തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്റെ സീറ്റ് ഒന്നാം നിരയില്‍ നിന്ന് രണ്ടാം നിരയിലേക്ക്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപത്ത് രണ്ടാമനായിട്ടായിരുന്നു ജയരാജന്റെ സ്ഥാനം. രണ്ടാം നിരയില്‍ എസ് ശര്‍മയുടെ ബഞ്ചിലാണ് ജയരാജന്‍ സീറ്റ് അനുവദിച്ചത്. മന്ത്രി എ.കെ ബാലന് ജയരാജന്റെ സീറ്റ് കിട്ടി.

ബാലന്‍ ഇരുന്ന ഒന്നാം നിരയിലെ സീറ്റ് രണ്ടാം നിരയിലിരുന്ന മന്ത്രി ജി.സുധാകരന് കിട്ടി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വിഷയത്തെ ചൊല്ലി കഴിഞ്ഞ അഞ്ചാം തിയതി പിരിഞ്ഞ സഭ പൂജാ അവധിക്ക് ശേഷം ഇന്നലെയാണ് ചേര്‍ന്നത്. രാജിക്ക് ശേഷമുള്ള ജയരാജന്റെ ആദ്യനിയമസഭാദിനവും ശ്രദ്ധേയമായി. ചോദ്യോത്തരവേള തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പു തന്നെ അദ്ദേഹം സഭയിലെത്തി. നേരെ പുതിയ ഇരിപ്പിടത്തിലേക്ക്. ഇതിനിടെ കുശലാന്വേഷണവുമായെത്തിയ സഹപ്രവര്‍ത്തകരോട് സുസ്‌മേരവദനനായി മറുപടി നല്‍കി. മന്ത്രി എ.കെ ബാലനും ഇടയ്ക്ക് ഇ.പിയുടെ സമീപമെത്തി.