Connect with us

Video Stories

സംവരണം: പുറത്താകുന്നത് ആര്‍.എസ്.എസ് അജണ്ട

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സര്‍ക്കാര്‍അനുബന്ധ സര്‍വീസിലെ തൊഴിലുകളില്‍ സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കിയുള്ള സംവരണത്തിന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ഒരു മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നാലു മന്ത്രിമാര്‍ ബഹിഷ്‌കരിച്ച മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ ദേവസ്വംബോര്‍ഡ് ഓഫീസുകളില്‍ മുന്നാക്ക ജാതിയില്‍പെട്ടവര്‍ക്ക് കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സാമുഹിക നേതാക്കളുടെയും നിയമ വിദഗ്ധരുടെയും കൂലങ്കഷമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട ‘സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍’ ക്കുള്ള തൊഴില്‍ സംവരണത്തെ തകിടം മറിക്കുന്നതും രാജ്യത്തെ നിലവിലെ സാമൂഹിക സംവിധാനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായൊരു തീരുമാനം നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനമായ ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങനെ അധികാരവും ധൈര്യവും കൈവന്നു ?
ദേവസ്വം ഓഫീസുകളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് അതത് റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എല്ലാസര്‍ക്കാര്‍ വകുപ്പുകളിലും ഇതേരീതിയില്‍ സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിലും ഒരുപരിധികൂടി കടന്നുകൊണ്ട്, രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുംവരെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രം നിയമനമുള്ള സംസ്ഥാനത്തെ വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും ഇതേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വിതണ്ഡവും വിഡ്ഢിത്തം നിറഞ്ഞതും ഭരണഘടനാലംഘനപരവുമായ ഈ തീരുമാനം ജനങ്ങളും രാഷ്ട്രീയ കക്ഷികളും തമസ്‌കരിക്കുമെന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വലിയ വിനയായിക്കഴിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുമതത്തില്‍പെട്ടവര്‍ക്കു മാത്രമാണ് തൊഴില്‍ സംവരണം ചെയ്തിരിക്കുന്നത് എന്നതിനാലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിനെട്ടു ശതമാനം ഹിന്ദു വിഭാഗങ്ങള്‍ക്കായി നല്‍കുന്നതെന്നാണ ്പിണറായി സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ മറ്റു പിന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും മൂന്നു വീതവും പട്ടിക വിഭാഗങ്ങള്‍ക്ക് രണ്ടും ശതമാനം സംവരണം വര്‍ധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ നിയമപരമായ അധികാരം റദ്ദാക്കപ്പെടാനുള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ മുഖ്യമന്ത്രി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരിക്കുന്നത് തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നാണ്. സമൂഹത്തിലെ എണ്‍പതു ശതമാനത്തിലധികം വരുന്ന ജനത ഇതുകേട്ട് വായ് മൂടിക്കെട്ടി പിരിഞ്ഞുപോകണമെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും പറയുന്നത്.
സത്യത്തില്‍ രാജ്യത്തിന്റെ ഭരണഘടനാനിര്‍മാണസഭയുടെ തീരുമാനപ്രകാരം അതിന്റെ ചെയര്‍മാനായിരുന്ന ദലിത് നേതാവും നിയമജ്ഞനുമായ ഡോ. ബി.ആര്‍ അംബേദ്കറാണ് അതിതീക്ഷ്ണമായ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് പിച്ചവെച്ചുവരുന്നതിനായി തൊഴില്‍ സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ പൗരന്മാര്‍ക്കെല്ലാം തുല്യനീതി എന്ന പതിനാലാം വകുപ്പിന്റെ ലംഘനമല്ലേ ഇതെന്ന് അന്നുതന്നെ വിമര്‍ശനങ്ങളുണ്ടായെങ്കിലും ജാതിമേല്‍ക്കോയ്മയുടെ കരാളഹസ്തങ്ങള്‍ക്കടിയില്‍പെട്ട് പിന്തള്ളപ്പെട്ടുകിടക്കുന്നവരെ സര്‍ക്കാര്‍തന്നെ പ്രത്യേകമായി കൈപിടിച്ചുയര്‍ത്തിയില്ലെങ്കില്‍ രാഷ്ട്ര പുനര്‍നിര്‍മാണം അസാധ്യമാണെന്ന വാദമാണ് ദീര്‍ഘദൃക്കുകളായ രാഷ്ട്രനേതാക്കള്‍ അംഗീകരിച്ചതും ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് അനുഛേദം പതിമൂന്നിലൂടെ രേഖപ്പെടുത്തിവെച്ചതും. പട്ടിക ജാതിവര്‍ഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, സംസ്ഥാനങ്ങളിലെ മതിയായ പങ്കുലഭിക്കാത്ത സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംവരണം നല്‍കാമെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിലെവിടെയും മുന്നാക്കസമുദായമെന്ന് പറയുന്നേയില്ലെന്നത് സുപ്രധാനമാണ്.
സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസവായു ശ്വസിച്ചുതുടങ്ങി എഴുപതാണ്ടുപിന്നിടുമ്പോഴും മേല്‍പറഞ്ഞ സ്ഥിതി സമത്വം കൈവരിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കേരളത്തിലെയടക്കം എഴുപതു ശതമാനത്തോളം ദരിദ്രരും പട്ടികജാതിവര്‍ഗത്തില്‍പെട്ടവരും പിന്നാക്കവിഭാഗങ്ങളുമാണെന്ന കണക്കുകള്‍. എന്നാല്‍ ഇതിനെയെല്ലാം തിരസ്‌കരിച്ച് ഒളിഞ്ഞും തെളിഞ്ഞും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ തീവ്രവര്‍ഗീയ കക്ഷിയായ ബി.ജെ.പി മുതല്‍ സി.പി. എം വരെയുണ്ട്. ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സമാനരീതിയില്‍ സാമ്പത്തിക സംവരണത്തിന് മുതിര്‍ന്നപ്പോള്‍ ഉന്നതനീതിപീഠം തന്നെ അതിലിടപെട്ട് നടത്തിയ വിധി പ്രസ്താവം ശ്രദ്ധേയവും വിധിനിര്‍ണായകവുമാണ്. അനുചിതവും ഭരണഘടനാവിരുദ്ധവും എന്ന വാക്കുകളുപയോഗിച്ചാണ് ബി.ജെ. പിയുടെ നയത്തെ സുപ്രീംകോടതി റദ്ദാക്കിയത്. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ മറ്റു പിന്നാക്കജാതിക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെതിരെ രാജ്യം മുഴുവന്‍ വര്‍ഗീയാഗ്നി ഇളക്കിവിട്ട, അയിത്തം ഇന്നും അലങ്കാരമായി കൊണ്ടുനടക്കുന്ന ആര്‍.എസ്. എസ്സിന്റെ വഴിയേ ആണ് സി.പി.എം ഇപ്പോള്‍ സഞ്ചരിക്കുന്നത്. കാലങ്ങളായി സാമ്പത്തിക സംവരണത്തെക്കുറിച്ച് വാതോരാതെ വാദിച്ചുവരുന്ന തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ ഉന്നതശ്രേണിയിയില്‍ ഏതാണ്ടെല്ലാവരുംതന്നെ മുന്നാക്ക ജാതികളില്‍പെട്ടവരും താഴേക്കിടയിലുള്ളവരുടെ ആനുകൂല്യങ്ങളില്‍ അസ്‌ക്യത ഉള്ളവരുമാണ്. ഭൂപരിഷ്‌കരണം മുതലുള്ള ഇടതുനടപടികളില്‍ പ്രതിഫലിച്ചതും ഇതായിരുന്നു. ഫലമോ, പട്ടികജാതിക്കാരും ഈഴവാദി പിന്നാക്കക്കാരുമൊക്കെ ഇന്നും സി.പി. എമ്മിന്റെ എന്തും വിഴുങ്ങുന്ന വോട്ടുബാങ്ക്. നാരായണ ഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട മണ്ണിലാണ് കമ്യൂണിസം വിളകൊയ്തതെന്നത് സൗകര്യപൂര്‍വം മറന്നുപോകുകയാണ്. മുസ്്‌ലിംകളാദി പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍സര്‍വീസില്‍ തൊഴില്‍സംവരണം എന്നത് ഇന്നും അര്‍ഹമായ വിധത്തില്‍ പ്രാപ്യമാക്കപ്പെട്ടിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുസര്‍ക്കാര്‍ നടപടിക്ക് ഒരു സംഘടന പ്രശംസാവാകങ്ങളുമായി രംഗത്തുവന്നത് വലിയ സൂചനയാണ്. കേരളത്തിലെ ഇരുമുന്നണികളിലുമായി വീതിച്ചുപോകുന്നൊരു വിഭാഗത്തിന്റെ വോട്ടിനെ സ്ഥിരമായി തങ്ങളുടെ കുറ്റിയില്‍ കെട്ടിയിടാമെന്ന മിഥ്യാബോധമായിരിക്കാം മാര്‍ക്‌സിസ്റ്റ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചിരിക്കുക. അതിനവര്‍ മുന്നോട്ടുവെക്കുന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയെ ആണെന്നത് ഒരു മത ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വിരോധാഭാസനടപടിയായേ കാണാനാകൂ.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending