കാണ് ബ്രോഡ് പന്തെറിഞ്ഞത്.
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രോഡ് റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്തത്. സഹ പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്. 800 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. ടെസ്റ്റിലെ മൂന്നാമത്തെയും 2013നുശേഷമുള്ള ആദ്യത്തെയും 10 വിക്കറ്റ് നേട്ടം ബ്രോഡിന്റെ ഈ റെക്കോര്‍ഡ് പ്രകടനത്തിന് ഇരട്ടിമധുരം പകരുന്നു.
നേരത്തെ, 2017ല്‍ ലോര്‍ഡ്‌സില്‍വച്ചാണ് ആന്‍ഡേഴ്‌സന്‍ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടംനേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായത്. അന്ന് വെസ്റ്റിന്‍ഡീസിനെതിരെ ബ്രാത്വയ്റ്റിനെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സനും റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതെന്നത് കൗതുകമായി. അതേ എതിരാളികള്‍ക്കെതിരെ, അതേ താരത്തെ പുറത്താക്കിയാണ് ഇന്ന് ബ്രോഡും 500 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ചത്. 44 പന്തില്‍ മൂന്നു ഫോറുകള്‍സഹിതം 19 റണ്‍സെടുത്ത ബ്രാത്വയ്റ്റിനെ ബ്രോഡ് എല്‍ബിയില്‍ കുരുക്കി. ജോണ്‍ കാംബല്‍, കെമര്‍ റോച്ച് എന്നിവരെ പുറത്താക്കിയാണ് 498, 499 വിക്കറ്റുകള്‍ നേടിയത്.