ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലും പാരീസ് സെന്റ് ജര്‍മയ്‌നും എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത് ഗ്രൂപ്പ് എയില്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കാനായാണ്. ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലായിരിക്കും തങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി തീര്‍ക്കുകയെന്നാണ് പി.എസ്.ജി താരം എയ്ഞ്ചല്‍ ഡി മരിയ പറയുന്നത്. പ്രത്യാക്രമണകാര്യത്തില്‍ ആഴ്‌സണല്‍ മറ്റേത് ടീമിനേക്കാളും മികവ് പ്രകടപ്പിക്കുന്നവരാണെന്നും ഓസിലായിരിക്കും തങ്ങള്‍ക്ക് വലിയ വെല്ലുവിളിയെന്നും മരിയ പറയുന്നു.

രണ്ടു മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറില്‍ ഇരു ടീമുകളും തമ്മില്‍ പാര്‍ക് ഡെസ് പ്രിന്‍സസില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇരു ടീമുകളും രണ്ടാം റൗണ്ട് പ്രവേശം ഉറപ്പാക്കിയിട്ടുണ്ട്. ആഴ്‌സന്‍ വെംഗറുടെ സംഘത്തിനെതിരെ കടന്നു കയറാമെന്ന ആത്മ വിശ്വാസം ടീമിനുണ്ടെന്ന് എയ്ഞ്ചല്‍ ഡി മരിയ പറയുന്നു. മികച്ച കളിക്കാരുള്ള പി.എസ്.ജി ശക്തമായ ടീം തന്നെയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ലാലീഗയിലെ രണ്ടാം സ്ഥാനക്കാരായ ബാര്‍സക്ക് സ്‌കോട്ടിഷ് ക്ലബ്ബ് സ്‌കെല്‍റ്റിക്കാണ് എതിരാളികള്‍.

സെപ്തംബറില്‍ നൗകാമ്പില്‍ നടന്ന ആദ്യ റൗണ്ടില്‍ സ്‌കെല്‍റ്റിക്കിനെതിരെ 7-0ന്റെ ആധികാരിക വിജയം ബാഴ്‌സ നേടിയിരുന്നു. നാലു മത്സരങ്ങള്‍ കളിച്ച സ്‌കെല്‍റ്റിക്കിന് ഇതുവരെ ഒരു മത്സരത്തില്‍ പോലു വിജയിക്കാനായിട്ടില്ല. ഇന്നു നടക്കുന്ന മറ്റു മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് റഷ്യന്‍ ടീം റോസ്‌തോവിനേയും ബെനഫിക തുര്‍ക്കി ക്ലബ്ബ് ബെസിക്താസിനേയും ബേസല്‍ ലുഡോഗോററ്റസിനേയും നാപോളി ഡൈനാമോ കീവിനേയും , അത്‌ലറ്റിക്കോ മാഡ്രിഡ് പി.എസ്.വിയേയും നേരിടും.