ബീജിങ്: ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് രണ്ട് ശാസ്ത്രജ്ഞരെ ടിയാന്‍ഗോങ് 2 ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തില്‍നിന്ന് രാവിലെ 7.30നാണ് ഷെന്‍സൗ 11 ബഹിരാകാശ പേടകം കുതിച്ചുയര്‍ന്നത്. ബഹിരാകാശ യാത്രികരായ ജിങ് ഹെയ്‌പെങും ഷെന്‍ ഡോങുമാണ് പേടകത്തിലുള്ളത്. രണ്ടു ദിവസത്തിനകം ഇവര്‍ ടിയാന്‍ഗോങ് രണ്ട് നിലയത്തിലെത്തും. ഇരുവരും 20 ദിവസം നിലയത്തില്‍ തങ്ങും. 49കാരനായ ജിങ് ഹെയ്‌പെങിന് നേരത്തെ രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയമുണ്ട്.

ബഹിരാകാശത്ത് ചെടികളുടെ വളര്‍ച്ച വിശകലനം ചെയ്തും സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചും ഒരുമാസക്കാലം ബഹിരാകാശ നിലയത്തില്‍ പരീക്ഷണ നിക്ഷീണങ്ങളില്‍ മുഴുകും. 2003ലാണ് ചൈന ആദ്യമായി ബഹിരാകാശത്തേക്ക് ആളെ അയച്ചത്. 2013ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 ബഹിരാകാശ ലബോറട്ടറിയില്‍ ചെലവഴിച്ചിരുന്നു. ടിയാന്‍ഗോങ് 1 പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ടിയാന്‍ഗോങ് 2 സ്ഥാപിച്ചത്. ഉപേക്ഷിക്കപ്പെട്ട ടിയാന്‍ഗോങ് 1 അടുത്ത വര്‍ഷം ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലോകത്തെ സൈനിക ശക്തികളിലൊന്നായ ചൈന ബഹിരാകാശ രംഗത്തും കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

അമേരിക്കക്കും റഷ്യക്കും പിന്നാലെ ബഹിരാകാശനിലയം സ്ഥാപിച്ച് ആളെ അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ബഹിരാകാശ രംഗത്ത് ചൈന നേടിയ നേട്ടങ്ങളെല്ലാം സ്വപ്രയത്‌നഫലമാണ്. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ബഹിരാകാശ ഗവേഷണങ്ങളില്‍നിന്നെല്ലാം ചൈനയെ അകറ്റിനിര്‍ത്തുകയാണ് അമേരിക്ക ചെയ്തിരുന്നത്. ബഹിരാകാശ നിലയങ്ങളും അനുബന്ധ ഗവേഷണങ്ങളും ചൈന സൈനിക ആവശ്യത്തിന് ഉപയോഗിച്ചേക്കുമെന്നാണ് അമേരിക്കയുടെ ആരോപണം. 2020ഓടെ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം.