റിയാദ്: പതിനാല് മാസമായി ശമ്പളമില്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുളള 45 ഇന്ത്യക്കാര്‍ യമന്‍-സഊദി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. ഹൂഥികളുടെ ഷെല്‍ ആക്രമണ ഭീഷണി ഉളളതിനാല്‍ ഭീതിയോടെയാണ് തൊഴിലാളികള്‍ കഴിയുന്നത്. മരുഭൂമിയിലൂടെ പുതുതായി തുറന്ന റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് രക്ഷപ്പെട്ട് റിയാദിലെത്തിയ കൊല്ലം പാരിപ്പളളി സുനില്‍ നിവാസില്‍ സനോജ് മോഹനന്‍ (31), തിരുവനന്തപുരം മുതുവിള പരപ്പില്‍ ബിജു ഭവനില്‍ റിജു രാജന്‍ ബാബു (43) എന്നിവര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.

ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയച്ചു. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.നജ്‌റാനില്‍ നിന്ന് 850 കിലോ മീറ്റര്‍ ഉള്‍പ്രദേശത്ത് അല്‍ഖര്‍ഹീറിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ബിന്‍ ലാദന്‍ കമ്പനിയുടെ തൊഴില്‍ വിസയിലെത്തിയ തൊഴിലാളികളെ പിന്നീട് ദുബൈ ആസ്ഥാനമായ സബ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തൊഴിലാളികളുടെ അനുമതിയില്ലാതെയാണ് സ്‌പോണ്‍സര്‍ഷിപ് മാറ്റിയതെന്നും ഇവര്‍ ആരോപിച്ചു. തൊഴിലാളികളുടെ ഇഖാമ കാലാവധി കഴിഞ്ഞു.

അതുകൊണ്ടുതന്നെ ഇന്‍ഷൂറന്‍സ് കാര്‍ഡ് പരിരക്ഷ ഇല്ലാത്തതിനാല്‍ ചികിത്സയും ലഭ്യമല്ല. നെഞ്ചുവേദനയെ തുടര്‍ന്ന് പലതവണ ആസ്പത്രിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശി രജ്ഞിത് സിംഗ് ചികിത്സ ലഭിക്കാതെ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. രണ്ടുമാസമായി മൃതദേഹം ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സര്‍വേയറായി ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പിന്‍ അഞ്ചരശേരി മണി ശരത് (31) ടൈഫോയിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. കമ്പനി എക്‌സിറ്റ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് പണം വരുത്തി

ഇഖാമി പുതുക്കി എക്‌സിറ്റ് നേടിയാണ് ചികിത്സക്ക് കേരളത്തിലേക്ക് പോയത്. ഇയാള്‍ക്ക് 85,000 റിയാല്‍ ശമ്പളം കുടിശ്ശികയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. സുരക്ഷിതമായ താമസ സൗകര്യവും ഭക്ഷണവും ടെലിഫോണ്‍ സൗകര്യവുമില്ലാത്ത സ്ഥലത്താണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്. ഹൂഥികളുടെ ഷെല്‍ ആക്രമണം നേരിട്ട നിരവധി സംഭവം ഭീതിയോടെയാണ് ഇവര്‍ ഓര്‍ക്കുന്നത്. ജോലി സ്ഥലത്തേക്കുളള യാത്രാ വേളയില്‍ പലതവണ സൈന്യം സുരക്ഷ മുന്‍നിര്‍ത്തി മടക്കി അയച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇഖാമക്ക് പുറമെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇഖാമയും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ശമ്പളവും ആനുകൂല്യങ്ങളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ സന്നദ്ധമാണ്. എന്നാല്‍ ഇഖാമ പുതുക്കാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിയില്ല. കമ്പനിയുടെ നിസംഗതക്കെതിരെ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.